പി ടി വാണിടം പിടിച്ചെടുക്കാന്‍ കരുത്തനെ ഇറക്കാനൊരുങ്ങി സിപിഎം; നിയമസഭയില്‍ കാലിടറിയ എം സ്വരാജിനെ തൃക്കാക്കരയില്‍ ഇറക്കിയേക്കും

കൊച്ചി: പി ടി തോമസിന്റെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തൃക്കാക്കരയില്‍ മുന്നണിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് സീറ്റ് നിലനിര്‍ത്തി പി.ടി. തോമസിന് ആദരവ് നല്‍കണമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും കണക്കുകൂട്ടുമ്പോള്‍ നിയമസഭയിലെ ഇടതുതരംഗത്തിന്റെ അലയൊലി അവസാനിച്ചിട്ടില്ലെന്ന് കാണിച്ചുകൊടുക്കാനാണ് എല്‍ഡിഎഫ് ശ്രമം. ബിജെപിയും മത്സരരംഗത്ത് സജീവമാകും. മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇടതു മുന്നണിയില്‍ സി.പി.എമ്മിന്റെ സീറ്റാണ് തൃക്കാക്കര. നിയമസഭയില്‍ കാലിടറിയ യുവതുര്‍ക്കി എം സ്വരാജിനെ തൃക്കാക്കരയില്‍ ഇറക്കി സീറ്റ് പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്. വിജയം ഉറപ്പിക്കാന്‍ […]

കൊച്ചി: പി ടി തോമസിന്റെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തൃക്കാക്കരയില്‍ മുന്നണിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് സീറ്റ് നിലനിര്‍ത്തി പി.ടി. തോമസിന് ആദരവ് നല്‍കണമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും കണക്കുകൂട്ടുമ്പോള്‍ നിയമസഭയിലെ ഇടതുതരംഗത്തിന്റെ അലയൊലി അവസാനിച്ചിട്ടില്ലെന്ന് കാണിച്ചുകൊടുക്കാനാണ് എല്‍ഡിഎഫ് ശ്രമം. ബിജെപിയും മത്സരരംഗത്ത് സജീവമാകും. മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇടതു മുന്നണിയില്‍ സി.പി.എമ്മിന്റെ സീറ്റാണ് തൃക്കാക്കര. നിയമസഭയില്‍ കാലിടറിയ യുവതുര്‍ക്കി എം സ്വരാജിനെ തൃക്കാക്കരയില്‍ ഇറക്കി സീറ്റ് പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്. വിജയം ഉറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്തയാണ് എല്‍.ഡി.എഫിലുള്ളത്. എം. സ്വരാജിനെ പരിഗണിക്കണമെന്ന് ചില നേതാക്കള്‍ക്ക് താല്പര്യമുണ്ട്. എന്നാല്‍ പാര്‍ട്ടിതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം തയ്യാറാകുമോയെന്നും വ്യക്തമല്ല. സ്വരാജ് നിരസിക്കുകയാണെങ്കില്‍ പ്രാദേശിക ബന്ധങ്ങളുള്ള നേതാക്കളെയോ പൊതുസമ്മതരെയോ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രന്‍ ഡോ.ജെ. ജേക്കബാണ് മത്സരിച്ചത്. അദ്ദേഹത്തെ വീണ്ടും പരീക്ഷിക്കുമോയെന്ന് വ്യക്തമല്ല.

പി.ടി. തോമസിന്റെ ഓര്‍മ്മകളാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന വിഷയമാക്കുക. വിജയം ആവര്‍ത്തിക്കുക യു.ഡി.എഫിന് അഭിമാനപ്രശ്‌നമാണ്. പരാജയപ്പെടുകയാണെങ്കില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കില്ലെങ്കിലും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന് അംഗീകാരമായി ഉയര്‍ത്തിക്കാട്ടുമെന്ന് വിലയിരുത്തലുണ്ട്. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. അനുകൂല പ്രതികരണം ഉമയില്‍ നിന്നുണ്ടായിട്ടില്ല.

പി.ടി. തോമസിന്റെ ഉറ്റസുഹൃത്തായ മുന്‍ അംബാസഡര്‍ വേണു രാജാമണിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദ്ദേശവുമുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെയും പരിഗണിച്ചേക്കും. എറണാകുളം ജില്ലയില്‍ നിന്ന് വനിതാ എം.എല്‍.എമാരില്ലെന്ന കുറവും പരിഹരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലും ദീപ്തിക്ക് അനുകൂലമായുണ്ട്. മുന്‍മേയര്‍ ടോണി ചമ്മിണിയാണ് സാധ്യതാലിസ്റ്റിലുള്ള മറ്റൊരാള്‍. മുന്‍മേയറെന്ന നിലയില്‍ നഗരത്തില്‍ സുപരിചിതനാണ്. ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിലൂടെ ടോണി ശ്രദ്ധ നേടിയിരുന്നു. പി.ടിയുടെ അടുത്ത സുഹൃത്തുമാണെന്നതും സഹായകരമാകും.

അതേസമയം ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ മുറുകിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച എസ്. സജിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനയുണ്ട്. എന്‍.ഡി.എയിലെ ഘടകക്ഷിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ സംസ്ഥാന യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ചില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അതോടൊപ്പം തന്നെ ഉപതെരഞ്ഞെടുപ്പും നടത്തിയേക്കുമെന്നാണ് സൂചന. തൃക്കാക്കരയിലെ ഒഴിവ് സംബന്ധിച്ച് നിയമസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് സാധ്യതയേറി. ഈ മാസം അവസാനം വിജ്ഞാപനം പുറപ്പെടുവിച്ച് മാര്‍ച്ചില്‍ വോട്ടെടുപ്പ് നടത്താവുന്ന വിധത്തില്‍ തീരുമാനമുണ്ടാകുമെന്നും സൂചനകളുണ്ട്.

Related Articles
Next Story
Share it