ഹസൈനാര്‍ ഓര്‍മ്മകളില്‍ നിറയുന്ന ഡല്‍ഹി യാത്രകള്‍...

മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ പതിനഞ്ചു വര്‍ഷത്തിലേറെക്കാലം ജ്യേഷ്ഠ സഹോദരന്റെ സഹായത്തോടെ നഗരത്തില്‍ ഫുട്‌വെയര്‍ വ്യാപാരം നടത്തിയതിന്റെ നേട്ടമായി ഞാനിന്നും കാണുന്നത് പത്തറുപത് തവണ ഡല്‍ഹി യാത്ര നടത്താന്‍ കഴിഞ്ഞുവെന്നതാണ്. പാദരക്ഷാ നിര്‍മ്മാണത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന് ഡല്‍ഹിയാണ്. ചെങ്കോട്ടയില്‍ നിന്നാരംഭിക്കുന്ന ചാന്ദ്‌നി ചൗക്കിലെ ബല്ലിമാരനും കിലോമീറ്ററുകള്‍ അകലെയുള്ള കരോള്‍ ബാഗുമൊക്കെ പാദരക്ഷാ വില്‍പ്പനയുടെ പ്രധാന കേന്ദ്രങ്ങളാണ്. വര്‍ഷത്തിലൊരിക്കല്‍ മൂന്നോ നാലോ തവണ പാദരക്ഷകള്‍ക്ക് ഓര്‍ഡര്‍ ചെയ്യാനായി നഗരത്തിലെ വ്യാപാരി സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്നു. അഞ്ചാറുപേര്‍ ചേര്‍ന്നുള്ള ആ യാത്ര ഒരു ഉത്സവം […]

മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ പതിനഞ്ചു വര്‍ഷത്തിലേറെക്കാലം ജ്യേഷ്ഠ സഹോദരന്റെ സഹായത്തോടെ നഗരത്തില്‍ ഫുട്‌വെയര്‍ വ്യാപാരം നടത്തിയതിന്റെ നേട്ടമായി ഞാനിന്നും കാണുന്നത് പത്തറുപത് തവണ ഡല്‍ഹി യാത്ര നടത്താന്‍ കഴിഞ്ഞുവെന്നതാണ്. പാദരക്ഷാ നിര്‍മ്മാണത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന് ഡല്‍ഹിയാണ്. ചെങ്കോട്ടയില്‍ നിന്നാരംഭിക്കുന്ന ചാന്ദ്‌നി ചൗക്കിലെ ബല്ലിമാരനും കിലോമീറ്ററുകള്‍ അകലെയുള്ള കരോള്‍ ബാഗുമൊക്കെ പാദരക്ഷാ വില്‍പ്പനയുടെ പ്രധാന കേന്ദ്രങ്ങളാണ്. വര്‍ഷത്തിലൊരിക്കല്‍ മൂന്നോ നാലോ തവണ പാദരക്ഷകള്‍ക്ക് ഓര്‍ഡര്‍ ചെയ്യാനായി നഗരത്തിലെ വ്യാപാരി സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്നു. അഞ്ചാറുപേര്‍ ചേര്‍ന്നുള്ള ആ യാത്ര ഒരു ഉത്സവം തന്നെയായിരുന്നു. ഡല്‍ഹിയിലേക്കുള്ള ഓരോ യാത്രയിലും പാദരക്ഷാ നിര്‍മ്മാണത്തിന്റെ മറ്റൊരു കേന്ദ്രമായ ആഗ്രയിലും ഇറങ്ങും. ഹിങ്കിമണ്ടിയടക്കമുള്ള ഭാഗങ്ങള്‍ ദിവസം കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള പാദരക്ഷാ നിര്‍മ്മാണ മേഖലകളാണ്. തിരക്കൊഴിയാത്ത, പുരാതന രീതിയിലുള്ള ഹിങ്കിമണ്ടിയിലേക്കുള്ള യാത്രകളൊക്കെ സമ്മാനിച്ച ആനന്ദം ഒരിക്കലും മറക്കാനാവില്ല. ആഗ്ര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ മാത്രം ദൂരെയാണ് താജ്മഹല്‍. ഓരോ തവണയും ഹിങ്കിമണ്ടിയിലെ പക്കീസ ഹോട്ടലില്‍ നിന്ന് തൂക്കിവാങ്ങുന്ന മട്ടന്‍ബിരിയാണി കഴിച്ച് കാമണ്ടീസ് പഴവും തിന്ന് സൈക്കിള്‍ റിക്ഷയില്‍ താജ്മഹലിലേക്ക് ഒരു യാത്രയുണ്ട്. അവിടെ താജ്മഹലിന്റെ പിന്‍വശത്തെ മാര്‍ബിള്‍ തറയില്‍ കിടന്നുറങ്ങുക ഒരു രസമായിരുന്നു ഞങ്ങള്‍ക്ക്. അങ്ങനെ എത്രയെത്ര യാത്രകള്‍.

പല യാത്രകളിലും നഗരത്തിലെ ചെരുപ്പ് വ്യാപാരി വാക്‌വെല്‍ ഹസൈനാര്‍ച്ചയും ഉണ്ടാവും. പതിവായി നാസര്‍ നീലിമയോ ചെമ്മു ഷൂമാക്‌സോ അഷ്‌റഫ് എന്‍.യുവോ സിറ്റി ഹാരിസോ സിറ്റി നാസറോ അഷ്‌റഫ് കാശ്മീരോ ആസിഫ് ബൂട്‌സ് കിങ്ങോ ഹാറൂണ്‍ മറിയാസോ സിറ്റി മുഹമ്മദോ അല്ലെങ്കില്‍ എന്റെ ജ്യേഷ്ഠ സഹോദരന്‍ കാമിയോ ബഷീറോ ആയിരിക്കും സഹയാത്രികര്‍. ട്രെയിനില്‍ ആണെങ്കിലും ഫ്‌ളൈറ്റിലാണെങ്കിലും ആ യാത്രകളൊക്കെ ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. വളരെ സൈലന്റായ പ്രകൃതക്കാരനായിരുന്നു ഹസൈനാര്‍ വാക്‌വെല്‍. ഞങ്ങളുടെ കളി തമാശകളില്‍ നിന്നെല്ലാം മാറി നിന്ന് അദ്ദേഹം എല്ലാം ആസ്വദിച്ചിരിക്കുന്നുണ്ടാവും. പുഞ്ചിരിയുടെ തിളക്കം ആ മുഖത്ത് നിന്ന് മാഞ്ഞതായി ഒരിക്കലും കണ്ടിട്ടില്ല. ചിരിക്കാത്ത വേളകള്‍ അപൂര്‍വ്വമായിരുന്നു. നല്ല നീളവും അതിനൊത്ത തടിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഹസൈനാര്‍ച്ചയുടെ വാക്കുകള്‍ ഉപദേശങ്ങളുടെ തെളിനീര്‍പ്രവാഹമായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം തന്റെ വ്യാപാരം കെട്ടിപ്പടുത്തത്. ബിസിനസിനോടുള്ള അതിരറ്റ ആത്മാര്‍ത്ഥത അദ്ദേഹത്തില്‍ എപ്പോഴും കണ്ടിരുന്നു. പെരുന്നാള്‍ സീസണുകളില്‍ ഡല്‍ഹിയിലെ പര്‍ച്ചേസ് വേളകളില്‍ അതിരാവിലെ ചെന്നാലെ ഇഷ്ടപ്പെട്ട പുത്തന്‍ മോഡലുകള്‍ ലഭിക്കുകയുള്ളൂ. കുടില്‍ വ്യവസായത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പുത്തന്‍ മോഡല്‍ പാദരക്ഷകള്‍ പെട്ടിവണ്ടി ഓട്ടോയില്‍ അതിരാവിലെ തന്നെ കൊണ്ടുവന്ന് ഹോള്‍സെയില്‍ കടകളുടെ മുന്നില്‍ ഇറക്കും. നൂറ്കണക്കിന് മോഡലുകളാണ് ഓരോ ദിവസവും ഇങ്ങനെ കൊണ്ടുവന്നിറക്കുക. അതിരാവിലെ തന്നെ ചെന്ന് അതില്‍ നിന്ന് ഇഷ്ടപ്പെട്ട പുത്തന്‍ മോഡല്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പിന്നീട് പോയാല്‍ കിട്ടില്ല. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒട്ടേറെ ചെരുപ്പ് വ്യാപാരികള്‍ അവിടെ കാത്തിരിക്കുന്നുണ്ടാവും. അര്‍ധരാത്രി വരെ ഡല്‍ഹി കറങ്ങിത്തിരിച്ച് വൈകി റൂമിലെത്തുന്ന ഞങ്ങള്‍ എണീക്കാന്‍ വൈകും. എന്നാല്‍ ഹസൈനാര്‍ച്ചയും ഷൂ സ്റ്റാര്‍ അബ്ബാസ്ച്ചയും എന്റെ സഹോദരന്‍ ബഷീറും അടക്കമുള്ളവര്‍ അതിരാവിലെ എണീറ്റ് സുബ്ഹി നിസ്‌കരിച്ച ഉടന്‍ നല്ല ചൂടുള്ള ഡല്‍ഹി ചായയും കുടിച്ച് ഹോള്‍സെയില്‍ കടകളിലെത്തി പുത്തന്‍ മോഡലുകള്‍ കൈക്കലാക്കിയിട്ടുണ്ടാവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ അവശേഷിപ്പിച്ചത് കിട്ടിയാലായി. ജ്യേഷ്ഠന്‍ ഉള്ളതുകൊണ്ട് ഒരു പ്രത്യേക വാത്സല്യം കണക്കെ എനിക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ മാറ്റിവെക്കാറുണ്ടായിരുന്നു.

ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് മുന്നിലൂടെ കടന്നു പോകുന്ന പഹര്‍ഗഞ്ചിലെ ഹോട്ടലുകളിലാണ് ഞങ്ങള്‍ കൂട്ടുകാര്‍ താമസിക്കുക. വൈകുന്നേരത്തോടെ പര്‍ച്ചേസ് കഴിയും. പിന്നീട് നീട്ടിവലിച്ചൊരു നടത്തമാണ്. പലപ്പോഴുമത് ഡല്‍ഹി ജുമാമസ്ജിദിന് സമീപത്തെ കരീം ഹോട്ടലിലാണ് ചെന്നെത്തുക. മുഗള്‍ രാജാവിന്റെ പാചക സംഘത്തിലുണ്ടായിരുന്ന വിദഗ്ധ പാചകക്കാരില്‍ ഒരാള്‍ നൂറ്റാണ്ടുമുമ്പ് ആരംഭിച്ച കരീം ഹോട്ടല്‍ ഡല്‍ഹിയിലെ പേരുകേട്ട ഹോട്ടലുകളില്‍ ഒന്നാണ്. വിദേശികള്‍ അടക്കമുള്ളവരുടെ തിരക്ക് പാതിരാവ് വരെ ഇവിടെ ഉണ്ടാവാറുണ്ട്.
ഓരോ യാത്രയിലും ഹസൈനാര്‍ച്ച കുറെ നല്ല അനുഭവങ്ങള്‍ പങ്കുവെയ്ക്കും. എന്റെ എഴുത്തുകളെ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ പലപ്പോഴും ആദരവോടെയാണ് സംസാരിക്കാറ്. കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഒരു ഉപഘടകം എന്ന നിലയില്‍ കാസര്‍കോട് ഫുട്‌വെയര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് രൂപം നല്‍കിയപ്പോള്‍ മുന്‍ നിരയില്‍ ഹസൈനാര്‍ച്ചയുമുണ്ടായിരുന്നു. ഫുട്‌വെയര്‍ വ്യാപാരികളുടെ ക്ഷേമത്തിന് വേണ്ടി വിവിധ പദ്ധതികള്‍ തയ്യാറാക്കണമെന്ന് നിരന്തരം ഉണര്‍ത്തിയിരുന്ന അദ്ദേഹം, അസോസിയേഷന്‍ പള്ളിക്കര ബീച്ചില്‍ അടക്കം സംഘടിപ്പിച്ച കുടുംബ മേളകളില്‍ സജീവമായിരുന്നു. യോഗങ്ങളില്‍ പലപ്പോഴും അദ്ദേഹം തന്റെ യോജിപ്പുകളും വിയോജിപ്പുകളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

പഴയ ബസ്സ്റ്റാന്റിലെ മുബാറക് മസ്ജിദ് കോംപ്ലക്‌സില്‍ ദീര്‍ഘകാലം കട നടത്തിയിരുന്ന ഹസൈനാര്‍ച്ച പിന്നീട് അല്‍പ്പം മാറി ബദ്‌രിയ ഹോട്ടലിന് സമീപത്തേക്ക് വ്യാപാരം പറിച്ചു നട്ടുവെങ്കിലും തന്റെ കസ്റ്റമേര്‍സ് ചോര്‍ന്നുപോകാതെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഓരോ കസ്റ്റമറിന്റെയും പ്രിയം നേടാന്‍ കഴിഞ്ഞതുകൊണ്ടാണ്. പുരുഷന്മാര്‍ക്കുള്ള പാദ രക്ഷകളുടെ വ്യാപാരത്തിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ശ്രദ്ധ. സുഹൃത്തുക്കള്‍ക്കും നഗരത്തിലെ വ്യാപാരികള്‍ക്കും ഈ വേര്‍പാട് വലിയ ശൂന്യതയാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Related Articles
Next Story
Share it