ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാന തത്വം മതനിരപേക്ഷതയായിരുന്നു. ജാതിമത വ്യത്യാസങ്ങളില്ലാത്ത പുതിയ സമൂഹം കെട്ടിപ്പടുക്കുകയായിരുന്നു ഈ സമരത്തിന്റെ ലക്ഷ്യം. 1947 ആഗസ്ത് 14ന് അര്‍ധരാത്രിയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത ജവഹര്‍ലാല്‍ നെഹ്റു നാം വിധിക്കെതിരായ പോരാട്ടത്തില്‍ ജയിച്ചിരിക്കുന്നുവെന്നും നമ്മള് ഭൂതകാലത്തോട് വിട പറയുകയാണെന്നും പ്രഖ്യാപിച്ചത് ഈ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണം ഉദ്ദേശിച്ചായിരുന്നു. ഇന്ത്യ ഒരു ദേശം നിര്‍മ്മിക്കപ്പെടുന്നു എന്ന കാഴ്ചപ്പാട് സ്വാതന്ത്ര്യസമര കാലത്ത് ഉയര്‍ന്നു കേട്ട നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ആ കാലത്തേക്ക് മടങ്ങിപ്പോക്ക് നമ്മുടെ ലക്ഷ്യമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യാ ചരിത്രത്തെ ഹിന്ദു മുസ്ലിം കാലഘട്ടമായി വിഭജിച്ച് വിഷം നിറക്കല്‍ തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇന്ത്യക്കാരുടെ ഒരുമിക്കല്‍ ഭീതിയോടെ കണ്ട കൊളോണിയല്‍ വാഴ്ചക്കാര്‍ വിഭജിച്ചു ഭരിക്കല്‍ തന്ത്രം ഉപയോഗിച്ചാണ് നമ്മുടെ ദേശീയ പ്രസ്ഥാനത്തെ എതിരിട്ടത്. പൗരാണിക ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ ദൈവം നിയോഗിച്ച കൊളോണിയല്‍ വാഴ്ചയാണിതെന്നും ഈ വിധി ഇന്ത്യക്കാര്‍ അനുസരിക്കേണ്ടതാണെന്നും ആ ദുഷ്ടബുദ്ധികള്‍ പ്രചരിപ്പിച്ചു. ഈ പ്രചരണങ്ങള്‍ ഏറ്റെടുത്തവരാണ് വര്‍ഗീയ ശക്തികളായി അക്കാലത്ത് വേരോട്ടമുണ്ടാക്കാന്‍ ശ്രമിച്ചത്. മലബാര്‍ ബ്രിട്ടീഷ് അധീനതയില്‍ വന്നപ്പോള്‍ മാപ്പിള ജനത തെക്കന്‍ മലബാര്‍ കേന്ദ്രീകരിച്ച് നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ ചെറുത്ത് നില്‍പ്പായിരുന്നു.
വര്‍ഗീയ ലാക്കോടെ ആ സമരങ്ങളെ മതഭ്രാന്തിന്റെ ഉല്‍പ്പന്നങ്ങളായി കണ്ട ബ്രിട്ടീഷ് ഭരണകൂടം ക്രിമിനല്‍ നിയമങ്ങളുണ്ടാക്കി ആ ജനതയെ നേരിട്ടു. പരാജയങ്ങളില്‍ നിന്ന് ശക്തി സംഭരിച്ച് പുതിയ പോരാട്ടങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ മലബാര്‍ അവര്‍ക്ക് തലവേദനയുടെ പ്രദേശമായി മാറി. ഈ ജനകീയ പ്രതിഷേധങ്ങളുടെ അടിസ്ഥാന കാരണം അമിതമായ ചൂഷണത്തില്‍ നിന്നുണ്ടായ വിശപ്പും ദാരിദ്ര്യവുമാണെന്ന് അക്കൂട്ടര്‍ മനസ്സിലാക്കിയിട്ടും കണ്ടില്ലെന്നു നടിച്ച് കൂട്ടക്കൊലകള്‍ നടത്തിയും തടവുകാരായി പിടിച്ചവരെ നാടുകടത്തിയും അപമാനിച്ചും ജനങ്ങളെ സാമ്രാജ്യത്വ ഭരണകൂടം വേട്ടയാടി. ഒന്നാംലോക യുദ്ധ കാലത്ത് താങ്ങാനാവാത്ത നികുതികള്‍ ചെറുകിട കര്‍ഷകരില്‍ വന്ന് പതിച്ചത് ജനരോഷം വര്‍ധിപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വം മാപ്പിളപ്പോരാളികളോടും പ്രവര്‍ത്തകരോടും വളരെ ക്രൂരമായാണ് ജയിലുകളില്‍ കാണിച്ചതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ജനത നേടിയെടുത്ത സ്വാതന്ത്ര്യം വിട്ടു വീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ സംഭാവനാണ്. ഹിന്ദു-മുസ്ലിം ഐക്യവും മതനിരപേക്ഷതയും ആ സമരത്തിന്റെ ആണിക്കല്ലുകളായിരുന്നു. ആ നിലപാട് സ്വീകരിച്ചവരാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യസമര ഭടന്മാര്
അവലംബം- ഡോ. ശിവദാസന്‍
പി.വി.കെ അരമങ്ങാനം