ഭൂമിക്കായി കൈക്കോര്‍ക്കാം...

ഇന്ന് ലോക പരിസ്ഥിതി ദിനം. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ 1973 മുതലാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നത്. ലോക ജന സമൂഹത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായാണ് ഈ ദിനം. 1972-ല്‍ സ്റ്റോക്‌ഹോമില്‍ നടന്ന ഹ്യൂമന്‍ എന്‍വയോണ്‍മെന്റ് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരേ ഒരു ഭൂമി എന്നതായിരുന്നെങ്കില്‍ ഒരു നല്ല ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുക എന്നതാണ് അമ്പത്തിയൊന്നാം വയസ്സില്‍ എത്തി നില്‍ക്കുന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണ സന്ദേശം. […]

ഇന്ന് ലോക പരിസ്ഥിതി ദിനം. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ 1973 മുതലാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നത്. ലോക ജന സമൂഹത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായാണ് ഈ ദിനം. 1972-ല്‍ സ്റ്റോക്‌ഹോമില്‍ നടന്ന ഹ്യൂമന്‍ എന്‍വയോണ്‍മെന്റ് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരേ ഒരു ഭൂമി എന്നതായിരുന്നെങ്കില്‍ ഒരു നല്ല ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുക എന്നതാണ് അമ്പത്തിയൊന്നാം വയസ്സില്‍ എത്തി നില്‍ക്കുന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണ സന്ദേശം. ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് കോറ്റ് ഡി ഐവറിയും ആവശ്യമായ പിന്തുണ നല്‍കുന്നത് നെതര്‍ലാന്‍ഡുമാണ്.
ആസുരമായ വര്‍ത്തമാനകാലത്ത് ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോള്‍ ആര്‍ത്തി മൂത്ത മനുഷ്യനെ നിലക്ക് നിര്‍ത്താന്‍ പ്രകൃതി ദുരന്തങ്ങളും മഹാമാരികളും പൊട്ടി പുറപ്പെടുന്നു. ഓരോ വര്‍ഷവും ആയിരകണക്കിന് പ്രകൃതി ദുരന്തങ്ങളാണ് ലോകത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഭൂമി മാതാവിന്റെ മാറ് പിളര്‍ന്ന് ചോരയും നീരും ഊറ്റി കുടിച്ചും മണ്ണും വിണ്ണും കടലും കായലും കുന്നും പുഴയും വില്‍പന ചരക്കാക്കിയും ആസ്തി വര്‍ദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ തന്നെയാണ് മനുഷ്യകുലവും ഭരണകൂടങ്ങളും.
ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ വലിയ തോതില്‍ ഭീഷണിയുയര്‍ത്തുന്നതായി ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി) ഏറ്റവും പുതിയ പഠനങ്ങളും അടിവരയിട്ട് പറയുന്നു.
നൈട്രജന്‍, ഓക്‌സിജന്‍, ആര്‍ഗണ്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ഹീലിയം, ക്രിപ്‌റ്റോണ്‍, ഹൈഡ്രജന്‍, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങി ഒട്ടനവധി വാതകങ്ങളുടെ കലവറയാണ് നമ്മുടെ അന്തരീക്ഷം. 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും ബാക്കി ഒരു ശതമാനം മേല്‍ പറഞ്ഞ നിരവധി വാതകങ്ങളുമാണ് ഭൂമിയെ അഷ്ടഗ്രഹങ്ങളില്‍ വ്യത്യസ്തയാക്കി നിര്‍ത്തുന്നത്.
2000ത്തിന് ശേഷം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടേയും ബലൂണ്‍ നീരിക്ഷണങ്ങളിലൂടേയും നടന്ന അന്തരീക്ഷ പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഓസോണ്‍ നശീകരണ പദാര്‍ത്ഥങ്ങളുടെ അമിത സാന്നിധ്യം മൂലം ഓസോണ്‍ കുടയില്‍ ചില പ്രത്യേക സമയങ്ങളില്‍, ചില പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വലിയ വിള്ളലുകള്‍ ഉണ്ടാകുന്നു എന്നാണ്. അന്റാര്‍ട്ടിക്കക്ക് മുകളില്‍ ധ്രുവനീര്‍ച്ചുഴി എന്ന വൃത്താകൃതിയിലുള്ള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാര്‍ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ (സി.എഫ്.സി) അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിന്‍ ഓസോണ്‍ പാളിയെ അക്രമിച്ച് ഓസോണ്‍ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുകയുണ്ടായി. 2006 സെപ്തംബറില്‍ 29.5 ദശലക്ഷം വിസ്തൃതിയില്‍ (ഏകദേശം വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തേക്കാള്‍ വലുത്) ഓസോണ്‍ തുള ഉണ്ടായത് ലോക മന:സാക്ഷിയെ തന്നെ ഞെട്ടിക്കുകയുണ്ടായി. ഓസോണ്‍ ശോഷണം പരിധി വിട്ട് തുടര്‍ന്ന് പോയാല്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതി വന്നപ്പോഴാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചതും ഓസോണ്‍ ശോഷണം കുറഞ്ഞു തുടങ്ങിയതും.
ഭൂമിയെ ചാരമാക്കി മാറ്റാന്‍ കെല്‍പ്പുള്ള അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള വിഷ രശ്മികള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മനുഷ്യനില്‍ മാരകങ്ങളായ രോഗങ്ങളാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ വര്‍ദ്ധന മൂലം ഉണ്ടാവുക. നേത്രരോഗങ്ങള്‍, വിവിധ തരം ത്വക് രോഗങ്ങള്‍, കാന്‍സര്‍, ജനിതകരോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വര്‍ദ്ധിക്കും. ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാവും. പുത്തന്‍ മഹാമാരികള്‍ക്ക് പിന്നിലും ഒരു പക്ഷേ കാലാവസ്ഥ വ്യതിയാനമാവാം. പ്രകാശസംശ്ലേഷണം, പുഷ്പിക്കല്‍, പരാഗണം എന്നിവയെ ബാധിക്കുന്നതിനാല്‍ ചെടികളുടെ സര്‍വ്വനാശത്തിന് കാരണമാകും. മുഖ്യ ഭക്ഷ്യ വിളകളായ ഗോതമ്പ്, നെല്ല്, ചോളം എന്നിവയെ വലിയ തോതില്‍ ബാധിക്കുന്നതിനാല്‍ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അള്‍ട്രാവയലറ്റിന്റെ വര്‍ദ്ധനവ് ഭക്ഷ്യോല്‍പ്പാദനത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-മാലിന്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു പ്രധാന വെല്ലുവിളിയായി നിലനില്‍ക്കുന്നു. ജനസംഖ്യ വിസ്‌ഫോടനം ഭൂമിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
മഹാന്‍മാരായ കാറല്‍ മാര്‍ക്‌സും മഹാത്മ ഗാന്ധിയും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നല്‍കിയ സന്ദേശങ്ങള്‍ മുഖവിലക്കെടുത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുള്ള തികച്ചും ശാസ്ത്രീയ അടിത്തറയുള്ള, പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്താകെ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്‍പ്പവും ജീവിതരീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.
( ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബേത്തൂര്‍പ്പാറ ജിയോളജി അധ്യാപകനാണ് ലേഖകന്‍)

സുനില്‍കുമാര്‍ കരിച്ചേരി

Related Articles
Next Story
Share it