വിലപ്പെട്ട രണ്ട് വേര്‍പ്പാടുകള്‍...

സി.എച്ച്. മുഹമ്മദ് കോയയുടെ വേദനയൂറുന്ന വേര്‍പാടിന്റെ 38-ാം വാര്‍ഷിക ദിനം കടന്നുവരുന്നതിനിടയിലാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും രാഷ്ട്രീയ തല്‍പ്പരരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി തുടര്‍ച്ചയായ ദിനങ്ങളില്‍ രണ്ടു പ്രമുഖ നേതാക്കളുടെ മരണം സംഭവിച്ചത്. വി.കെ. അബ്ദുല്‍ഖാദര്‍ മൗലവിയും പി.വി. മുഹമ്മദ് അരീക്കോടും കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളായിരുന്നു. അബ്ദുല്‍ഖാദര്‍ മൗലവി സി.എച്ചിനെ പോലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നുവെങ്കില്‍ പി.വി. മുഹമ്മദ് അരീക്കോട് സി.എച്ചിനെ പോലെ കാര്യ പ്രസക്തവും നര്‍മ്മവും കലര്‍ന്ന വാക്കുകളില്‍ ശ്രോതാക്കളെ ഉണര്‍ത്തിയ പ്രഭാഷകനും. പ്രഗല്‍ഭനായ […]

സി.എച്ച്. മുഹമ്മദ് കോയയുടെ വേദനയൂറുന്ന വേര്‍പാടിന്റെ 38-ാം വാര്‍ഷിക ദിനം കടന്നുവരുന്നതിനിടയിലാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും രാഷ്ട്രീയ തല്‍പ്പരരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി തുടര്‍ച്ചയായ ദിനങ്ങളില്‍ രണ്ടു പ്രമുഖ നേതാക്കളുടെ മരണം സംഭവിച്ചത്. വി.കെ. അബ്ദുല്‍ഖാദര്‍ മൗലവിയും പി.വി. മുഹമ്മദ് അരീക്കോടും കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളായിരുന്നു. അബ്ദുല്‍ഖാദര്‍ മൗലവി സി.എച്ചിനെ പോലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നുവെങ്കില്‍ പി.വി. മുഹമ്മദ് അരീക്കോട് സി.എച്ചിനെ പോലെ കാര്യ പ്രസക്തവും നര്‍മ്മവും കലര്‍ന്ന വാക്കുകളില്‍ ശ്രോതാക്കളെ ഉണര്‍ത്തിയ പ്രഭാഷകനും.
പ്രഗല്‍ഭനായ സംഘാടകന്‍, പ്രതിഭാശാലിയായ നേതാവ്, ദീര്‍ഘദര്‍ശിയായ ജനനായകന്‍ എന്നീ നിലകളിലൊക്കെ എതിരാളികളുടെ പോലും ആദരവും അംഗീകാരവും നേടിയ വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വേര്‍പാട് സൃഷ്ടിച്ച നഷ്ടം ചെറുതല്ല. തന്റെ പ്രവര്‍ത്തനം ആളുകള്‍ അറിഞ്ഞേ മതിയാകൂ എന്ന ഒരു വാശിയും ഇല്ലാതെ പതുക്കെ മാത്രം സംസാരിക്കാറുള്ള മൗലവിയുടെ നിശബ്ദ പ്രവര്‍ത്തനത്തിനും മിതഭാഷയ്ക്കും എത്രമാത്രം അംഗീകാരം ഉണ്ടെന്ന് അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ എന്നത് ഒരു ദുഃഖ സത്യം.
കഴിഞ്ഞാഴ്ച മൗലവി സാഹിബ് വിളിച്ചിരുന്നു. ചന്ദ്രിക ക്യാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാനുമായും ഏറെ നേരം സംസാരിച്ചു. അവസാന ശ്വാസം വരെയും കര്‍മ്മനിരതമായിരുന്ന അനുപമമായ ഒരു സമര്‍പ്പിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
1975 ല്‍ ദുബായില്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം തൊട്ട് തുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം. ആ സമയം അദ്ദേഹം അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ മുസ്ലീം ലീഗ് നേതൃനിരയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഞാന്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തില്‍ നിന്ന് കിട്ടിയ ഉപദേശവും പ്രോത്സാഹനവും വലിയ കരുത്തായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിരവധി പരിപാടികളില്‍ എന്നെ പങ്കെടുപ്പിച്ചു. പാര്‍ട്ടി പരിപാടികളില്‍ എം.എല്‍.എ. എന്ന പ്രോട്ടോകോള്‍ ഇല്ല. പാര്‍ട്ടി നേതാക്കന്മാര്‍ തന്നെയാണ് അത്തരം വേദികളില്‍ മുകളില്‍. പാര്‍ട്ടി ചടങ്ങുകള്‍ പോലും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു. ആ വലിയ മനുഷ്യന്റെ മഹത്വവും എളിമയും ഹൃദയവിശാലതയുമാണ് ഇത് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ശുദ്ധ മനസ്‌കതയും സ്‌നേഹശീലവും അനിതരസാധാരണമാണ്. അടുക്കാന്‍ അവസരം കിട്ടിയവരിലെല്ലാം അനിര്‍വചനീയമായ അനുഭൂതി ഉണ്ടാക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൗലവിയുടെ മരണവാര്‍ത്ത എത്തുന്നത്. ഉടനെ ഞങ്ങള്‍ കണ്ണൂരിലേക്ക് പുറപ്പെട്ടു. പ്രവര്‍ത്തകരുടെ ക്ഷേമങ്ങള്‍ ആരായുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്ന നേതാവിനെ മരണശേഷവും ജനങ്ങള്‍ കൈവിടില്ലെന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴികളില്‍ ഉടനീളം കണ്ട ആളുകളും വാഹനങ്ങളും വിളിച്ചോതി. സ്വപ്രയത്‌നത്തിലൂടെ ഉന്നതിയിലെത്തി സാധാരണക്കാരനുവേണ്ടി സ്വജീവിതം ആയുധമാക്കിയ അദ്ദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതുപോലെ കറകളഞ്ഞ മതേതരവാദിയായിരുന്നു. കോവിഡ് പ്രോട്ടോക്കോളും യാത്രാക്ലേശവും ഉണ്ടായിട്ടുപോലും കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കണ്ണൂരിലേക്ക് പ്രവഹിച്ചു. നിരവധിപേര്‍ ഇരുചക്രവാഹനങ്ങളിലാണ് പോയത്. സ്വന്തം ബൈക്ക് ഓടിച്ചു പോയ ഒരു പ്രാദേശിക നേതാവ് പറഞ്ഞത് കണ്ടുമുട്ടുമ്പോഴെല്ലാം പുറത്ത് തട്ടി സുഖമല്ലേ എന്ന് ചോദിക്കുന്ന മൗലവി സാഹിബിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നാണ്. ജീവിത ലാളിത്യത്തിന്റെയും എളിമയുടെയും വഴിയേ സഞ്ചരിച്ച ആ വലിയ മനുഷ്യന്‍ സാധാരണക്കാരനായ അനേകായിരം അണികളുടെ മനസ്സില്‍ മരിക്കാത്ത ഓര്‍മ്മയായി എന്നും നിലനില്‍ക്കും.
ആഴ്ചയിലൊരിക്കലെങ്കിലും മൗലവി സാഹിബ് വിളിക്കും. കാസര്‍കോട്ടെ കാര്യങ്ങള്‍ ആരായും. ഒരു ജനപ്രതിനിധിക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കും. എല്ലാവരെയും കൂട്ടുപിടിച്ച് ഒരുമയോടെ നീങ്ങണം എന്നതായിരുന്നു അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്നത്. മംഗലാപുരം കോളേജുകളില്‍ പ്രവേശനവുമായും അവിടെയുള്ള സ്ഥാപനങ്ങളില്‍ നിയമനവുമായി ബന്ധപ്പെട്ട് പലപ്പോഴും അദ്ദേഹം വിളിക്കും. ജാതി മത രാഷ്ട്രീയത്തിനതീതമായിരുന്നു അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്; എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളില്‍ അബ്ദുല്‍ ഖാദര്‍ മൗലവി ഉയര്‍ത്തിപ്പിടിച്ചതെന്ന്.
ജനങ്ങളുടെ ദുഃഖഭാരം താങ്ങുന്ന അത്താണികള്‍ ആയിരിക്കണം നേതാക്കള്‍. സാധാരണക്കാരുടെ കൂടെ ജീവിക്കാന്‍ അഭിനിവേശം കാട്ടിയ അബ്ദുല്‍ ഖാദര്‍ മൗലവി എപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.
മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പ്രയാണത്തില്‍ അദ്ദേഹത്തിന്റെ അടയാളങ്ങള്‍ അവഗണിക്കാവുന്നതല്ല. അവസാനമായി അദ്ദേഹം ഞങ്ങളോടൊക്കെ സംസാരിച്ചതും ചന്ദ്രികയുടെ കാര്യമായിരുന്നു. ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും ഭംഗിയായി പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹത്തിനു അന്യാദൃശമായ കഴിവുണ്ടായിരുന്നു. മിതഭാഷി ആയിരുന്നെങ്കിലും എങ്ങും ഉണര്‍വ് പരത്തിയ സമര്‍ഥനായ സംഘാടകനായിരുന്നു. ആ നഷ്ടം ഇനിയും കുറേക്കാലം അപരിഹാര്യമായി കിടക്കും.
***
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് തന്നെയാണ് പി.വി. മുഹമ്മദ് അരീക്കോടും വിട പറഞ്ഞിരിക്കുന്നത്. ജനഹൃദയങ്ങളെ ഉണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത മികച്ച ഒരു പ്രഭാഷകന്‍ എന്നതിലുപരി മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കരുത്തേകിയ നേതാവായിരുന്നു അദ്ദേഹം. അരീക്കോട് സാഹിബും എന്നെ നിരന്തരം വിളിക്കുമായിരുന്നു. ചിലപ്പോള്‍ വാട്‌സ്ആപ്പ് മെസേജുകളിലൂടെയായിരിക്കും അദ്ദേഹം ഞങ്ങളെ ഉണര്‍ത്തുക. ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ എന്നെ എപ്പോഴും അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നെപ്പോലെ തന്നെ മുസ്ലിം ലീഗീലെ മുഴുവന്‍ എം.എല്‍.എമാരുടെയും നിയമസഭയിലെ പ്രകടനം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നിയമസഭയില്‍ അവതരിപ്പിച്ച വിഷയങ്ങളും അവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അടക്കം എത്രമാത്രം ഗുണം ചെയ്യുന്നവയുമാണെന്ന് തിരിച്ചറിയുകയും അതേക്കുറിച്ചൊക്കെ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. പി.വി. മുഹമ്മദ് അരീക്കോടിനെ പോലുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നത് നിയമസഭയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ അടക്കമുള്ളവര്‍ക്ക് സഹായകരമായിരുന്നു. ഏതാനും ദിവസം മുമ്പ് വരെ അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നു. വാട്‌സ്ആപ്പില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കും. പ്രവര്‍ത്തനത്തിന് സഹായകമാവുന്ന പോസിറ്റീവ് സന്ദേശങ്ങള്‍ അവയില്‍ നിറഞ്ഞിരിക്കും. മൂന്നാമതും നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ, എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കൂടുതല്‍ ഉത്തരവാദിത്വങ്ങളെ കുറിച്ച് അദ്ദേഹം ഉണര്‍ത്തുമായിരുന്നു. 'നെല്ലിക്കുന്ന് സാഹിബേ, കേരള നിയമസഭയില്‍ നിങ്ങളുടെ റോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കൂടിയിട്ടുണ്ടെന്നും ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവം ഉണ്ടാക്കാന്‍ പാടില്ലെന്നും കഴിയുന്നിടത്തോളം കാര്യങ്ങള്‍ പഠിച്ച് ഗവണ്‍മെന്റിന്റെ നല്ല വശങ്ങളെ അനുകൂലിക്കുന്നതിനോടൊപ്പം തന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ആര്‍ജ്ജവം അങ്ങയ്ക്കുണ്ട് അത് ഫലപ്രദമായി ഉപയോഗിക്കണമെന്നും' പറഞ്ഞ് അരീക്കോട് സാഹിബ് അയച്ച ശബ്ദ സന്ദേശം ഇപ്പോഴും എന്റെ മൊബൈലിലുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഗുണകരമായിട്ടുണ്ട്. പതിറ്റാണ്ടുകളുടെ അനുഭവ ജ്ഞാനത്തില്‍ നിന്ന് അദ്ദേഹം പല കാര്യങ്ങളും എടുത്തു പറയുമ്പോള്‍ അത് പാര്‍ട്ടിയുടെ ചരിത്രമായും പാര്‍ട്ടിയുടെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനും ഉതകുന്നതായിരുന്നു. നര്‍മ്മത്തില്‍ കോര്‍ത്ത് അദ്ദേഹം മണിക്കൂറുകളോളം പ്രസംഗിക്കുമ്പോള്‍ കേള്‍വിക്കാരിലുണ്ടാക്കിയിരുന്ന ആവേശവും അനുഭൂതിയും ചെറുതല്ല. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലും പി.വി. മുഹമ്മദ് അരീക്കോട് പ്രഭാഷണത്തിന് പോകാറുണ്ടായിരുന്നു. നാടാകെ പരന്ന ആ വാക് വൈഭവം നിലച്ചിരിക്കുകയാണ്.

Related Articles
Next Story
Share it