കാഞ്ഞങ്ങാട്: വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചതായി വിവരം ലഭിച്ചെത്തിയ പൊലീസ് സംഘത്തെ കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തലശ്ശേരി സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അജാനൂര്‍ ഇട്ടമ്മലിലാണ് സംഭവം. തലശ്ശേരി വടക്കുമ്പാട് റിയാസ് ഹൗസില്‍ മുഹമ്മദ് നിഹാല്‍ (29), ബേക്കല്‍ ഇല്ല്യാസ് നഗര്‍ ആമിന മന്‍സിലില്‍ മുഹമ്മദ് മുഹ്‌സിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇട്ടമ്മല്‍ ഹൗസില്‍ അല്‍ത്താഫാണ് ഓടി രക്ഷപ്പെട്ടത്. അല്‍ത്താഫും സുഹൃത്തുക്കളും എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും വില്‍പ്പന നടത്തുന്നതായും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം ഇട്ടമ്മലിലെത്തിയത്. അതിനിടെയാണ് അല്‍ത്താഫ് ഓടിയത്. മറ്റുള്ളവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 1.18 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, ഹൊസ്ദുര്‍ഗ് എസ്.ഐ കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്.