KIDNAP I ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ ജീവനക്കാരില്‍ തച്ചങ്ങാട് സ്വദേശിയും

ഉദുമ: ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയവരില്‍ തച്ചങ്ങാട് സ്വദേശിയും. തച്ചങ്ങാട് കോട്േടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കമുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. 18 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പല്‍ ഒഴിവാക്കുകയായിരുന്നു. മാര്‍ച്ച് 17ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാനമ രജിസ്‌ട്രേഷനുള്ള 'വിറ്റൂ റിവര്‍' കമ്പനിയുടെ കപ്പലിലെ ജീവനക്കാരാണ് കടല്‍കൊള്ളക്കാരുടെ തടവിലായിരിക്കുന്നത്. മുംബൈ ആസ്ഥാനമായ 'മെരി ടെക് ടാങ്കര്‍' മാനേജ്‌മെന്റാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്.
വിറ്റൂ റിവര്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ 18ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് കപ്പല്‍ റാഞ്ചിയ വിവരം അറിയിച്ചിരുന്നു. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. കപ്പലില്‍ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതര്‍ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയവരെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ വീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പല്‍ കമ്പനി വീട്ടുകാര്‍ക്ക് വിവരം വിവരം കൈമാറിയിട്ടില്ല.