വീട്ടില്‍ അതിക്രമിച്ചുകയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഒമ്പതുവര്‍ഷം കഠിനതടവ്

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ കോടതി ഒമ്പതുവര്‍ഷം കഠിനതടവിനും 20,000 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. കള്ളാര്‍ ചീമുള്ളടുക്കത്തെ കെ.കെ ചാക്കോയെ (69) തൂമ്പ കൊണ്ടും മരവടി കൊണ്ടും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ടി.യു മാത്യു (63), ടി.യു ജോസഫ് എന്ന കുഞ്ഞുമോന്‍ (62), ടി.യു സൈമണ്‍ (53) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ നിര്‍മ്മല വിവിധ വകുപ്പുകളിലായി 9 വര്‍ഷവും […]

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ കോടതി ഒമ്പതുവര്‍ഷം കഠിനതടവിനും 20,000 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു.
കള്ളാര്‍ ചീമുള്ളടുക്കത്തെ കെ.കെ ചാക്കോയെ (69) തൂമ്പ കൊണ്ടും മരവടി കൊണ്ടും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ടി.യു മാത്യു (63), ടി.യു ജോസഫ് എന്ന കുഞ്ഞുമോന്‍ (62), ടി.യു സൈമണ്‍ (53) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ നിര്‍മ്മല വിവിധ വകുപ്പുകളിലായി 9 വര്‍ഷവും 3 മാസവും കഠിന തടവിനും 20,000 രൂപ വീതം ഓരോ പ്രതിയും പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയില്‍ നിന്ന് 30,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.

2016 നവംബര്‍ 16ന് രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും മക്കളും വിദേശത്തായതിനാല്‍ വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന ചാക്കോ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പ്രതികള്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ചാക്കോയുടെ തലക്കും ഇരുകാലുകള്‍ക്കും അടിക്കുകയായിരുന്നു.
ചാക്കോയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെ വീടിനകത്തു കയറാനോ ആസ്പത്രിയില്‍ കൊണ്ടുപോകാനോ പ്രതികള്‍ സമ്മതിച്ചിരുന്നില്ല. ലണ്ടനിലായിരുന്ന മകന്‍ വിവരമറിഞ്ഞ് രാജപുരം പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് കാര്യം ധരിപ്പിക്കുകയും സ്ഥലത്തെത്തിയ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ പി.എ വര്‍ക്കി രക്തത്തില്‍ കുളിച്ച് മൃതപ്രായനായി കിടക്കുകയായിരുന്ന ചാക്കോയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് ചാക്കോയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

അന്നത്തെ രാജപുരം അന്നത്തെ രാജപുരം എ.എസ്.ഐ ആയിരുന്ന പി.ജി രാജു രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് എസ്.ഐ വി.വി ഗംഗാധരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി. കേസില്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും 3 തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it