കാസര്‍കോട്: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 12 മണിമുതല്‍ ആരംഭിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണിവരെ നീണ്ടു നില്‍ക്കും. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
എന്നാല്‍ സി.ഐ. ടി.യു പണിമുടക്കില്‍ പങ്കെടുക്കില്ല. ഭരണകക്ഷി സംഘടനയായ എ.ഐ. ടി.യു.സി പണിമുടക്കില്‍ പങ്കെടുക്കും. ജില്ലയില്‍ ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ബസുകളും പണിമുടക്കില്‍ പങ്കെടുത്തു. മിക്ക സര്‍വ്വീസുകളും മുടങ്ങി. ഏതാനും കെ.എസ്.ആര്‍.ടി. സി ബസുകള്‍ മാത്രമാണ് ഓടിയത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ കൂടുതല്‍ സര്‍വ്വീസുള്ള ദേശീയപാതയില്‍ സ്വകാര്യബസ് സര്‍വീസ് വളരെ കുറവായതിനാല്‍ ഇന്ന് കടുത്ത യാത്രാദുരിതമാണ് നേരിട്ടത്.
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്നുവരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക് കാസര്‍കോട് ജില്ലയിലും ജനജീവിതത്തെ ബാധിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കും. സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളിസംഘടനകളാണ് പണിമുടക്കിലുള്ളത്. ജില്ലയില്‍ നിരവധി സര്‍വീസുകളാണ് സമരത്തെ തുടര്‍ന്ന് മുടങ്ങിയത്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ഇന്ന് രാവിലെ നാല് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. സുള്ള്യ, കണ്ണൂര്‍, മംഗളൂരു ഭാഗങ്ങളിലേക്കായിരുന്നു സര്‍വീസ്. നാല് ബസുകളുടെ സര്‍വീസിന് ശേഷം പിന്നീട് ഒരു ബസും കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ഓടിയില്ല. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നത് കാസര്‍കോട്-മംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായി. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള 344 തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. രാവിലെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ കടുത്ത ദുരിതമാണ് നേരിട്ടത്. പണിമുടക്കിയ തൊഴിലാളികള്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. ശമ്പളം ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളുടെ തീരുമാനം.