ഗാന്ധിജിയെ തൊട്ട സേനാനിയുടെ വീട്ടില്‍ തുഷാര്‍ ഗാന്ധി

ചരിത്രത്തില്‍ നിന്ന് എത്രകണ്ട് മായിച്ച് കളയാന്‍ ശ്രമിച്ചാലും വട്ടക്കണ്ണടയുമായി ഊന്നുവടിയിലൂന്നി കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയങ്ങളിലേക്ക് വീണ്ടും വീണ്ടും നടന്നുവരികയാണ് ഗാന്ധിജി. ഗാന്ധിജിയെ ദൈവത്തെ പോലെ സ്നേഹിച്ച ഗാന്ധിയന്‍, രാമന്‍ നായരുടെ മണ്ണിലേക്ക് ഗാന്ധിജിയുടെ പേരമകന്റെ മകന്‍ തുഷാര്‍ ഗാന്ധി കഴിഞ്ഞ ദിവസം വന്നു; മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്തേക്ക്.ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകന്‍ ആനന്ദ് മണിലാല്‍ ഗാന്ധിയുടെ മകനാണ് തുഷാര്‍ ഗാന്ധി. എഴുത്തുകാരനും ചിന്തകനുമായ തുഷാര്‍ ഗാന്ധി തന്റെ മുത്തച്ഛനെ സ്നേഹിച്ച ഗാന്ധി രാമന്‍ നായരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം […]

ചരിത്രത്തില്‍ നിന്ന് എത്രകണ്ട് മായിച്ച് കളയാന്‍ ശ്രമിച്ചാലും വട്ടക്കണ്ണടയുമായി ഊന്നുവടിയിലൂന്നി കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയങ്ങളിലേക്ക് വീണ്ടും വീണ്ടും നടന്നുവരികയാണ് ഗാന്ധിജി. ഗാന്ധിജിയെ ദൈവത്തെ പോലെ സ്നേഹിച്ച ഗാന്ധിയന്‍, രാമന്‍ നായരുടെ മണ്ണിലേക്ക് ഗാന്ധിജിയുടെ പേരമകന്റെ മകന്‍ തുഷാര്‍ ഗാന്ധി കഴിഞ്ഞ ദിവസം വന്നു; മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്തേക്ക്.
ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകന്‍ ആനന്ദ് മണിലാല്‍ ഗാന്ധിയുടെ മകനാണ് തുഷാര്‍ ഗാന്ധി. എഴുത്തുകാരനും ചിന്തകനുമായ തുഷാര്‍ ഗാന്ധി തന്റെ മുത്തച്ഛനെ സ്നേഹിച്ച ഗാന്ധി രാമന്‍ നായരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു രാത്രി തങ്ങാനും സമയം കണ്ടെത്തി. ബോവിക്കാനത്ത് ഗാന്ധി രാമന്‍ നായരുടെ പേരിലുള്ള ട്രസ്റ്റ് ഉദ്ഘാടനം ചെയ്തത് തുഷാര്‍ ഗാന്ധിയാണ്. രാമന്‍ നായരുടെ ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ 30നായിരുന്നു പരിപാടിയെങ്കിലും തലേന്ന് തന്നെ അദ്ദേഹമെത്തി. സംഘാടകര്‍ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ തുനിഞ്ഞുവെങ്കിലും ഗാന്ധിജിയെ കണ്ട, ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഗാന്ധി രാമന്‍ നായരുടെ പിന്‍തലമുറക്കാര്‍ക്കൊപ്പം ഒരു രാത്രി കഴിയണമെന്ന ആഗ്രഹത്തോടെ ഗാന്ധി രാമന്‍ നായരുടെ പേരമകന്‍ മോഹന്‍ കുമാര്‍ നാരന്തട്ടയുടെ മുളിയാറിലെ വീട്ടിലാണ് അദ്ദേഹം ആ രാത്രി തങ്ങിയത്.
മോഹന്‍ കുമാറിന്റെ ഉള്ളില്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഓര്‍മ്മകളുടെ തിരയടിക്കുന്നുണ്ട് ഇപ്പോഴും. മുത്തച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും ദേശസ്നേഹത്തിന്റെ ആവേശത്തിരയാണ് മോഹന്‍ കുമാറില്‍ സൃഷ്ടിക്കുന്നത്. ഗാന്ധി രാമന്‍ നായരും, കാനത്തൂരിലെ മേലത്ത് നാരായണന്‍ നമ്പ്യാര്‍, എ.കെ കൃഷ്ണന്‍ നായര്‍, കെ.പി മാധവന്‍ നായര്‍ എന്നിവരും, ബേപ്പിലെ നിട്ടൂര്‍ കോരന്‍ നായരും സ്വാതന്ത്ര്യസമര വീര്യം കൊണ്ട് മുളിയാറിനെ വീരോജ്ജ്വലമാക്കിയ കാലം ഈ നാടിന്റെ തുടിപ്പുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്.
1968 ഏപ്രില്‍ 30നാണ് ഗാന്ധി രാമന്‍ നായര്‍ വിട പറഞ്ഞത്. നിറയെ ദേശസ്നേഹവും ഗാന്ധിജിയോടുള്ള അടങ്ങാത്ത ആവേശവുമായി ജീവിച്ച സ്വാതന്ത്ര്യസമര സേനാനി. 1931ല്‍ നടന്ന കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തിന് ഉമേശ് റാവുവിന്റെ കൂടെ മുളിയാറില്‍ നിന്ന് കറാച്ചിയിലേക്ക് കാല്‍നടയായി പോയ രാമന്‍ നായര്‍. അന്നദ്ദേഹത്തിന് 48 വയസായിക്കാണും. കറാച്ചിയില്‍ ഗാന്ധിജിയെ നേരില്‍ കണ്ട ശേഷം പൂര്‍ണ്ണമായും ഗാന്ധിയന്‍ ആശയങ്ങളിലൂന്നിയുള്ള ജീവിതമാണ് പിന്തുടര്‍ന്നത്. ചലനത്തിലും ഭാവത്തിലുമെല്ലാം ഗാന്ധിജി മാത്രമായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തില്‍ രാജ്യമാകെ സമരം കൊടുംബിരി കൊള്ളുമ്പോള്‍ രാമന്‍ നായരെ പോലുള്ള ദേശാഭിമാനികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. തലശേരിയില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി സര്‍ക്കാര്‍ ജോലി തരപ്പെട്ടതാണ്. അതൊന്നും വേണ്ടെന്ന് വെച്ചാണ് രാമന്‍ നായര്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാനുള്ള സാമ്പത്തിക സുസ്ഥിരതക്കായി ഗാന്ധിജി ആഹ്വാനം ചെയ്ത സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപീകരിച്ച കാടകം-മുളിയാര്‍ ഐക്യനാണയ സംഘത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം. കേരളഗാന്ധി കേളപ്പജിക്കൊപ്പം പയ്യന്നൂരില്‍ ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ സമരം, നിസഹകരണ പ്രസ്ഥാനം തുടങ്ങിയ സമരങ്ങളിലും രാമന്‍ നായരുണ്ടായിരുന്നു. കാടകം വനസത്യാഗ്രഹത്തിന്റെ ഉപജ്ഞാതാവും മുന്നണി പോരാളിയുമായിരുന്നു. അയിത്തത്തിനെതിരെ സ്വാമി ആനന്ദ തീര്‍ത്ഥനൊപ്പം പ്രവര്‍ത്തിച്ചു. മദ്യ നിരോധനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജ്വലിച്ച് നിന്നു. തൊട്ടുകൂടായ്മക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. നാരമ്പാടിയില്‍ നിന്ന് 4 ഹരിജന്‍ കുടുംബങ്ങളെ മുളിയാറിലേക്ക് കൊണ്ടുവന്ന് സ്വന്തം സ്ഥലം ദാനം നല്‍കി വീടുവെച്ചു താമസിപ്പിച്ചു. അവിടെ ഇപ്പോള്‍ 20ലധികം ഹരിജന കുടുംബങ്ങള്‍ താമസിച്ച് വരുന്നുണ്ട് എന്നത് കാലം തെളിയിച്ച യാഥാര്‍ത്ഥ്യം.
1947 ആഗസ്റ്റ് 15ന് രാമന്‍ നായര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മുളിയാറിലെ തന്റെ വീട്ടില്‍ ഹരിജനങ്ങളെ ക്ഷണിച്ചുവരുത്തി സദ്യ നല്‍കിയാണ്. ഇതിന്റെ പേരില്‍ സ്വസമുദായത്തില്‍പെട്ടവര്‍ 12 വര്‍ഷം രാമന്‍ നായര്‍ക്കും കുടുംബത്തിനും സാമൂഹ്യ ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. ഗാന്ധി രാമന്‍ നായരുടെ പാത പിന്‍പറ്റി കാടകം നാരന്തട്ട തറവാട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ മൂന്ന് മരുമക്കളും സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിവന്നു. പുലിക്കോട്ട് കൃഷ്ണന്‍ നമ്പ്യാരും, കെ.എന്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും, ചെമ്മനാട്ടെ കെ.എന്‍ കുഞ്ഞമ്പു നമ്പ്യാരുമായിരുന്നു അവര്‍.
ഗാന്ധി രാമന്‍ നായര്‍ക്ക് 7 മക്കളാണ്. അവരില്‍ മകള്‍ കരിച്ചേരി നാരായണി അമ്മ (98) മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്. നാരായണി അമ്മയുടെ മകനാണ് മാര്‍ക്കറ്റ് ഫെഡില്‍ നിന്ന് മാര്‍ക്കറ്റിംഗ് മാനേജറായി വിരമിച്ച മോഹന്‍ കുമാര്‍ നാരന്തട്ട. ഗാന്ധി രാമന്‍ നായരെ പരിചരിച്ചതിന്റെ ഓര്‍മ്മമധുരം മോഹന്‍ കുമാറിന്റെ മനസില്‍ ഇപ്പോഴുമുണ്ട്. മോഹന്‍ കുമാര്‍ കുട്ടിയായിരിക്കെ തന്നെ അച്ഛന്‍ മരിച്ചിരുന്നു. അതോടെ അമ്മ തറവാട്ട് വീട്ടില്‍ തിരിച്ചെത്തി. ഗാന്ധി രാമന്‍ നായരുടെ ജീവിതം കണ്ടാണ് മോഹന്‍ കുമാര്‍ വളര്‍ന്നത്. അവസാന നാളുകളില്‍ രാമന്‍ നായര്‍ക്ക് കൂട്ടായി നിന്നതും പരിചരിച്ചതുമെല്ലാം മോഹന്‍ കുമാര്‍ തന്നെ. രാമന്‍ നായര്‍ മരിക്കുമ്പോള്‍ മോഹന്‍ കുമാര്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. മുത്തച്ഛന്റെ ഗാന്ധിസത്തിലൂന്നിയ ജീവിതവും അതിരറ്റ ദേശസ്നേഹവും കണ്ടാണ് മോഹന്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി വളര്‍ന്നത്. രാമന്‍ നായര്‍ മരിച്ചപ്പോള്‍ കെ. കേളപ്പന്‍ വീട്ടില്‍ വന്നിരുന്നു. മോഹന്‍ കുമാറിന്റെ തോളില്‍ കൈവെച്ച് കേളപ്പജി ചോദിച്ചത്; ഗാന്ധി രാമന്‍ നായരെ പരിചരിച്ചപ്പോള്‍ എന്ത് തോന്നി എന്നാണ്. വൃദ്ധനായ ഒരു മുത്തച്ഛനെ പരിചരിച്ചുവെന്ന തോന്നല്‍ മാത്രമായിരുന്നുവെന്ന് മോഹന്‍ കുമാര്‍ മറുപടി നല്‍കിയപ്പോള്‍ കേളപ്പജി തിരുത്തി. സ്വദേശത്തെയാണ് നിങ്ങള്‍ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തത്. കാലം രാമന്‍ നായരടക്കമുള്ളവരുടെ സേവനം വിസ്മരിച്ചേക്കാം. അദ്ദേഹത്തെ എന്നും ഓര്‍ക്കാന്‍ ഉതകുന്ന തരത്തില്‍ ഭാവിയില്‍ എന്തെങ്കിലും ചെയ്യണം.
കേളപ്പജിയുടെ വാക്കുകള്‍ തന്നെയായിരുന്നു എപ്പോഴും മോഹന്‍ കുമാറിന്റെ മനസില്‍. പഠനം കഴിഞ്ഞ് മാര്‍ക്കറ്റ് ഫെഡില്‍ ഉദ്യോഗസ്ഥനായി കയറി. 1985ല്‍ കൊല്‍ക്കത്തിയില്‍ മാര്‍ക്കറ്റ് ഫെഡിന്റെ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ അന്നത്തെ മാര്‍കറ്റ്ഫെഡ് ചെയര്‍മാന്‍ ആര്യാടന്‍ മുഹമ്മദ് ചുമതലപ്പെടുത്തിയത് മോഹന്‍ കുമാറിനെയാണ്. കൊല്‍ക്കത്തയിലെ ജനങ്ങള്‍ പൈതൃകങ്ങളെയും രാജ്യസ്നേഹികളെയും ഏറെ സ്നേഹിക്കുന്നവരാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന രാമന്‍ നായരുടെ ജീവിതം കേട്ടറിഞ്ഞ മോഹന്‍ കുമാറിന്റെ അവിടത്തെ ചില സുഹൃത്തുക്കള്‍ രാമന്‍ നായരുടെയും ഭാര്യ കരിച്ചേരി ഉച്ചിര അമ്മയുടെയും പേരും ജനന-മരണ വര്‍ഷങ്ങളും കൊത്തിയെടുത്ത മാര്‍ബിള്‍ ഫലകം സമ്മാനിച്ചു. 1991ലായിരുന്നു അത്. ആ ഫലകങ്ങള്‍ മുളിയാറില്‍ സ്മൃതി കുടീരത്തില്‍ സ്ഥാപിച്ചു. 2007ല്‍ എറണാകുളത്ത് മാര്‍ക്കറ്റിംഗ് മാനേജറായിരിക്കെയാണ് മോഹന്‍ കുമാര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. പിന്നീട് മംഗലാപുരത്ത് യേനപ്പോയ ഗ്രൂപ്പില്‍ ചാന്‍സലര്‍ യേനപ്പോയ അബ്ദുല്ലക്കുഞ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി ചേര്‍ന്നു. യേനപ്പോയ യൂണിവേഴ്സിറ്റിയുടെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം മംഗലാപുരത്ത് എത്തിയിരുന്നു. എ.പി.ജെ അബ്ദുല്‍ കലാമിനെ ഒരു ദിവസം മുഴുവന്‍ പരിചരിക്കാന്‍ അവസരം ലഭിച്ചത് മോഹന്‍ കുമാറിനാണ്. ഗാന്ധി രാമന്‍ നായരെ കുറിച്ച് മോഹന്‍ കുമാറില്‍ നിന്ന് അറിഞ്ഞ അബ്ദുല്‍ കലാമിന് വലിയ ആവേശമായി. അദ്ദേഹം ഒരു ട്രസ്റ്റ് രൂപീകരിച്ച് പുതുതലമുറയില്‍ ദേശസ്നേഹം വളര്‍ത്തുന്ന ചിന്തകളുണര്‍ത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് പറഞ്ഞു. അങ്ങനെയാണ് ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗതയേറുന്നത്. ആദ്യപടിയെന്നോണം ബോവിക്കാനത്ത് പൊതുജന പങ്കാളിത്തത്തോടെ ഗാന്ധി രാമന്‍ നായരുടെ പേരില്‍ ഒരു വായനശാലക്ക് തുടക്കം കുറിച്ചു.
ട്രസ്റ്റ് ഉദ്ഘാടനത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ അത് നിര്‍വഹിക്കാന്‍ ഗാന്ധിജിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ വേണമെന്ന ആഗ്രഹം മോഹന്‍ കുമാറില്‍ ഉദിച്ചത് സ്വാഭാവികം. ഗാന്ധിജിയുടെ പേരമകന്റെ മകനായ തുഷാര്‍ ഗാന്ധിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അദ്ദേഹത്തിന്റെ മറുപടി ലഭിക്കാന്‍ ആറ് മാസം കാത്തിരിക്കേണ്ടി വന്നുവെങ്കിലും രാമന്‍ നായരെയും മുളിയാര്‍ ഗ്രാമത്തിന്റെ ദേശസ്നേഹത്തെയും കുറിച്ചുകേട്ടപ്പോള്‍ കാസര്‍കോട്ട് വന്ന് ട്രസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ തുഷാര്‍ ഗാന്ധിക്ക് നൂറുവട്ടം സമ്മതം. അങ്ങനെ ആദ്യമായി ഗാന്ധിജിയുടെ പ്രപൗത്രന്‍ കാസര്‍കോട്ട് എത്തി. ട്രസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തരെ കണ്ടു.
ഗ്രാന്‍ട്രസ്റ്റ് ഉദ്ഘാടനത്തോടൊപ്പം, ഗ്രാന്‍ട്രസ്റ്റ് വെല്‍നെസ് ആന്റ് കൗണ്‍സിലിംഗ് സെന്റര്‍, ജൈവകൃഷിക്കുള്ള ഗ്രാന്‍ട്രസ്റ്റ് ഫാം സര്‍വീസ്, സ്ത്രീ ശാക്തീകരണത്തിനായി ഗ്രാന്‍ട്രസ്റ്റ് വിമന്‍സ് സ്റ്റാര്‍ട്ട്-അപ്പ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
തുഷാര്‍ ഗാന്ധിയുടെ വാക്കുകള്‍ പുതിയകാല ഭരണകൂടത്തിന് നേരെയുള്ള തീയുണ്ടകളായിരുന്നു. അധികാരികള്‍ ഗാന്ധിജിയെ ഉപേക്ഷിച്ച് കഴിഞ്ഞുവെന്നും ഇത്തവണയും ബി.ജെ.പി ജയിച്ചാല്‍ ഗാന്ധിജിയെ അവര്‍ ചവറ്റുകൂട്ടയിലാക്കുമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
ട്രസ്റ്റിന്റെ ഉദ്ഘാടന വേളയില്‍ സി.എച്ച് കുഞ്ഞമ്പു എം. .എല്‍.എ, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി, റിട്ട. ബ്രിഗേഡിയര്‍ കെ.എന്‍. പ്രഭാകരന്‍ നായര്‍, ഡോ. സജീവ് നായര്‍, ഡോ. ഖാദര്‍ മാങ്ങാട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞമ്പു നമ്പ്യാര്‍, ഡോ. സി. ബാലന്‍, പ്രൊഫ. കെ.പി. ജയരാജന്‍, കൊമോഡോര്‍ പ്രസന്ന ഇടയില്യം, കെ.എന്‍. ഭാസ്‌കരന്‍ നമ്പ്യാര്‍, ട്രസ്റ്റ് ചെയര്‍മാന്‍ മോഹന്‍ കുമാര്‍ നാരന്തട്ട, മണികണ്ഠന്‍ ഒമ്പയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


-ടി.എ ഷാഫി

Related Articles
Next Story
Share it