പോരാടാം...സാന്ത്വനമേകാം... ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍കരണ ദിനം

ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍കരണ ദിനം. വര്‍ധിച്ച് വരുന്ന കാന്‍സര്‍ രോഗത്തിന് തടയിടാനും സമൂഹത്തെ ബോധവല്‍കരിക്കാനും രോഗികള്‍ക്ക് ആത്മധൈര്യം പകരാനുമുള്ള ശ്രമങ്ങള്‍ ലോകത്ത് സജീവമാണ്. 'കാന്‍സറിനെ തടയാനുള്ള ബോധവല്‍കരണം, നേരത്തെയുള്ള രോഗനിര്‍ണയം, ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ കാന്‍സര്‍ ബോധവല്‍കരണ ദിന പ്രമേയം. കാന്‍സര്‍ രോഗം, ചികിത്സ, ബോധവല്‍കരണം എന്നിവയെ കുറിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു സിറിയക് ഉത്തരദേശം ഓണ്‍ലൈനുമായി സംസാരിക്കുന്നു. ഡോക്ടര്‍ ഈ വര്‍ഷത്തെ കാന്‍സര്‍ […]

ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍കരണ ദിനം. വര്‍ധിച്ച് വരുന്ന കാന്‍സര്‍ രോഗത്തിന് തടയിടാനും സമൂഹത്തെ ബോധവല്‍കരിക്കാനും രോഗികള്‍ക്ക് ആത്മധൈര്യം പകരാനുമുള്ള ശ്രമങ്ങള്‍ ലോകത്ത് സജീവമാണ്. 'കാന്‍സറിനെ തടയാനുള്ള ബോധവല്‍കരണം, നേരത്തെയുള്ള രോഗനിര്‍ണയം, ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ കാന്‍സര്‍ ബോധവല്‍കരണ ദിന പ്രമേയം. കാന്‍സര്‍ രോഗം, ചികിത്സ, ബോധവല്‍കരണം എന്നിവയെ കുറിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു സിറിയക് ഉത്തരദേശം ഓണ്‍ലൈനുമായി സംസാരിക്കുന്നു.


ഡോക്ടര്‍ ഈ വര്‍ഷത്തെ കാന്‍സര്‍ ബോധവത്കരണ ദിന പ്രമേയം 'കാന്‍സറിനെ തടയാനുള്ള ബോധവല്‍കരണം, നേരത്തെയുള്ള രോഗനിര്‍ണയം, ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക' എന്നാണല്ലോ? ഇതിന്റെ പ്രസക്തി വിശദമാക്കാമോ?

പാരമ്പര്യമായി വരുന്ന കാന്‍സറുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെ കാന്‍സറിനെ പ്രതിരോധിക്കാനാവും. സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ കാന്‍സറുകളെ കണ്ടെത്താനാവും. പാപ്സ്മിയര്‍, മാമോഗ്രാം, ലംഗ് സ്‌ക്രീനിംഗ് സി.ടി സ്‌കാന്‍, പി.എസ്.എ ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകളിലൂടെ കാന്‍സറിനെ നേരത്തെ കണ്ടുപിടിക്കാനും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും. ഉദാഹരണത്തിന് ഒന്നാമത്തെ സ്റ്റേജില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ആ രോഗിക്ക് സര്‍ജറി മാത്രമേ ആവശ്യമുള്ളു. നേരെ മറിച്ച് രണ്ട്, മൂന്ന് സ്റ്റേജ് ആണെങ്കില്‍ സര്‍ജറിക്കൊപ്പം കീമോ തെറാപ്പിയും റേഡിയേഷനും ഹോര്‍മോണ്‍ ചികിത്സയും ആവശ്യമായി വരും. ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നത് പ്രധാനമാണ്. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും പൂര്‍ണമായും ചികിത്സ ലഭ്യമല്ല. എന്നാല്‍ 60 മുതല്‍ 70 ശതമാനം വരെ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ജില്ലയില്‍ ഉണ്ടെന്നതും വസ്തുതയാണ്.

കാന്‍സര്‍ വന്നാല്‍ മരണം എന്ന ഭൂരിപക്ഷ ചിന്ത കൊണ്ടാവാം കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ ഒരുതരം പേടിയാണ് പലരിലും. ഇത്തരമൊരു മാനസിക നിലയ്ക്ക് മാറ്റം വരുത്താന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?

ഒരു പരിധി വരെ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കാരണം, കാന്‍സറിനെ അതിജീവിച്ചവരുടെ സംഗമവും മറ്റ് പരിപാടികളും കാന്‍സര്‍ ബാധിച്ചതിന് ശേഷം സ്വാഭാവിക ജിവീതത്തിലേക്ക് മടങ്ങിവന്ന രോഗികളെ കാണുമ്പോള്‍ സമൂഹത്തിലുണ്ടായ മാറ്റങ്ങളും തീര്‍ച്ചയായും കാന്‍സറിനെതിരെ ശക്തമായ ബോധവല്‍കരണം തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

കാന്‍സര്‍ രോഗ ചികിത്സ ജില്ലയില്‍ എങ്ങനെയാണ്? എന്താണ് ജില്ലയില്‍ ആകെയുള്ള സാഹചര്യം?

ജില്ലയില്‍ കാന്‍സര്‍ രോഗത്തിന് മുഴുവന്‍ സമയ ചികിത്സ ലഭ്യമാകുന്നത് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമാണ്. ഈ രണ്ട് ആസ്പത്രികളില്‍ കീമോ തെറാപ്പി, സര്‍ജറി സൗകര്യങ്ങള്‍ ലഭ്യമാണ്. റേഡിയേഷന്‍ ചികിത്സ സ്വകാര്യ ആസ്പത്രികള്‍ ഉള്‍പ്പെടെ എവിടെയും ഇല്ല. കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ജില്ലയില്‍ ലഭ്യമാണെന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. എങ്കില്‍ പോലും റേഡിയേഷന്‍ ആവശ്യമായി വരുന്നത് 30 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ചികിത്സയില്‍ ജില്ലയില്‍ നിന്ന് തന്നെ കൊടുക്കാവുന്നതാണ്. എങ്കില്‍പോലും ജില്ലയിലെ ആളുകളുടെ അജ്ഞതയും വിശ്വാസക്കുറവും ജില്ലയില്‍ ചികിത്സ കാര്യക്ഷമമല്ല, എല്ലാ ചികിത്സയും ലഭ്യമല്ല തുടങ്ങിയ ഊഹാപോഹത്തിന് ബലമേകുന്നുണ്ട്.

രോഗം കണ്ടെത്തിയതിന് ശേഷമുള്ള രോഗികളുടെ മനോഭാവം ഏറെ പ്രധാനമാണല്ലോ. ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

കാന്‍സര്‍ എന്നല്ല ഏത് രോഗാവസ്ഥയിലും രോഗി പോസിറ്റീവായി ആ അവസ്ഥയെ കൈകാര്യം ചെയ്യുക എന്നത് വളരെ നല്ല കാര്യമാണ്. നല്ല മനോഭാവമുണ്ടെങ്കില്‍ ചികിത്സ മികച്ചതാവും എന്ന് സമര്‍ത്ഥിക്കുന്നതിന് നിലവില്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ തെളിവുകളില്ല. പക്ഷെ, പോസിറ്റീവ് മനോഭാവം ഉണ്ടെങ്കിലേ ചികിത്സ മികച്ചതായും വിജയകരമായും പൂര്‍ത്തിയാക്കാനാവൂ. മനസ്സ് കൊണ്ട് മടുത്തിരിക്കുന്ന ഒരു രോഗിക്ക് കീമോ തെറാപ്പിക്കും സര്‍ജറിക്കും ശേഷം ഉണ്ടാവുന്ന അനന്തരഫലങ്ങള്‍ ചെറുതാണെങ്കില്‍ പോലും അത് താങ്ങാനാവാതെ വരികയും ഭക്ഷണം ഉള്‍പ്പെടെയുള്ളവ കഴിക്കാതിരുന്നാല്‍ പോഷകലഭ്യത കുറയുകയും ശരീരത്തെയും ചികിത്സയെയും ബാധിക്കുകയും ചെയ്യുന്നു.

നിലവില്‍ കാന്‍സര്‍ രോഗത്തെ നേരത്തെ നിര്‍ണയിക്കാനുള്ള സംവിധാനങ്ങള്‍ സജീവമാണ്. അതുകൊണ്ട് നേരത്തെ അഥവാ പ്രാഥമിക സ്റ്റേജില്‍ തന്നെ കണ്ടെത്തുന്ന കേസുകളുടെ എണ്ണം കൂടിയിട്ടുണ്ടോ?

തീര്‍ച്ചയായും. സ്‌ക്രീനിംഗ് സംവിധാനം നമ്മുടെ രാജ്യത്തും മറ്റ് രാജ്യങ്ങളിലും മികച്ച രീതിയില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ കണ്ടുപിടിക്കുന്ന കാന്‍സറുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടുപിടിക്കുന്നത് കൂടുതലും സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെയാണ്.


വിവിധ തരം കാന്‍സറുകള്‍ ഉണ്ടല്ലോ? ഇതില്‍ കൂടുതല്‍ കണ്ടു വരുന്നത് ഏതാണ്? എന്തായിരിക്കാം കാരണം?

ഓരോ രാജ്യങ്ങളിലും ഓരോ കാന്‍സറുകളായിരിക്കും മുന്നില്‍ നില്‍ക്കുന്നത്. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും വ്യത്യാസമുണ്ട്. ഇന്ത്യയില്‍ തന്നെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വ്യത്യസ്ത കാന്‍സറുകളാണ് കൂടുതലായി കണ്ടുവരുന്നത്. ഓരോ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും സംസ്‌കാരവും ജീവിതശൈലിയും ഒക്കെ ഇതിനെ സ്വാധീനിക്കുന്നു. പൊതുവെ ലോകത്ത് കണ്ടുവരുന്നത് സ്തനാര്‍ബുദവും വായിലെ കാന്‍സറുമാണ്. ഇത് രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ മാറിമാറി വരും. പത്ത് വര്‍ഷം മുമ്പ് വരെ ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും ഗര്‍ഭാശയഗള കാന്‍സറായിരുന്നു കൂടുതല്‍ കണ്ടിരുന്നത്. പക്ഷെ, കൃത്യമായ ചികിത്സയും പ്രതിരോധവും സ്വീകരിച്ചതോടെ ഇതിന്റെ തോത് കുറഞ്ഞു.

ജീവിത ശൈലികള്‍ എങ്ങനെയൊക്കെ കാന്‍സര്‍ രോഗ ബാധയെ സ്വാധീനിക്കുന്നുണ്ട്?

കാന്‍സറിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭാഗത്ത് നിന്ന് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു കാര്യവും മികച്ച ജീവിത ശൈലി പിന്തുടരുക എന്നതാണ്. പ്രധാനമായും കാന്‍സര്‍ രോഗം വരുത്താനുള്ള കാര്‍സിനോജന്‍ പദാര്‍ത്ഥങ്ങളെ വിവിധ കാറ്റഗറിയില്‍ തിരിച്ചിട്ടുണ്ട്. മദ്യപാനം, പുകയില, പുകവലി, റെഡ് മീറ്റ്, കൃത്യമായ വ്യായാമമില്ലായ്മ, സൂര്യപ്രകാശത്തിലൂടെ ഏല്‍ക്കുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഇവയൊക്കെ കാന്‍സര്‍ ബാധയിലേക്ക് നയിക്കാന്‍ കാരണമാകുന്നു.

ഒരു തവണ കാന്‍സര്‍ വന്ന് പൂര്‍ണമായി ഭേദം ആയാലും ചില കേസുകളില്‍ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടല്ലോ? എന്തുകൊണ്ടാണിങ്ങനെ? ഇതിനെ മറി കടക്കാനാകുമോ ?

എല്ലാ കാന്‍സറുകളും പൂര്‍ണമായും ഭേദമാക്കാനാവും എന്ന് പറയുമെങ്കിലും രോഗം തിരിച്ച് വരാനുള്ള ചെറിയ ശതമാനം സാധ്യത എപ്പോഴുമുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. ഒന്നുകില്‍ ശരീരത്തില്‍ നിന്ന് കാന്‍സര്‍ രോഗം പൂര്‍ണമായും മാറിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ രണ്ടാമത് വരുന്നത് മറ്റൊരു കാന്‍സറായിരിക്കാം. എന്ത് തന്നെയായാലും കാന്‍സര്‍ ഏത് സ്റ്റേജിലാണെങ്കിലും ചെറിയ ശതമാനം പേരില്‍ കാന്‍സര്‍ രണ്ടാമത് വരാനുള്ള സാധ്യത ഉണ്ട്. എന്തുകൊണ്ട് തിരികെ വരുന്നു. അതിന് എന്തെല്ലാം ഘടകങ്ങള്‍ അതിനെ ആശ്രയിച്ചിരിക്കുന്നു എന്നുള്ള കാര്യങ്ങളൊക്കെ അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. എല്ലാ കാന്‍സറും ഒരുപോലെ അല്ല.

കാന്‍സര്‍ രോഗത്തെ ഫലപ്രദമായി നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനം എത്രമാത്രം വളര്‍ന്നിട്ടുണ്ട് ?

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ജില്ലാ ജനറല്‍ ആസ്പത്രിയിലും കാന്‍സര്‍ രോഗ ചികിത്സക്കുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒട്ടുമിക്ക സര്‍ക്കാര്‍ ആസ്പത്രികളിലും മാമോഗ്രാം ഉള്‍പ്പെടെയുള്ള സ്‌ക്രിനിംഗ് പ്രോഗ്രാമുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. ചികിത്സിച്ച് ഭേദമാക്കാവുന്ന സ്റ്റേജ് ഒന്ന്, സ്റ്റേജ് രണ്ട് സ്തനാര്‍ബുദങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്നില്ല. ഇതുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഇന്ന് ലഭ്യമാണ്. സ്വകാര്യ ആസ്പത്രികളിലും കാന്‍സര്‍ ചികിത്സയ്ക്കുള്ള ആധുനിക സൗകര്യങ്ങളുണ്ട്.

കാന്‍സറിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍ കരുതല്‍ എടുക്കണം?

നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് കാന്‍സര്‍ ഒരു പരിധി വരെ മാത്രമേ നമുക്ക് തടയാന്‍ പറ്റുകയുള്ളൂ. നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുക. കൃത്യമായി പറഞ്ഞാല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് ചെയ്യുക. നാല്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ രണ്ട് വര്‍ഷം ഇടവേളയില്‍ മാമോഗ്രാം ചെയ്യുക. സര്‍ജനെ അല്ലെങ്കില്‍ ഏതെങ്കിലും ഡോക്ടറെ കണ്ടോ പരിശോധനകള്‍ നടത്തുക. ഗര്‍ഭാശയഗള കാന്‍സറിനെ കണ്ടെത്താന്‍ പാപ്സ്മിയര്‍ ടെസ്റ്റിന് സ്ത്രീകള്‍ വിധേയരാവണം. ഒപ്പം തന്നെ എല്ലാവരും ജീവിതശൈലികള്‍ ശ്രദ്ധിക്കുക. മധുരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. പുകവലി, മദ്യപാനം ഒഴിവാക്കുക. ജനിതകപരമായും പാരമ്പര്യമായും ഉണ്ടാകുന്ന കാന്‍സറുകളും ഉണ്ട്. എങ്കില്‍പോലും അതിന്റെ തീവ്രതയും ആഘാതവും നമുക്ക് നമ്മുടെ ജീവിതശൈലിയില്‍ കൊണ്ടുവരുന്ന മാറ്റത്തിലൂടെ കുറക്കാനാവും.

വ്യക്തിപരമായി താങ്കള്‍ ഓങ്കോളജിസ്റ്റ് ആവണമെന്ന തീരുമാനത്തില്‍ പ്രത്യേക കാരണം എന്തെങ്കിലും ഉണ്ടോ ?

എന്റെ അച്ഛന്റെ അമ്മ, അച്ഛന് മൂന്ന് വയസ്സുള്ളപ്പോഴാണ് മരിക്കുന്നത്. 1950ല്‍. സ്തനാര്‍ബുദം ആയിരുന്നു. അച്ഛനെ ആ മരണം നന്നായി തളര്‍ത്തിയിരുന്നു. അത് ചെറുപ്പത്തിലേ അച്ഛനില്‍ നിന്ന് കേട്ടിട്ടുണ്ട്. കുടുംബത്തിലും ഒരുപാട് പേര്‍ക്ക് കാന്‍സര്‍ വന്നു. ഇതിന്റെയൊക്കെ വിഷമം മനസിലുണ്ട്. ഡോക്ടര്‍ ആയപ്പോള്‍ തന്നെ രോഗികളോട് ഒരു കരുതലുണ്ടായിരുന്നു. സഹോദരനും കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനാണ്. അങ്ങനെയാണ് കാന്‍സര്‍ രോഗ ഡോക്ടര്‍ ആവാനുള്ള തീരുമാനത്തിലെത്തുന്നത്.

-നിധീഷ് ബാലന്‍

Related Articles
Next Story
Share it