111 വര്‍ഷം പിന്നിട്ട ടൈറ്റാനിക്

ടൈറ്റാനിക് കപ്പല്‍ ദുരന്തം ലോകത്തിന്റെ ഒരിക്കലും മായാത്ത വേദനയാണ്. ആ മഹാദുരന്തം സംഭവിച്ച് 111 വര്‍ഷം പിന്നിട്ടിരിക്കുന്നു. ടൈറ്റാനിക് കപ്പല്‍ ദുരന്തം പ്രമേയമാക്കി 1997ല്‍ ടൈറ്റാനിക് എന്ന സിനിമ കൂടി ഇറങ്ങിയതോടെ ഈ ദുരന്തം ലോകജനതയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിയത്. കപ്പല്‍ ദുരന്തത്തിലേക്ക് നീങ്ങുമ്പോഴും തങ്ങളുടെ ജീവന്‍ ഏതുനിമിഷവും നഷ്ടപ്പെടാവുന്ന അവസ്ഥയിലായിട്ടും പ്രണയത്തിന്റെ മാസ്മരികമായ അനുഭൂതിയില്‍ ലയിച്ച കമിതാക്കളുടെ കഥ കൂടി ആവിഷ്‌ക്കരിച്ചതിനാല്‍ ടൈറ്റാനിക് സിനിമ അനേകം വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആ ദുരന്തത്തിന്റെ വേദനയക്ക് ആക്കം […]

ടൈറ്റാനിക് കപ്പല്‍ ദുരന്തം ലോകത്തിന്റെ ഒരിക്കലും മായാത്ത വേദനയാണ്. ആ മഹാദുരന്തം സംഭവിച്ച് 111 വര്‍ഷം പിന്നിട്ടിരിക്കുന്നു. ടൈറ്റാനിക് കപ്പല്‍ ദുരന്തം പ്രമേയമാക്കി 1997ല്‍ ടൈറ്റാനിക് എന്ന സിനിമ കൂടി ഇറങ്ങിയതോടെ ഈ ദുരന്തം ലോകജനതയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിയത്. കപ്പല്‍ ദുരന്തത്തിലേക്ക് നീങ്ങുമ്പോഴും തങ്ങളുടെ ജീവന്‍ ഏതുനിമിഷവും നഷ്ടപ്പെടാവുന്ന അവസ്ഥയിലായിട്ടും പ്രണയത്തിന്റെ മാസ്മരികമായ അനുഭൂതിയില്‍ ലയിച്ച കമിതാക്കളുടെ കഥ കൂടി ആവിഷ്‌ക്കരിച്ചതിനാല്‍ ടൈറ്റാനിക് സിനിമ അനേകം വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആ ദുരന്തത്തിന്റെ വേദനയക്ക് ആക്കം കൂട്ടുകയായിരുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പല്‍ ദുരന്തം സംഭവിച്ചിട്ട് 2023 ഏപ്രില്‍ 15ന് 111 വര്‍ഷം പൂര്‍ത്തിയായി. ടൈറ്റാനിക് കപ്പല്‍ റോയല്‍ മെയില്‍ ഷിപ്പ് (ആര്‍.എം .എസ്) ടൈറ്റാനിക് യു.കെയിലെ സതാംപ്റ്റണ്‍ തുറമുഖത്തുനിന്ന് ആരംഭിച്ച കന്നിയാത്രക്കിടെയാണ് ലോകത്തെ ആകമാനം നടുക്കിയ വലിയ ദുരന്തം സംഭവിച്ചത്. ആ ഭീമന്‍ കപ്പല്‍ 1912 ഏപ്രില്‍ 14-ന് രാത്രി ഒരു മഞ്ഞുമലയില്‍ ചെന്നിടിക്കുകയും ഏപ്രില്‍ 15-ന് കപ്പല്‍ മുങ്ങുകയും ആ മഹാദുരന്തത്തില്‍ 1,500-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സമുദ്രയാത്രയുടെ സുവര്‍ണ കാലഘട്ടത്തിലാണ് ടൈറ്റാനിക് നിര്‍മ്മിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാന്‍ പോന്ന വിധത്തിലാണ് ടൈറ്റാനിക് രൂപകല്‍പ്പന ചെയ്തത്. 1909 മാര്‍ച്ച് 31ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ നാല് വര്‍ഷമെടുത്തു. വടക്കേ അയര്‍ലന്‍ഡിലെ ഹര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് എന്ന കപ്പല്‍ശാലയിലാണ് ടൈറ്റാനിക് നിര്‍മ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു.എസ് ഡോളര്‍ ചെലവഴിച്ചാണ് ടൈറ്റാനിക് നിര്‍മിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാല്‍ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്.
രണ്ട് വര്‍ഷക്കാലം നിര്‍ത്താതെ ജോലി ചെയ്ത ശേഷം 3,000 തൊഴിലാളികളാണ് ടൈറ്റാനിക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിരവധി തിരിച്ചടികളെ അതിജീവിച്ചുകൊണ്ടാണ് 2,200 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം ടൈറ്റാനിക്കില്‍ സതാംപ്റ്റണ്‍ തുറമുഖത്തു നിന്ന് യാത്ര തിരിച്ചത്. മെയില്‍ ഷിപ്പ് ആയതുകൊണ്ടു തന്നെ 3,000 ബാഗ് മെയിലുകളും കപ്പലില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക്കിന്റെ ചീഫ് ഡിസൈനര്‍ തോമസ് ആന്‍ഡ്രൂസ് ആയിരുന്നു. 'നേരെ മുന്നിലായി ഒരു മഞ്ഞുമല', ഈ വാക്കുകളാണ് ടൈറ്റാനിക്കിന്റെ ചരിത്രത്തെ മാറ്റിമറിച്ചത്. 4 ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രില്‍ 14ന് രാത്രി 11.40ന് ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചതോടെ ടൈറ്റാനിക്കിന്റെ കഥ ഒരു ദുരന്തമായി അവസാനിച്ചു. അപായം അടുത്തപ്പോഴേക്കും കപ്പല്‍ അലാറം മുഴക്കിയെങ്കിലും അപ്പോഴേക്കും കപ്പലിന്റെ ഗതി തിരിക്കാന്‍ ഏറെ വൈകിപ്പോയിരുന്നു. അടിയന്തരമായി ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലൈഫ് ബോട്ടുകളില്‍ താഴെയിറക്കി. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ആ ഭീമന്‍ കപ്പലില്‍ ആകെ 20 ലൈഫ്ബോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്ന് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ ഏകദേശം 2.20ന് കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങുകയായിരുന്നു.
ലൈഫ്ബോട്ടുകളില്‍ ഇടം കണ്ടെത്താന്‍ കഴിയാതെ പോയ നിരവധി യാത്രക്കാര്‍ ആ കൊടിയ തണുപ്പില്‍ വിറങ്ങലിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 4.10 ആയപ്പോഴേക്കും എത്തിയ ആര്‍.എം.എസ് കാര്‍പ്പാത്തിയ എന്ന കപ്പല്‍ ലൈഫ് ബോട്ടില്‍ അവശേഷിച്ചവരെ രക്ഷപ്പെടുത്തി. 2,200 യാത്രികരുമായി യാത്ര ആരംഭിച്ച ടൈറ്റാനിക്കില്‍ നിന്ന് ആകെ എഴുന്നൂറോളം പേര്‍ക്ക് മാത്രമാണ് ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. കണ്ണൂര്‍ പെരുന്നിലെ ആലക്കോട്ടെ നോബി കുര്യാലപ്പുഴയുടെ കൈവശം ടൈറ്റാനിക് ദുരന്തവാര്‍ത്തകളുടെ അപൂര്‍വശേഖരങ്ങളുണ്ട്. 1912 ഏപ്രില്‍ 16ന് ടൈറ്റാനിക് ദുരന്തം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ഡെയ്‌ലി മിറര്‍, 1948ല്‍ മഹാത്മാഗാന്ധിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ഹരിജന്‍, 1947ലെ ദി സ്റ്റേറ്റ്‌സ് മാന്‍, 1947 ആഗസ്റ്റ് 15ലെ മലയാള മനോരമ ദിനപത്രം, ആദ്യത്തെ കയ്യെഴുത്ത് പത്രമായ ദ മുസല്‍മാന്‍, വിദേശത്ത് നിന്ന് പ്രസിദ്ധീകരിച്ച മലയാള പത്രം, ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയ ഇറക്കിയ നാണയം, 2004ലെ 88 പേജുള്ള ദി ഇന്റിപ്പെന്റന്റ് എന്ന പത്രം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.

ടി.കെ പ്രഭാകര കുമാര്‍

Related Articles
Next Story
Share it