കാഞ്ഞങ്ങാട്ട് മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കടയിലെത്തിയ ആളെ നായ കടിച്ചുപറിച്ചു

കാഞ്ഞങ്ങാട്/കാസര്‍കോട്: ജില്ലയില്‍ പരക്കെ തെരുവ് നായ ശല്യം അതിരൂക്ഷമായി. തെരുവ് നായയുടെ ആക്രമണവും പതിവായതോടെ ജനം ഭീതിയിലാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ വച്ച് മൂന്ന് പേര്‍ക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ വൈകിട്ട് ആറിന് കോട്ടച്ചേരിയിലാണ് സംഭവം. ഇട്ടമ്മല്‍ സ്വദേശി രാമകൃഷ്ണ(65)നാണ് കടിയേറ്റത്. കാലിനു കടിയേറ്റ് രക്തം വാര്‍ന്ന രാമകൃഷ്ണന് ചുമട്ടുതൊഴിലാളികള്‍ പ്രഥമ ശുശ്രൂഷ നല്‍കി. സംഭവസ്ഥലത്തുണ്ടായിരുന്ന ഹോംഗാര്‍ഡ് കെ.ജി ജയന്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സേനയെത്തി ആംബുലന്‍സില്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചു. മറ്റു […]

കാഞ്ഞങ്ങാട്/കാസര്‍കോട്: ജില്ലയില്‍ പരക്കെ തെരുവ് നായ ശല്യം അതിരൂക്ഷമായി. തെരുവ് നായയുടെ ആക്രമണവും പതിവായതോടെ ജനം ഭീതിയിലാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ വച്ച് മൂന്ന് പേര്‍ക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ വൈകിട്ട് ആറിന് കോട്ടച്ചേരിയിലാണ് സംഭവം. ഇട്ടമ്മല്‍ സ്വദേശി രാമകൃഷ്ണ(65)നാണ് കടിയേറ്റത്. കാലിനു കടിയേറ്റ് രക്തം വാര്‍ന്ന രാമകൃഷ്ണന് ചുമട്ടുതൊഴിലാളികള്‍ പ്രഥമ ശുശ്രൂഷ നല്‍കി. സംഭവസ്ഥലത്തുണ്ടായിരുന്ന ഹോംഗാര്‍ഡ് കെ.ജി ജയന്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സേനയെത്തി ആംബുലന്‍സില്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചു. മറ്റു രണ്ടു പേര്‍ക്കും കടിയേറ്റു. തെരുവ് നായയെ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ് കുമാര്‍, അബ്ദുല്‍ സലാം, കെ.രതീഷ്, എം.എ ഷാജി, നാട്ടുകാരനായ വിനു എന്നിവരുടെ നേതൃത്വത്തില്‍ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥനെ തെരുവുനായ കടിച്ചുപറിക്കുകയുണ്ടായി. ഏഴാംമൈല്‍ മുക്കുഴിയിലാണ് സംഭവം. കോണ്‍ക്രീറ്റ് തൊഴിലാളിയായ മേപ്പറം വീട്ടില്‍ ബാബു(62)വിനെയാണ് തെരുവുനായ ആക്രമിച്ചത്. ദേഹമാസകലം കടിയേറ്റ ബാബുവിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ച തെരുവുനായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും രക്ഷപ്പെട്ടു.
ജില്ലയുടെ മിക്ക ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ചെമ്മനാട് പഞ്ചായത്തില്‍ ഏതാനും ദിവസം മുമ്പ് പത്രവിതരണം നടത്തുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂരില്‍ വളര്‍ത്ത് ആടുകളെ കൂട് പൊളിച്ച് തെരുവ് നായ കൂട്ടം കൊന്നടുക്കുകയുമുണ്ടായി. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും നായ ശല്യം രൂക്ഷമാണ്. പ്രധാന റോഡരികുകളിലടക്കം ഭീതി സൃഷ്ടിച്ച് തെരുവ് നായകള്‍ കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി 12കാരി മരിച്ചതിന് പിന്നാലെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചിരിക്കുയാണ്. രാവിലെ മദ്രസയിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന കുട്ടികള്‍ തെരുവ് നായയുടെ ആക്രമണം ഭയന്നാണ് സഞ്ചരിക്കുന്നത്. ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട്ട് സ്‌കൂള്‍ വാനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായ ആക്രമിക്കാന്‍ ശ്രമിച്ചത്. തെരുവ് നായ ശല്യം അതിരൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it