കാഞ്ഞങ്ങാട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് വ്യാപാരികളെ ദുരിതത്തിലാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ ആറിന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് അശാസ്ത്രീയ അടച്ചിടലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധ നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.
ടി.പി.ആര്. അടിസ്ഥാനത്തില്‍ എ, ബി, സി, ഡി കാറ്റഗറി തീരുമാനിച്ചത് തികച്ചും അശാസ്ത്രീയമാണെന്നും ഇതുമൂലം പല വ്യാപാര സ്ഥാപനങ്ങളും രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സോണുകള്‍ നോക്കാതെ സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെങ്കില്‍ അത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആക്കണമെന്നും അതിനോട് സഹകരിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തയ്യാറാണെന്നും യോഗം അറിയിച്ചു.
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ കുത്തക കമ്പനികള്‍ അവശ്യവസ്തുക്കള്‍ വില്‍ക്കാനുള്ള ഉത്തരവിന്റെ മറവില്‍ മറ്റ് എല്ലാവിധ ഉല്‍പ്പന്നങ്ങളും യഥേഷ്ടം വില്‍ക്കുകയും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലും ഒരു മാനദണ്ഡവും പാലിക്കാതെ യഥേഷ്ടം വ്യാപാരം നടത്തുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ചത്തെ സമരം. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് സെക്രട്ടേറിയറ്റിന് മുന്നിലുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ 25000 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5മണിവരെ ഉപവാസ സമരവും നടത്തും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കലക്ടറേറ്റിന് സമീപം ബി.സി റോഡ് ജംഗഷനില്‍ നടത്തുന്ന ഉപവാസ സമരം ഉദുമ എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ആറിന് നടത്തുന്ന സമ്പൂര്‍ണ്ണ കടയടപ്പ് സമരവും ഉപവാസ സമരവും വിജയിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ശങ്കരനാരായണ മയ്യ, എ.എ. അസീസ്, ബി. വിക്രം പൈ, ടി.എ. ഇല്യാസ്, ഹരിഹര സുധന്, ശശിധരന് ജി.എസ്., ശിഹാബ് ഉസ്മാന് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.