അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധക്കേസില്‍ വിചാരണ തുടങ്ങുന്നു; കേസ് ഫയലുകള്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറി

കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ആരംഭിക്കും. വിചാരണാനടപടികള്‍ക്ക് മുന്നോടിയായി ക്രൈംബ്രാഞ്ച് കുറ്റപത്രം ഉള്‍പ്പെടെയുള്ള കേസ് ഫയലുകള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറി. പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാകാന്‍ കോടതി പ്രതികള്‍ക്ക് സമന്‍സയച്ചെങ്കിലും ഇവര്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. 2020 ഡിസംബര്‍ 23ന് രാത്രി മുണ്ടത്തോട്-ബാവ നഗറില്‍ […]

കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ആരംഭിക്കും. വിചാരണാനടപടികള്‍ക്ക് മുന്നോടിയായി ക്രൈംബ്രാഞ്ച് കുറ്റപത്രം ഉള്‍പ്പെടെയുള്ള കേസ് ഫയലുകള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറി. പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാകാന്‍ കോടതി പ്രതികള്‍ക്ക് സമന്‍സയച്ചെങ്കിലും ഇവര്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.
2020 ഡിസംബര്‍ 23ന് രാത്രി മുണ്ടത്തോട്-ബാവ നഗറില്‍ വെച്ചാണ് ഔഫ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി.എം. ഇര്‍ഷാദ് (29), എം.എസ്.എഫ് നേതാവ് മുണ്ടത്തോട് തലയില്ലത്ത് ഹസന്‍ (30), യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുണ്ടത്തോട് ഹാഷിര്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഔഫ് ഗര്‍ഭിണിയായ ഭാര്യയെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ സുഹൃത്തിനോട് പണം കടം വാങ്ങി ബൈക്കില്‍ തിരികെ പോകുമ്പോള്‍ ഇര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് ഔഫിന്റെ മരണത്തിന് കാരണമായതെന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും സംഭവത്തില്‍ ഗൂഡാലോചന നടന്നതായി ഔഫിന്റെ കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ മൊയ്തീന്‍കുട്ടി, കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം നല്‍കുകയുമായിരുന്നു.
കൊലയ്ക്കുപയോഗിച്ച കത്തിയടക്കമുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഔഫ് വധക്കേസ്സിന്റെ വിചാരണയ്ക്കായി നിക്കോളാസ് ജോസഫിനെയാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഔഫും കേസിലെ ഒന്നു മുതല്‍ 3 വരെയുള്ള സാക്ഷികളും കാഞ്ഞങ്ങാട് നഗരസഭയിലെ 35-ാം വാര്‍ഡില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലീഗിന്റെ സീറ്റ് എല്‍.ഡി.എഫ് പിടിച്ചു. ഈ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. മാസങ്ങളോളം റിമാണ്ടില്‍ കഴിഞ്ഞ മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ ജൂണിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

Related Articles
Next Story
Share it