മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്ന സംഭവം; പി.പി.ഇ കിറ്റ് ധരിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി, സംശയിക്കപ്പെടുന്ന ഒരാള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ്

പൊയ്നാച്ചി: ദേശീയപാതയോരത്തെ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊയ്നാച്ചി അമ്പത്തഞ്ചാം മൈലിലെ മലഞ്ചരക്ക് കടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കടയുടെ ഷട്ടര്‍ കുത്തിതുറന്ന് അകത്തുകടന്നാണ് 14 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കുരുമുളക് കടത്തിക്കൊണ്ടുപോയത്. സമീപത്തെ ഫര്‍ണിച്ചര്‍ ഷോറൂമിലെ സി.സി.ടി.വി പൊലീസ് പരിശോധിച്ചപ്പോള്‍ പി.പി.ഇ കിറ്റ് ധരിച്ചയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. സംശയിക്കപ്പെടുന്ന ഒരാള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. കൈയുറ ധരിച്ചാണ് കവര്‍ച്ച […]

പൊയ്നാച്ചി: ദേശീയപാതയോരത്തെ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊയ്നാച്ചി അമ്പത്തഞ്ചാം മൈലിലെ മലഞ്ചരക്ക് കടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കടയുടെ ഷട്ടര്‍ കുത്തിതുറന്ന് അകത്തുകടന്നാണ് 14 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കുരുമുളക് കടത്തിക്കൊണ്ടുപോയത്. സമീപത്തെ ഫര്‍ണിച്ചര്‍ ഷോറൂമിലെ സി.സി.ടി.വി പൊലീസ് പരിശോധിച്ചപ്പോള്‍ പി.പി.ഇ കിറ്റ് ധരിച്ചയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. സംശയിക്കപ്പെടുന്ന ഒരാള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. കൈയുറ ധരിച്ചാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതീക്ഷിച്ചയിടത്തുനിന്ന് ഫോറന്‍സിക് വിദഗ്ധര്‍ക്ക് വിരലടയാളം കിട്ടിയിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് ഇതേ മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നുലക്ഷത്തിലേറെ രൂപയുടെ അടക്ക മോഷണം പോയിരുന്നു. കടയുടെ ഷട്ടറില്‍ വാഹനം കെട്ടിവലിച്ച് വിടവുണ്ടാക്കിയാണ് അന്ന് മോഷണം നടത്തിയത്. ഇതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയാല്‍ അലാറം ശബ്ദിക്കുകയും കടയുടമയുടെ ഫോണില്‍ സന്ദേശം എത്തുകയും ചെയ്യുന്ന സംവിധാനമുണ്ടാക്കിയിരുന്നു. ഷട്ടര്‍ ഉയര്‍ത്താതെ ദ്വാരമുണ്ടാക്കി അകത്തുകടന്നതിനാല്‍ അലാറം മുഴങ്ങിയതുമില്ല. ഈ സംവിധാനത്തെക്കുറിച്ച് നന്നായി അറിയാവുന്ന ആള്‍ തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു.

Related Articles
Next Story
Share it