ആദൂര്‍: കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടാര്‍ പോക്കറടുക്കയിലെ അബ്ദുള്‍ നിജാദ്(33), മനാഫ്(32) എന്നിവരെയാണ് ആദൂര്‍ എസ്.ഐ ഉണ്ണികൃഷ്ണന് അറസ്റ്റ് ചെയ്തത്. എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 3.30 മണിയോടെ കുണ്ടാര്‍ പാലത്തിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ കടന്നുവന്ന കാര്‍ പൊലീസ് തടഞ്ഞു. ഇതിനിടെ കാറില്‍ നിന്ന് ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിന്തുടര്ന്നാണ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് 1.04 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. നിജാദും മനാഫും നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ഇവരെ കോടതിയില്‍ ഹാജരാക്കും. എസ്.ഐയെ കൂടാതെ അഡീഷണല്‍ എസ്.ഐ മധുസൂദനന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, അജയ് വില്‍സണ്‍, ഗുരുരാജ്, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.