ത്രീസ്റ്റാര്‍സ്

1971 ജനുവരി 10നാണ് എം.ജി റോഡിന് സമീപം ഫോര്‍ട്ട് റോഡ് ആരംഭിക്കുന്നിടത്ത് ത്രീസ്റ്റാര്‍ മൈക്ക്‌സ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതൊരു ഞായറാഴ്ചയായിരുന്നു. 50 വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ത്രീസ്റ്റാര്‍ മൈക്ക്‌സിന്റെ ക്ഷണക്കത്ത് ഇപ്പോഴും ഉടമകളിലൊരാളായ ത്രീസ്റ്റാര്‍ മുഹമ്മദ് ഹാജി എന്ന ഇ. മുഹമ്മദ് ഹാജിയുടെ മകന്‍ സലീമിന്റെ പക്കലുണ്ട്. ത്രീസ്റ്റാര്‍ മൈക്ക്‌സിന് മുമ്പെ ജൂബിലി മൈക്ക്‌സ് കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ത്രീസ്റ്റാര്‍ മൈക്ക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് ഇവിടെ ത്രീസ്റ്റാര്‍ എന്ന പേരില്‍ ഒരു കെട്ടിടവും വന്നിരുന്നു. കാസര്‍കോട് നഗരത്തിലെ […]

1971 ജനുവരി 10നാണ് എം.ജി റോഡിന് സമീപം ഫോര്‍ട്ട് റോഡ് ആരംഭിക്കുന്നിടത്ത് ത്രീസ്റ്റാര്‍ മൈക്ക്‌സ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതൊരു ഞായറാഴ്ചയായിരുന്നു. 50 വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ത്രീസ്റ്റാര്‍ മൈക്ക്‌സിന്റെ ക്ഷണക്കത്ത് ഇപ്പോഴും ഉടമകളിലൊരാളായ ത്രീസ്റ്റാര്‍ മുഹമ്മദ് ഹാജി എന്ന ഇ. മുഹമ്മദ് ഹാജിയുടെ മകന്‍ സലീമിന്റെ പക്കലുണ്ട്. ത്രീസ്റ്റാര്‍ മൈക്ക്‌സിന് മുമ്പെ ജൂബിലി മൈക്ക്‌സ് കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ത്രീസ്റ്റാര്‍ മൈക്ക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് ഇവിടെ ത്രീസ്റ്റാര്‍ എന്ന പേരില്‍ ഒരു കെട്ടിടവും വന്നിരുന്നു. കാസര്‍കോട് നഗരത്തിലെ ആദ്യകാല കെട്ടിടങ്ങളിലൊന്നാണത്. ബന്ധുക്കളായ മൂന്ന് പേര്‍ ചേര്‍ന്നാണ് ത്രീസ്റ്റാര്‍ ബില്‍ഡിംഗ് സ്ഥാപിച്ചത്. ത്രീസ്റ്റാര്‍ ബില്‍ഡിംഗ് ഒരു കാലത്ത് കാസര്‍കോടിന്റെ ഒരിടത്തരം സാംസ്‌കാരിക മുഖംമൂടിയായിരുന്നുവെന്ന് പറയാം. ഇവിടെ ആ കാലഘട്ടത്തില്‍ പ്രമുഖരായ പലര്‍ക്കും ഓഫീസ് മുറികളോ താമസമോ ഉണ്ടായിരുന്നു. മുന്‍ എം.എല്‍.എ.യും സി.ഐ.ടി.യു നേതാവുമായ, ഈയിടെ അന്തരിച്ച അഡ്വ. പി. രാഘവന്റെയടക്കം ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ത്രീസ്റ്റാര്‍ ബില്‍ഡിംഗിലാണ്. ഇതിന് പുറമെ ഗോപാലന്‍ വക്കീലിന്റെയും രാമചന്ദ്രന്‍ വക്കീലിന്റെയും ഓഫീസ് മുറികളും ഇതിലായിരുന്നു. അന്തരിച്ച പി.വി രഘുനാഥന്റെ അക്കൗണ്ട്‌സ് ഓഫീസ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതും ഈ കെട്ടിടത്തില്‍ തന്നെ. പി.കെ.എം ആന്റ് കമ്പനിയുടെ അക്കൗണ്ട്‌സ് ഓഫീസായിരുന്നു ത്രീസ്റ്റാര്‍ ബില്‍ഡിംഗ്‌സിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മുന്‍ മന്ത്രി പരേതനായ ചെര്‍ക്കളം അബ്ദുല്ലയും ഇവിടെ ഒരു മുറി വാടകക്കെടുത്ത് ഇടക്ക് താമസിക്കാനും ഓഫീസ് പ്രവര്‍ത്തനത്തിനും ഉപയോഗിച്ചിരുന്നു. യംഗ് മെന്‍സ് അസോസിയേഷന്റെ ഓഫീസ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതും ഇതേ കെട്ടിടത്തില്‍. അത് കൊണ്ട് തന്നെ അന്ന് ത്രീസ്റ്റാര്‍ ബില്‍ഡിംഗ്‌സ് എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
തളങ്കര നുസ്രത്ത് റോഡിലെ മാമുഹാജി, അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍, സഹോദരി പുത്രന്‍ ഇ. മുഹമ്മദ് ഹാജി എന്നിവര്‍ ചേര്‍ന്നാണ് ത്രീസ്റ്റാര്‍ ബില്‍ഡിംഗ് സ്ഥാപിച്ചത്. ഇതില്‍ മാമുഹാജിയും അബ്ദുല്‍ റഹ്മാനും ജീവിച്ചിരിപ്പില്ല. 87 വയസിന്റെ അവശതയുമായി ഇ. മുഹമ്മദ് തളങ്കര നുസ്രത്ത് റോഡില്‍ കെ.എസ് അബ്ദുല്ലയുടെ വീടിന് സമീപത്ത് മകന്‍ സലീമിന്റെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ഓര്‍മ്മകള്‍ക്ക് മാറാല വീണിട്ടുണ്ടെങ്കിലും താനും മാമുഹാജിയും അബ്ദുല്‍ റഹ്മാനും ചേര്‍ന്ന് മുംബൈയില്‍ അരനൂറ്റാണ്ട് മുമ്പ് നടത്തിയ പങ്കുവ്യാപാരത്തിന്റെയും വ്യാപാര വളര്‍ച്ചയുടെയും കഥകള്‍ അദ്ദേഹം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ചെന്ന് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു മൂവരുടെയും ലക്ഷ്യം. മുംബൈ അന്ന് മലയാളികളുടെ സ്വപ്ന ഭൂമിയാണ്. അവിടെ ഇവര്‍ കേരള ഇന്‍ഡസ്ട്രിയല്‍ ബാഗ് കമ്പനിക്ക് തുടക്കം കുറിച്ചു. കാസര്‍കോട്ട് നിന്നടക്കം മുംബൈയിലെത്തുന്ന അധികം പേരും അക്കാലത്ത് ബാഗ് ഫാക്ടറിയോ റസ്റ്റോറന്റോ ട്രാവല്‍ ഏജന്‍സിയോ തുടങ്ങുകയായിരുന്നു പതിവ്. മാമുഹാജി-അബ്ദുല്‍ റഹ്മാന്‍-മുഹമ്മദ് ഹാജി സംഘത്തിന്റെ ബാഗ് ഫാക്ടറി ക്ലച്ച് പിടിച്ചു. തുടര്‍ന്നാണ് കാസര്‍കോട്ട് വന്ന് ത്രീസ്റ്റാര്‍ ബില്‍ഡിംഗ്‌സ് നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ കടകളും മുകളിലെ രണ്ട് നിലകളില്‍ മാസവാടകക്ക് താമസത്തിന് കൊടുക്കുന്ന മുറികളുമായിരുന്നു.
ത്രീസ്റ്റാര്‍ സൗകര്യമില്ലെങ്കിലും അങ്ങനെയൊരു പേരിടാന്‍ എന്തായിരുന്നു കാരണമെന്ന് അധികമാര്‍ക്കുമറിയില്ലായിരുന്നു. മൂവര്‍ സംഘത്തിന്റെ വിജയകഥ സൂചിപ്പിച്ചാണ് 'ത്രീസ്റ്റാര്‍' എന്ന പേര് നല്‍കിയതെന്ന് എല്ലാവരും അറിയാന്‍ പിന്നെയും വൈകി.
കാസര്‍കോട്ട് ആദ്യമായി കളര്‍ പന്തലിറക്കിയത് ത്രീസ്റ്റാര്‍ മൈക്ക്‌സാണ്. ഡല്‍ഹിയില്‍ നിന്നാണ് ഇവയെത്തിച്ചത്. മുംബൈയിലെ ഒരു വലിയ വിവാഹച്ചടങ്ങിലാണ് ആദ്യമായി ഇവര്‍ കളര്‍ പന്തല്‍ കാണുന്നത്.
അക്കാലത്ത് നാട്ടില്‍ ഓലമേഞ്ഞ് അത് കൊണ്ടുണ്ടാക്കിയ പന്തലുകളാണ് സമ്പന്നരുടെ വീടുകളിലെ വിവാഹത്തിന് പോലും ഉപയോഗിച്ചിരുന്നത്. കളര്‍ പന്തല്‍ ത്രീസ്റ്റാര്‍ മൈക്ക്‌സിന്റെ ബ്രാന്റ് ആയി മാറി.
ഇപ്പോഴും ഈ കെട്ടിടത്തില്‍ കടകളും താമസമുറികളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ത്രീസ്റ്റാര്‍ മൈക്ക്‌സ് ഇല്ല. കാലയവനികക്കുള്ളില്‍ അതും മറഞ്ഞു. 5 വര്‍ഷം മുമ്പാണ് പൂട്ടിയത്.
മുഹമ്മദ് ഹാജി രണ്ട് വര്‍ഷം മുമ്പ് വരെ 85-ാം വയസ്സിലും സ്വയം കാറോടിച്ചിരുന്നു. അടുത്തിടെ മംഗളൂരുവിലേക്ക് പോലും കാറോടിച്ച് പോയിരുന്നു. എന്നാല്‍ കൊറോണയുടെ വരവ് മുഹമ്മദിന്റെ ഓട്ടത്തിന് ബ്രേക്കിട്ടു. ഒരു വര്‍ഷം മുമ്പ് വീട്ടില്‍ വീണ് പരിക്കേറ്റ് പൂര്‍ണ്ണ വിശ്രമത്തിലാണദ്ദേഹം. 30 വര്‍ഷമായി നുസ്രത്ത് നഗറിലെ ത്വാഹ മസ്ജിദ് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു.
സലീമിനെ കൂടാതെ അബ്ദുല്ല, ഇബ്രാഹിം, ബീവി, സഫിയ, മൈമൂന എന്നിവരാണ് മക്കള്‍. ഭാര്യ ആയിഷാബി.

-ടി.എ ഷാഫി

Related Articles
Next Story
Share it