കുമ്പള: മിനി ടെമ്പോയില്‍ സൂക്ഷിച്ച 2.2 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാപ്പ പ്രതിയടക്കം മൂന്ന് പേര് പിടിയില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ സാദിഖ് (33), കുമ്പള കുണ്ടങ്കാറടുക്കയിലെ മനോഹരന്(30), തമിഴ്നാട് മധുര സ്വദേശിയും ഇപ്പോള്‍ ശാന്തിപ്പള്ളത്ത് താമസക്കാരനുമായ ശെല്‍വരാജ് (24) എന്നിവരെയാണ് കുമ്പള എസ്.ഐ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്. സാദിഖിനെ മാസങ്ങള്‍ക്ക് മുമ്പ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. വീണ്ടും അറസ്റ്റിലായതോടെ ഇനിയും കാപ്പ ചുമത്തി ജയിലിലടക്കുമെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് എസ്.ഐയും സംഘവും മാട്ടംകുഴിയില്‍ സംശയ സാഹചര്യത്തില്‍ കണ്ട ടെമ്പോ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ടെമ്പോ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.