കാസര്‍കോട്: രാജ്യത്ത് മെഡിക്കല്‍ എമര്‍ജന്‍സിയില്‍ സ്വകാര്യ സംരംഭങ്ങളിലൂടെ ഡല്‍ഹി കേന്ദ്രീകരിച്ച് നിലവില്‍ വന്ന ട്രെയിന്‍ ആംബുലന്‍സ്, ഐ.സി.യു സൗകര്യങ്ങള്‍ രാജ്യവ്യാപകമായി റെയില്‍വെ നേരിട്ട് നടപ്പിലാക്കണമെന്ന് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടി ട്രെയിനുകളില്‍ ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നതിലൂടെ അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ അപകടത്തിനിരയാകുന്നവര്ക്കും, രോഗത്തിനടിമയാകുന്നവര്ക്കും അതൊരു വലിയ സഹായമാകും.ജോലിസ്ഥലങ്ങളില്‍ മരണം സംഭവിച്ചാല്‍ സ്വദേശത്തേക്ക് മൃതദേഹം എത്തിക്കുവാന്‍ ഇന്ന് നിലവിലുള്ള ഭാരിച്ച ചിലവ് ലഘൂകരിക്കാന്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ഇത്തരം സൗകര്യമേര്‍പ്പെടുത്തിയാല്‍ അതിഥി തൊഴിലാളികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വലിയ ആശ്വാസകരമാവുമെന്നും ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കും.
മേല്പറമ്പില് വെച്ച് നടന്ന ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി കുടുംബ സംഗമം ഡിസ്ട്രിക്ട് എ.ഡി.എസ് ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ജലീല്‍ കക്കണ്ടം, ടി.കെ നസീര്‍, സി.എല്‍ റഷീദ്, ഫാറൂഖ് കാസ്മി, എം.എം നൗഷാദ്, ഷാഫി എ.നെല്ലിക്കുന്ന്, എം.എ സിദ്ദീഖ്, എ.കെ.ഫൈസല്‍, മജീബ് അഹ്മദ്, കെ.സി ഇര്‍ഷാദ്, ടി.എ ആസിഫ്, മഹമൂദ് ഇബ്രാഹിം എരിയാല്‍ എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ ആമു ഓറവങ്കര, ഷിഹാബ് തോരവളപ്പില്‍, അന്‍വര്‍ ഷെംനാട്, ബി.ആര്. ക്യൂ മുസ്തഫ, ഹലീമ ഷരീഫ്, ഷിഫാനി മുജീബ്, ഷബാന ഷാഫി എന്നിവര്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സെക്രട്ടറി സുനൈഫ് എം.എ.എച്ച് സ്വാഗതവും അഷ്റഫ് ഐവ നന്ദിയും പറഞ്ഞു.