'തോക്കെടുക്കാന്‍<br>മറക്കല്ലെ, ടീച്ചറേ!'

'അങ്കണ്‍വാടിയില്‍ പോകാന്‍ വൈകുന്നു. എവിടെ എന്റെ കൈത്തോക്ക്?' ഒരു അങ്കണ്‍വാടി അധ്യാപികയുടെ അങ്കലാപ്പോടെയുള്ള അന്വേഷണമാണ്. 'കൈത്തോക്കും കൊണ്ടല്ലാതെ ക്ലാസില്‍ കയറാന്‍ വയ്യ'!അത്ഭുതം തോന്നുന്നു. അല്ലേ? എന്നാല്‍ ഇതാണത്രെ അവിടെ നാട്ടുനടപ്പ്. അങ്ങ് ദൂരെ അമേരിക്കയില്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഒരു ക്വിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപിക തുടങ്ങിവെച്ചു; പിന്നെ പലരും അനുകരിച്ചു; വ്യാപകമായി അംഗീകാരം നേടി.നമ്മുടെ നാട്ടില്‍ അങ്കണ്‍വാടി അധ്യാപികമാര്‍ കുഞ്ഞുങ്ങളെ ആദ്യം തന്നെ എഴുത്തും വായനയും കണക്കുകൂട്ടലുമല്ലല്ലോ പരിശീലിപ്പിക്കുക. അതെല്ലാം ഒന്നാം ക്ലാസിലെത്തിയ ശേഷം. അങ്കണ്‍വാടിയില്‍ പാട്ടും കളിയും […]

'അങ്കണ്‍വാടിയില്‍ പോകാന്‍ വൈകുന്നു. എവിടെ എന്റെ കൈത്തോക്ക്?' ഒരു അങ്കണ്‍വാടി അധ്യാപികയുടെ അങ്കലാപ്പോടെയുള്ള അന്വേഷണമാണ്. 'കൈത്തോക്കും കൊണ്ടല്ലാതെ ക്ലാസില്‍ കയറാന്‍ വയ്യ'!
അത്ഭുതം തോന്നുന്നു. അല്ലേ? എന്നാല്‍ ഇതാണത്രെ അവിടെ നാട്ടുനടപ്പ്. അങ്ങ് ദൂരെ അമേരിക്കയില്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഒരു ക്വിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപിക തുടങ്ങിവെച്ചു; പിന്നെ പലരും അനുകരിച്ചു; വ്യാപകമായി അംഗീകാരം നേടി.
നമ്മുടെ നാട്ടില്‍ അങ്കണ്‍വാടി അധ്യാപികമാര്‍ കുഞ്ഞുങ്ങളെ ആദ്യം തന്നെ എഴുത്തും വായനയും കണക്കുകൂട്ടലുമല്ലല്ലോ പരിശീലിപ്പിക്കുക. അതെല്ലാം ഒന്നാം ക്ലാസിലെത്തിയ ശേഷം. അങ്കണ്‍വാടിയില്‍ പാട്ടും കളിയും പരിശീലിപ്പിക്കണം. സ്വഭാവ രൂപവത്കരണത്തിനുതകുന്ന കഥകള്‍ പറഞ്ഞുകൊടുക്കണം. ദൃശ്യ പ്രധാനമായിരിക്കണം ക്ലാസ് മുറി. അതിനാവശ്യമായ പരിശീലനം നേടിയവരായിരിക്കും അധ്യാപികമാര്‍. ഉചിതമായ പരിശീലനോപകരണങ്ങളും കയ്യിലേന്തിയിട്ടാണ് അവര്‍ ക്ലാസിലേക്ക് പോകുക.
എന്നാല്‍, ഇതാ, തികച്ചും വ്യത്യമായ വിചിത്രമായ ഒരു വാര്‍ത്ത: ഞെട്ടിപ്പിക്കുന്നത്: പോക്കറ്റില്‍ തിരുകിവെച്ച കൈത്തോക്കുമായി ക്ലാസിലേക്കു പോകുന്ന അധ്യാപികമാര്‍! ലക്ഷ്യം തെറ്റാതെ വെടിവെക്കുന്നതിനുള്ള പരിശീലനം നേടിയവരായിരിക്കും അവര്‍. അവരുടെ ട്രെയിനിംഗിന്റെ ഭാഗമാണ് അതും. സ്‌പെഷ്യല്‍ ട്രെയിനിംഗ്. അവിശ്വസനീയമായി തോന്നുന്നുണ്ടോ? വെറുതെ കെട്ടുകഥ പറയുകയല്ല. അടുത്ത കാലത്തായി ആരംഭിച്ചതാണ് കൈത്തോക്കുമായി അധ്യാപികമാരുടെ ക്ലാസില്‍ പോക്ക്. അവിടെ അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ അതിന് തക്കതായ കാരണമുണ്ട്. ഗത്യന്തരമില്ലാത്തത് കൊണ്ട് ചെയ്യുന്നതാണ്. അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും ഈ അസാധാരണ നടപടി നിലവില്‍ വന്നു കഴിഞ്ഞു എന്നാണ് വാര്‍ത്ത. കുട്ടികളെ കിന്റര്‍ ഗാര്‍ട്ടനിലേക്കയക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ആശ്വാസം തേന്നും ഈ പരിഷ്‌കാരത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍. സാഹചര്യം അതാണല്ലോ.
കുറേക്കാലമായി അമേരിക്കയില്‍ എന്താണ് നടക്കുന്നത്? ഓര്‍ക്കാപ്പുറത്ത് ഒരാള്‍ നിറത്തോക്കുമായി കയറിവരും. സ്‌കൂളോ, കടയോ തിയേറ്ററോ എന്ന വ്യത്യാസമില്ല; ആരാധനാലയങ്ങളെയും ഒഴിവാക്കുകയില്ല. പിന്നെ തുരുതുരാ വെടി തന്നെ. വെടിയൊച്ചയും കുട്ടികളുടെയും അധ്യാപികമാരുടെയും നിലവിളിയും കേട്ട് ഓടിക്കൂടുന്നവര്‍ക്കും വെടിയേല്‍ക്കും. തോക്ക് കാലിയാകുന്നത് വരെ വെടിയോട് വെടി തന്നെ. അതിനിടയില്‍ ഏതെങ്കിലുമൊരു സാഹസികന്‍ തോക്കുമെടുത്ത് ഓടി വന്ന് അക്രമിയുടെ കഥ കഴിച്ചു എന്ന് വരും. അല്ലെങ്കില്‍ ചിലപ്പോള്‍ അക്രമി തന്നെ അവസാനത്തെ ഉണ്ട സ്വന്തം തലയിലേക്ക് വിടും. തലയില്‍ തുളഞ്ഞു കയറുന്നതോടെ തീര്‍ന്നു ദുരന്തകഥ. എത്രയോ ഇടങ്ങളില്‍ നടന്നിട്ടുള്ള ചോരക്കളി.
ഇതിന് അറുതി വരുത്തേണ്ടേ? സര്‍ക്കാരാണ് അത് ചെയ്യേണ്ടത്. തോക്ക് കൈവശം വെക്കുന്നതിന് കര്‍ശനമായ നിരോധനം-നിയന്ത്രണമെങ്കിലും ഏര്‍പ്പെടുത്തണം. എന്നാല്‍, അമേരിക്കയിലെ ഒരു കൂട്ടം പൗരാവകാശികള്‍ ആയുധ നിയന്ത്രണത്തിന് എതിരാണ്. തോക്കും കയ്യിലേന്തി നടക്കുക, തോന്നുമ്പോഴെല്ലാം കാഞ്ചി വലിക്കുക ഇത് മൗലികമായ പൗരാവകാശമാണത്രെ. തോക്കുകച്ചവടക്കാരുടെ പരസ്യവാചകം ഇങ്ങനെ: 'നിങ്ങള്‍ക്കും വേണ്ടെ, അത് പോലെ ഒരെണ്ണം, നമ്മുടെ പ്രസിഡണ്ടുമാരില്‍ പലരുടെയും കഥ കഴിക്കാന്‍ ഉപയോഗിച്ചത് മാതിരി ഒരു തോക്ക്. ഞങ്ങളെ സമീപിക്കുക. നേരിട്ട് വരണമെന്നില്ല; ഓണ്‍ലൈന്‍ ഏര്‍പ്പാടുണ്ട്: ഇതോടൊപ്പമുള്ള നമ്പറില്‍ ബന്ധപ്പെടുക. ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം'. അടിയില്‍ നാലഞ്ച് പേരുടെ ഫോട്ടോകള്‍. അബ്രഹാം ലിങ്കണ്‍, കെന്നഡി സഹോദരന്മാര്‍…
കൊടും കൊലയാളികളെ അനുകരണീയരായ മാതൃകാപുരുഷന്മാരായി വാഴ്ത്തുന്നവരുടെ നാട്ടില്‍ ക്വിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികമാര്‍ തോക്കുപയോഗിക്കാന്‍ പരിശീലനം നേടി മടിക്കുത്തില്‍ സദാതോക്കും തിരുകിവെച്ച് വേണ്ടേ നടക്കാന്‍, ക്ലാസില്‍ പോകാന്‍. തങ്ങളുടെയും കുട്ടികളുടെയും രക്ഷയെക്കരുതി മുന്‍ കരുതല്‍ സ്വയം ചെയ്യുക. സര്‍ക്കാര്‍ രക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല, അതാണനുഭവം.
പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണം കയ്യാളുന്നവര്‍ക്കുണ്ട്; സംരക്ഷണത്തിനുള്ള അവകാശം പൗരന്മാര്‍ക്കും. "റൈറ്റ് ടു ലിവ്". ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21. ജീവിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്തസോടെ, ആത്മാഭിമാനത്തോടെ, സന്തുഷ്ടിയോടെ, പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുക. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു.
നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനും എത്രയോ മുമ്പെ നിലവിലുള്ളതാണ് അമേരിക്കന്‍ ഭരണഘടന. നമ്മുടെ ഭരണഘടന എഴുതിത്തയ്യാറാക്കുന്നതിന് മുന്നോടിയായി, ഉചിതമായ മാതൃകനേടി ചില രാജ്യങ്ങളുടെ ഭരണഘടനകള്‍ പരിശോധിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ അമേരിക്കന്‍ ഭരണഘടനയും ഉണ്ടായിരുന്നു. ഭാഗ്യം: ആയുധോപയോഗം സംബന്ധിച്ച വകുപ്പ് സ്വീകരിക്കണമെന്ന് തോന്നാതിരുന്നത്. ആയുധം കൈവശം വെക്കുന്നതിനും യഥേഷ്ടം എവിടെയും ഉപയോഗിക്കുന്നതിനും അമേരിക്കന്‍ ഭരണഘടന പ്രകാരം പൗരാവകാശമാണല്ലോ. ഓഹിയോ നഗരത്തിലെ ഒരു ക്വിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപിക ക്ലാസ് മുറിയില്‍ കുട്ടികളുടെ രക്ഷക്കായി പലതും ചെയ്തു. ബുക്ക് ഷെല്‍ഫുകള്‍ ബാരിക്കേഡ് പോലെ വാതില്‍ക്കല്‍ നിരത്തി പ്രതിരോധക്കോട്ട ചമച്ചു. അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കാനായി 'സ്‌പ്രേ' കരുതി. സര്‍ക്കാര്‍ പലതും ചെയ്തതായി അവകാശപ്പെട്ടു. എന്നിട്ടും, ഓഹിയോയില്‍ തന്നെ 19 കുട്ടികളും രണ്ട് അധ്യാപികമാരും വെടിയുണ്ടക്കിരയായി. പല സ്‌കൂള്‍ കെട്ടിടങ്ങളും വളരെ പഴക്കമുള്ളവ. സുരക്ഷിതത്വം ഉറപ്പാക്കുന്ന പൂട്ട് പോലുമില്ല പലേടത്തും. 'മാന്‍ഡി' എന്ന കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപിക തന്റെ സ്‌കൂളിലേക്കായി ഒരു 9 എം.എം. പിസ്റ്റര്‍ വാങ്ങി; വെടിവെക്കാന്‍ പഠിച്ചു. മറ്റധ്യാപികമാരെ പരിശീലിപ്പിച്ചു. ഇപ്പോള്‍ ടെക്‌സാസിലെ മൂന്നിലൊന്ന് സ്‌കൂള്‍ സ്റ്റാഫംഗങ്ങളും സായുധരാണത്രെ.. എന്നാല്‍ ഭരണകൂടം ഇതിനെതിരാണ്. ഇതുകൊണ്ടൊന്നും പ്രശ്‌നം തീരില്ല. കൂടുതല്‍ അപകടകരമാകുകയേയുള്ളുവെന്ന് വാദിക്കുന്നു. എന്നാല്‍ മറുഭാഗം പറയുന്നതെന്തെന്ന് ശ്രദ്ധിക്കുക. 'തോക്കേന്തിയെത്തുന്ന ഒരു തെമ്മാടിയെ നേരിടാനുള്ള ഏക മാര്‍ഗം തോക്കേന്തിയ ഒരു നല്ലവള്‍ ആണ്. അങ്കണ്‍വാടി ടീച്ചര്‍മാര്‍ മറക്കാതെ പരിശീലിക്കുക വെടിവെക്കാന്‍. ആവശ്യം വരുമ്പോള്‍ കാഞ്ചിയില്‍ വിരലമര്‍ത്തുക.
സ്‌കൂളില്‍ പോകാനായി ഒരുങ്ങുന്ന അമ്മയോട് മകള്‍: "അമ്മേ തോക്കെടുക്കാന്‍ മറക്കല്ലേ?
"അമ്മ: മോളേ, 'വെടി' ക്ലാസില്‍ മുടങ്ങാതെ അറ്റന്റ് ചെയ്യണേ! ഒരു തോക്കിന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

-നാരായണന്‍ പേരിയ

Related Articles
Next Story
Share it