അബ്ദുല്ല ഹാജിയും അര്‍ഷദും വേദനിപ്പിക്കുന്ന രണ്ട് വേര്‍പാടുകള്‍...
ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാര ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മദീന അന്തായിച്ചയുടെ (പി.എച്ച് അബ്ദുല്ല ഹാജി) ഖബറടക്കം നടക്കുന്നതിനിടയില്‍ മുജീബ് തളങ്കരയാണ് 'കെ.എസ് അര്‍ഷദിന് എന്താണ് പറ്റിയതെന്ന്' തിരക്കിയത്. അര്‍ഷദിന്റെ ചില ബന്ധുക്കളേയും ഉറ്റസുഹൃത്തുക്കളേയും ഉടന്‍ തന്നെ ബന്ധപ്പെട്ടുവെങ്കിലും ഒന്നും കണ്‍ഫേം ചെയ്തിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. അല്‍പം കഴിഞ്ഞ് സുഹൃത്ത് ഖലീല്‍ ഉറപ്പിച്ചു; ബംഗളൂരുവിലെ ആസ്പത്രിയില്‍ അര്‍ഷദ് മരണപ്പെട്ടുവെന്നും സഹോദരന്‍ സാദത്ത് അവിടെ എത്തിയിട്ടുണ്ടെന്നും.ഇന്നലെ കാസര്‍കോടിന് ഏറ്റവും വേണ്ടപ്പെട്ട രണ്ടുപേരുടെ മരണം […]
ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാര ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മദീന അന്തായിച്ചയുടെ (പി.എച്ച് അബ്ദുല്ല ഹാജി) ഖബറടക്കം നടക്കുന്നതിനിടയില്‍ മുജീബ് തളങ്കരയാണ് 'കെ.എസ് അര്‍ഷദിന് എന്താണ് പറ്റിയതെന്ന്' തിരക്കിയത്. അര്‍ഷദിന്റെ ചില ബന്ധുക്കളേയും ഉറ്റസുഹൃത്തുക്കളേയും ഉടന്‍ തന്നെ ബന്ധപ്പെട്ടുവെങ്കിലും ഒന്നും കണ്‍ഫേം ചെയ്തിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. അല്‍പം കഴിഞ്ഞ് സുഹൃത്ത് ഖലീല്‍ ഉറപ്പിച്ചു; ബംഗളൂരുവിലെ ആസ്പത്രിയില്‍ അര്‍ഷദ് മരണപ്പെട്ടുവെന്നും സഹോദരന്‍ സാദത്ത് അവിടെ എത്തിയിട്ടുണ്ടെന്നും.ഇന്നലെ കാസര്‍കോടിന് ഏറ്റവും വേണ്ടപ്പെട്ട രണ്ടുപേരുടെ മരണം […]
ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാര ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മദീന അന്തായിച്ചയുടെ (പി.എച്ച് അബ്ദുല്ല ഹാജി) ഖബറടക്കം നടക്കുന്നതിനിടയില്‍ മുജീബ് തളങ്കരയാണ് 'കെ.എസ് അര്‍ഷദിന് എന്താണ് പറ്റിയതെന്ന്' തിരക്കിയത്. അര്‍ഷദിന്റെ ചില ബന്ധുക്കളേയും ഉറ്റസുഹൃത്തുക്കളേയും ഉടന്‍ തന്നെ ബന്ധപ്പെട്ടുവെങ്കിലും ഒന്നും കണ്‍ഫേം ചെയ്തിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. അല്‍പം കഴിഞ്ഞ് സുഹൃത്ത് ഖലീല്‍ ഉറപ്പിച്ചു; ബംഗളൂരുവിലെ ആസ്പത്രിയില്‍ അര്‍ഷദ് മരണപ്പെട്ടുവെന്നും സഹോദരന്‍ സാദത്ത് അവിടെ എത്തിയിട്ടുണ്ടെന്നും.
ഇന്നലെ കാസര്‍കോടിന് ഏറ്റവും വേണ്ടപ്പെട്ട രണ്ടുപേരുടെ മരണം സൃഷ്ടിച്ച ആഘാതം ചെറുതല്ല. ഒരാള്‍ കാസര്‍കോടിന്റെ വാണിജ്യ മേഖലയില്‍ നിറഞ്ഞുനില്‍ക്കുകയും എല്ലാവരേയും സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്ത, പൗരപ്രമുഖനായിരുന്ന മദീന അന്തായിച്ച. മറ്റൊരാള്‍ കെ.എസ്. അബ്ദുല്ലയുടെ പ്രിയപുത്രനും എല്ലാവരാലും പ്രിയങ്കരനുമായ കെ.എസ് അര്‍ഷദും.
ഒരുപാട് നന്മകളും ഗുണങ്ങളും കൊണ്ട് ജീവിതത്തെ പൊലിപ്പിച്ച വ്യക്തിത്വമാണ് മദീന അന്തായിച്ച. സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വിനയവും സൗമ്യതയും ചുണ്ടില്‍ എപ്പോഴും വിരിഞ്ഞിരുന്ന പുഞ്ചിരിയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ചുരുങ്ങിയ വാക്കുകളില്‍ വലിയ സ്‌നേഹം ചുരത്തിയ ഒരു മനുഷ്യ സ്‌നേഹി. അദ്ദേഹത്തിന്റെ വാക്കുകളില്‍ വല്ലാത്തൊരു സ്‌നേഹം നിറഞ്ഞൊഴുകിയിരുന്നു. വിദ്യാനഗറിലെ നൂര്‍ മസ്ജിദില്‍ ഞാന്‍ ളുഹര്‍ നിസ്‌കാരത്തിന് ചെല്ലുമ്പോഴൊക്കെ അദ്ദേഹത്തെ സ്ഥിരമായി കാണുമായിരുന്നു. ഹൃദയം നിറയ്ക്കുന്ന പുഞ്ചിരിയുമായല്ലാതെ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. പ്രായാധിക്യത്തിന്റെ അവശതയിലും നേരാനേരങ്ങളില്‍ പള്ളിയിലെത്തി ആരാധനാകര്‍മ്മം നിര്‍വഹിക്കാന്‍ അബ്ദുല്ലഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നില്‍ക്കാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും ഒരുകൈ മതിലിനോട് ചേര്‍ത്തുപിടിച്ച് നിന്നുതന്നെ നിസ്‌കരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നോടെന്നല്ല, എല്ലാവരോടും അദ്ദേഹത്തിന് പ്രത്യേക വാത്സല്യമായിരുന്നു. കാസര്‍കോടിന്റെ ഒരു മതേതര മുഖമായാണ് ഞങ്ങളൊക്കെ പി.എച്ച് അബ്ദുല്ല ഹാജിയെ കണ്ടിരുന്നത്. തന്റെ ആത്മമിത്രവും കാസര്‍കോട്ടെ വാണിജ്യ പ്രമുഖനുമായ ഹരിറായ കാമത്തുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം ആസ്വാദ്യകരമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടയില്‍ സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും മറക്കാനാവുന്നതല്ല. ആത്മബന്ധത്തിന്റെ മധുരതരമായ അടയാളങ്ങളായിരുന്നു അബ്ദുല്ല ഹാജിയും ഹരിറായ കാമത്തും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുല്ല ഹാജിയുടെ മരുമകന്‍ (മകളുടെ ഭര്‍ത്താവ്) ടി.എ ഷാഹുല്‍ ഹമീദ് എനിക്ക് അയച്ചുതന്നെ ഒരു ഫോട്ടോയില്‍ ആ സൗഹൃദത്തിന്റെ അടയാളങ്ങള്‍ തുടിച്ചുനിന്നിരുന്നു. ഹരിറായ കാമത്തിന്റെ പൗത്രന്‍ ഡോക്ടര്‍ ബിരുദം നേടി പുറത്തിറങ്ങുന്നു. താന്‍ ആരെയാണ് ആദ്യമായി ചികിത്സിക്കേണ്ടതെന്ന് ഡോക്ടര്‍ അച്ഛനോട് തിരക്കിയപ്പോള്‍ പി.എച്ച് അബ്ദുല്ല ഹാജിയെ അല്ലാതെ മറ്റൊരാളേയും നിര്‍ദ്ദേശിക്കാനില്ലായിരുന്നു. ഡോക്ടര്‍ നേരെ അബ്ദുല്ല ഹാജിയെ തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു. പരിശോധിക്കുന്നു. അബ്ദുല്ല ഹാജി ഡോക്ടര്‍ക്കുള്ള ആദ്യത്തെ ഫീസ് നല്‍കുന്നു. മത സൗഹാര്‍ദ്ദത്തിന്റെയും ആത്മബന്ധത്തിന്റെയും ഇത്തരം അടയാളങ്ങള്‍ അബ്ദുല്ല ഹാജിയുമായി ബന്ധപ്പെട്ട് പറയാന്‍ ഏറെയുണ്ടാവും. തികഞ്ഞ മതവിശ്വാസിയായിരിക്കുമ്പോഴും എല്ലാവിധ മതസ്ഥരുമായി വലിയ അടുപ്പവും സ്‌നേഹവും പുലര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്യാനഗര്‍ നൂര്‍ മസ്ജിദിന്റെ നിര്‍മ്മാണത്തിലും പുതിയ ബസ് സ്റ്റാന്റിലെ അന്‍സാര്‍ മസ്ജിദിന്റെ പുരോഗതിയിലും അബ്ദുല്ല ഹാജിയുടെ കയ്യൊപ്പുണ്ടായിരുന്നു.
ഇന്നലെ മയ്യത്ത് നിസ്‌കാരത്തിന് സ്വഫ് നില്‍ക്കുന്നതിനിടയില്‍ പി.എ സത്താര്‍ ഹാജി പള്ളിക്കാല്‍ വാതോരാതെ ഇക്കാര്യം പറയുന്നുണ്ടായിരുന്നു.
അബ്ദുല്ല ഹാജി തളങ്കര പടിഞ്ഞാര്‍ സ്വദേശിയാണ്. അദ്ദേഹവും സഹോദരങ്ങളും ചേര്‍ന്ന് വിദ്യാനഗര്‍ കേന്ദ്രീകരിച്ച് ഒരു മരമില്ല് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന് തിരഞ്ഞെടുത്ത പേര് പ്രവാചക നഗരിയുടേതായിരുന്നു. മദീന എന്ന പേര് പിന്നീട് അവരുടെ കുടുംബ പേരായി വളര്‍ന്നു.
തളങ്കര പടിഞ്ഞാര്‍ ഗവ. എല്‍.പി സ്‌കൂളിലെ ആദ്യ വിദ്യാര്‍ത്ഥിയായിരുന്നു അബ്ദുല്ല ഹാജി. 1927ലാണ് പടിഞ്ഞാര്‍ സ്‌കൂള്‍ സ്ഥാപിതമായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിന്റെ ഒരു വാര്‍ഷിക പരിപാടി നടന്നപ്പോള്‍ ഏറ്റവും മുന്‍നിരയില്‍ അബ്ദുല്ല ഹാജിയുണ്ടായിരുന്നു. സാംസ്‌കാരിക മേഖലയോടും വിദ്യഭ്യാസ രംഗത്തോടും അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. മക്കളും വാപ്പയുടെ വഴിയെ തന്നെ നന്മയുടെ അടയാളങ്ങള്‍ പരത്തിയാണ് വളര്‍ന്നത്. അബ്ദുല്ല ഹാജിയുടെ മരണ വിവരമറിഞ്ഞ് ഇന്നലെ വിദ്യാനഗറിലെ വീട്ടിലേക്കും സന്ധ്യക്ക് തളങ്കരയിലെ മാലിക് ദീനാര്‍ പള്ളിയിലേക്കും ഒഴുകിയെത്തിയ ജനാവലി അദ്ദേഹത്തോട് ഈ നാടിനോടുള്ള സ്‌നേഹം വിളിച്ചോതുന്നുണ്ടായിരുന്നു.
***
ഇന്നലെ അബ്ദുല്‍റഹ്മാന്‍ അര്‍ഷദിന്റെ 44-ാം ജന്മദിനമായിരുന്നു. അതേ ദിനത്തില്‍ തന്നെ അവന്‍ വിടപറഞ്ഞു. കെ.എസ് അബ്ദുല്‍റഹ്മാന്‍ അര്‍ഷദ് കെ.എസ് അബ്ദുല്ല സാഹിബിന്റെ പ്രിയപ്പെട്ട പുത്രനാണ്. കെ.എസിന്റെ ഒരു പാട് ഗുണങ്ങള്‍ ആ മകനിലും സമ്മേളിച്ചിരുന്നു. എല്ലാവരോടുമുള്ള ബഹുമാനാദരവും ഹൃദ്യമായ പെരുമാറ്റവും കെ.എസിനെ പോലെ തന്നെ അര്‍ഷദിന്റെയും ഗുണങ്ങളായിരുന്നു. വാപ്പയുടെ മകന്‍ എന്ന അഭിമാനപൂര്‍വ്വം വിളിക്കാവുന്ന നല്ല കുറേ മാതൃകകള്‍ അര്‍ഷദിനുണ്ടായിരുന്നു. വിദ്യഭ്യാസ മേഖലയോട് ഏറെ താല്‍പര്യം പ്രകടിപ്പിക്കുകയും ആ മേഖലയുടെ ഉന്നമനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്ത ഒരാളാണ് കെ.എസ് അബ്ദുല്ല സാഹിബ്. അര്‍ഷദും തിരഞ്ഞെടുത്തത് ഈ മേഖല തന്നെ. കെ.എസ് അബ്ദുല്ലയുടെ സ്ഥാപനങ്ങള്‍ മക്കള്‍ക്ക് വേണ്ടി വീതം വെച്ചപ്പോള്‍ അബ്ദുല്‍റഹ്മാന്‍ അര്‍ഷദ് കെ.എസ്.അബ്ദുല്ല തുടക്കം കുറിച്ച ചെട്ടുംകുഴിയിലെ സ്‌കൂള്‍ ഏറ്റെടുത്തു. കോവിഡ് പ്രതിസന്ധി എല്ലാ സ്ഥാപനങ്ങളെയും ബാധിച്ചപ്പോള്‍ അര്‍ഷദിന്റെയും ഭാര്യ സുരയ്യ ഫര്‍വീണിന്റെയും നിരന്തരമായ ഇടപെടല്‍ മൂലം ആ പ്രതിസന്ധികളെയെല്ലാം കെ.എസ്. അബ്ദുല്ല സ്‌കൂളിന് തരണം ചെയ്യാന്‍ കഴിഞ്ഞു. സ്‌കൂളിന്റെ നടത്തിപ്പില്‍ അര്‍ഷദ് നിരന്തരം ഇടപെട്ടിരുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും സ്‌കൂളിലെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
അര്‍ഷദിനെ ഞാന്‍ അവസാനമായി കാണുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാനഗറില്‍ വ്യവസായി ഖാദര്‍ തെരുവത്തിന്റെ വീട്ടില്‍ വെച്ചാണ്. ബാങ്കോട് ഗള്‍ഫ് ജമാഅത്ത് സംഘടിപ്പിച്ച ഫെസ്റ്റിനോടനുബന്ധിച്ച് തളങ്കര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി ഖാദര്‍ തെരുവത്തിനുള്ള ഉപഹാരവുമായി ചെന്നതായിരുന്നു ഞങ്ങള്‍. അന്ന് അര്‍ഷദിനോട് ഏറെ നേരം സംസാരിച്ചു. ഖാദര്‍ തെരുവത്തിനെ ആദരിക്കുന്നതിലുള്ള സന്തോഷം അര്‍ഷദ് പങ്കുവെക്കുകയും ചെയ്തു. നേടിയ വിദ്യഭ്യാസത്തേക്കാളും വലിയ അറിവും ആര്‍ജ്ജിച്ച അനുഭവങ്ങളേക്കാളും വലിയ ഗുണങ്ങളും അര്‍ഷദില്‍ എല്ലാവരിലും കണ്ടിരുന്നു. ഇതെല്ലാം കെ.എസ് അബ്ദുല്ല നല്‍കിയ നല്ല പാഠങ്ങളാവാം. ഉപ്പയ്ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് അര്‍ഷദ് അഭിമാനത്തോടെ കൂട്ടുകാരോടൊക്കെ പറയുമായിരുന്നു. ഉപ്പ എല്ലാവരോടും സംസാരിച്ചതിനേക്കാള്‍ കൂടുതല്‍ തന്നോട് സംസാരിച്ചിട്ടുണ്ട് എന്ന് സ്‌നേഹപൂര്‍വ്വം ഉപ്പ പറയുമായിരുന്നുവെന്ന് അര്‍ഷദ് അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന കാര്യങ്ങള്‍ സുഹൃത്ത് അബ്ദുല്‍റഹ്മാന്‍ ചൗക്കി ഓര്‍ത്തെടുത്തു.
ഒരുപാടു കൂട്ടുകെട്ടുകള്‍ അര്‍ഷദിനുണ്ടായിരുന്നു. വലിയവരുമായുള്ള ബന്ധങ്ങള്‍ ഏറെയായിരുന്നു. ഒരിടത്തും ഒരു വിള്ളലും വീഴ്ത്തിയില്ല. എല്ലാവരേയും തിരിച്ചറിയാനും അവരെ മനസ്സറിഞ്ഞ് സ്‌നേഹിക്കാനുമുള്ള ഒരു നന്മ അര്‍ഷദില്‍ എപ്പോഴുമുണ്ടായിരുന്നു. ആരെ കണ്ടാലും ചിരിച്ച് കൈവീശി അങ്ങോട്ട് ഓടിച്ചെല്ലും. അതിഥികളെ സത്ക്കരിക്കുന്നതിലും ബഹുമാനിക്കുന്നതിലും കെ.എസ്. അബ്ദുല്ല കാണിച്ച വലിയ മാതൃകകള്‍ നമ്മുടെ മുമ്പിലുണ്ട്. തന്നെ തേടിയെത്തുന്നവരെയെല്ലാം ഹൃദ്യമായി സ്വീകരിച്ച് തിരികെ പോകുമ്പോള്‍ ഒപ്പം ചെന്ന് കാറിന്റെ ഡോര്‍ തുറന്നുകൊടുക്കുന്ന കെ.എസ് അബ്ദുല്ല സാഹിബിനെ നമുക്ക്പലപ്പോഴും കണ്ടിട്ടുണ്ട്. ആരെ സ്വീകരിക്കുമ്പോഴും ഹൃദ്യമായ ഈ പെരുമാറ്റം അര്‍ഷദിലും കണ്ടിരുന്നു.
എന്നെക്കാള്‍ അനുജന്‍ അബ്ദുല്‍റഹ്മാനുമായായിരുന്നു അര്‍ഷദിന് കൂടുതല്‍ സൗഹൃദം. അനുജനെ തേടി പലപ്പോഴും വീട്ടില്‍ വരും. അവര്‍ ഏറെ നേരം സംസാരിച്ചിരിക്കും. അബ്ദുല്‍റഹ്മാന്റെ മരണ ശേഷം എന്നെ കാണുമ്പോഴൊക്കെ അനുജന്റെ കുടുംബത്തിന്റെ വിശേഷം തിരക്കും. അവരെ ഒരു കുറവും കൂടാതെ നോക്കണമെന്ന് ഉപദേശിക്കും. ഏറ്റവും ഒടുവില്‍ കണ്ടപ്പോഴും ഇക്കാര്യം ഉണര്‍ത്തിയിരുന്നു.
തിങ്കളാഴ്ചയാണ് അസുഖംമൂലം അര്‍ഷദിനെ ബംഗളൂരു ജെ.പി നഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അസുഖംമൂര്‍ച്ഛിക്കുകയും വിവരമറിഞ്ഞ് സഹോദരന്‍ കെ.എസ് അന്‍വര്‍ സാദത്ത് അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുബായിലായിരുന്ന മൂത്ത സഹോദരന്‍ കെ.എസ് ഹബീബ് ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്. അര്‍ഷദിന്റെ മരണ വിവരമറിഞ്ഞ് തളങ്കര നുസ്രത്ത് റോഡിലെ കെ.എസ്. അബ്ദുല്ലയുടെ വീടായ ഹാജറാബാഗിലേക്ക് നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തിയിരുന്നു.
-ടി.എ ഷാഫി