ഡോക്ടറിൽ നിന്നും രണ്ട് കോടി തട്ടിയ കേസിലെ പ്രതി രാജസ്ഥാനിൽ പിടിയിൽ
Accused in Rs 2 crore scam from doctor arrested in Rajasthan

കാസർകോട്: ഡോക്ടറിൽ നിന്നും 2 കോടി 23 ലക്ഷം തട്ടിയ കേസിലെ പ്രതിയെ രാജസ്ഥാനിൽ നിന്നും പിടികൂടി. സുനിൽ കുമാർ ജെൻവറിനെ(24 )യാണ് കാസർകോട് സൈബർ ക്രൈം പോലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്ന് പിടികൂടിയത് . ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഭാഗസ്ഥനി പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണ് എന്നുള്ള വിവരം ലഭിച്ചിരുന്നു. 18 ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായും ചെക്ക് ഉപയോഗിച്ച് പിൻവലിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതിയുടേയും മറ്റ് പ്രതികളുടേയും അക്കൗണ്ടുകളിൽ നിന്നുമായി ആകെ 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരിച്ചു കൊടുത്തിരുന്നു. നേരത്തെ ഈ കേസിൽ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ ടിയെ(45 ) അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയാണിയാൾ.
ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാറിന്റെ (ഇൻചാർജ്) നേതൃത്വത്തിൽ എസ് ഐ ശ്രീദാസ് എം വി, എ എസ് ഐ പ്രശാന്ത് കെ, SCPO നാരായണൻ എം,ദിലീഷ് എം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ഡോക്ടറെ ടെലിഗ്രാം വഴിയും ഫോണ്‍ വഴിയും പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ജോലി നല്‍കാതെയും പണം തട്ടിയെടുത്തും വഞ്ചിച്ചുവെന്നാണ് കേസ്.