തൃക്കാക്കരയില്‍ പോര് മുറുകുന്നു

കൊച്ചി: ഇടത്-വലത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ തൃക്കാക്കരയില്‍ പോര് മുറുകി. ഇരുമുന്നണികളും ശക്തമായ പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഇന്ന് രാവിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമ തോമസ് പറഞ്ഞു. സന്ദര്‍ശനം മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും എന്‍.എസ്.എസുമായി പി.ടി തോമസിന് ആത്മബന്ധമുണ്ടായിരുന്നെന്നും ഉമ വിശദീകരിച്ചു. അതേസമയം കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്ന കെ. വി തോമസിനെ പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ […]

കൊച്ചി: ഇടത്-വലത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ തൃക്കാക്കരയില്‍ പോര് മുറുകി. ഇരുമുന്നണികളും ശക്തമായ പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഇന്ന് രാവിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമ തോമസ് പറഞ്ഞു. സന്ദര്‍ശനം മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും എന്‍.എസ്.എസുമായി പി.ടി തോമസിന് ആത്മബന്ധമുണ്ടായിരുന്നെന്നും ഉമ വിശദീകരിച്ചു.
അതേസമയം കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്ന കെ. വി തോമസിനെ പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ പോയി കാണുവെന്നും ഉമ തോമസ് പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം ഉന്നയിക്കാന്‍ താനില്ലെന്നും ഉമ വ്യക്തമാക്കി.
പേമെന്റ് സീറ്റ് ആരോപണം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് തള്ളി. വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമാണ്. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു.
ഡോ. ജോ ജോസഫിനെ പിന്തുണക്കേണ്ടെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയായി.
അതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവന്നു. ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്ന് മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വൈദികര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമിരുന്നതില്‍ ജാഗ്രതക്കുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകളും ജോ ജോസഫിന് ഏകോപിപ്പിക്കാന്‍ കഴിയും. നാലുവര്‍ഷം പാഴാക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ നില്‍ക്കില്ല. യോഗ്യതയുള്ള പ്രതിനിധിയെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്'-പി. രാജീവ് പറഞ്ഞു.

Related Articles
Next Story
Share it