ഗയാന: ഇംഗ്ലണ്ടിനെ തകര്‍ത്ത് ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ പടയോട്ടം. രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 171-7, ഇംഗ്ലണ്ട് 16.4 ഓവറില്‍ 103ന് ഓള് ഔട്ട്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും (13 പന്തില്‍ 23) രവീന്ദ്ര ജഡേജയും (9 പന്തില്‍ 17*) വിരാട് കോലിയും (9) ഇന്ത്യക്ക് വേണ്ടി റണ്‍ നേടി.