ഏത് വിധേനയും പണം സമ്പാദിക്കുന്നവര്‍...
സത്യസന്ധമായും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടും തൊഴിലെടുക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നവര്‍ ദൈനംദിന കാര്യങ്ങള്‍ തന്നെ യഥാവിധി നടത്താന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കേ മാലോകരുടെ മുന്നില്‍ വിശേഷിച്ചെന്തെങ്കിലും തൊഴിലോ ബിസിനസോ വ്യവസായങ്ങളോ ഇല്ലാത്ത, ഇടക്കിടെ വിരുന്നുകാരെപ്പോലെ ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനം നടത്തി വരികയും ചെയ്യുന്ന ഒരു വിഭാഗമാളുകള്‍ ഇവിടെ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കുബേരന്‍മാരായി മാറിക്കൊണ്ടിരിക്കുന്നത് ആശ്ചര്യകരമാണ്! അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രം സാമ്പത്തിക പരാധീനതയുടേയോ ദാരിദ്ര്യത്തിന്റെയോ പിടിയിലായിരുന്നവര്‍ ഇന്ന് സമൂഹത്തിനു മുന്നില്‍ കൊട്ടാരവാസികളായി മാറുമ്പോള്‍, നാട്ടില്‍ മാന്യതയുടേയും ഉദാരതയുടേയും അത്യാഡംബരങ്ങളുടേയും […]
സത്യസന്ധമായും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടും തൊഴിലെടുക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നവര്‍ ദൈനംദിന കാര്യങ്ങള്‍ തന്നെ യഥാവിധി നടത്താന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കേ മാലോകരുടെ മുന്നില്‍ വിശേഷിച്ചെന്തെങ്കിലും തൊഴിലോ ബിസിനസോ വ്യവസായങ്ങളോ ഇല്ലാത്ത, ഇടക്കിടെ വിരുന്നുകാരെപ്പോലെ ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനം നടത്തി വരികയും ചെയ്യുന്ന ഒരു വിഭാഗമാളുകള്‍ ഇവിടെ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കുബേരന്‍മാരായി മാറിക്കൊണ്ടിരിക്കുന്നത് ആശ്ചര്യകരമാണ്! അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രം സാമ്പത്തിക പരാധീനതയുടേയോ ദാരിദ്ര്യത്തിന്റെയോ പിടിയിലായിരുന്നവര്‍ ഇന്ന് സമൂഹത്തിനു മുന്നില്‍ കൊട്ടാരവാസികളായി മാറുമ്പോള്‍, നാട്ടില്‍ മാന്യതയുടേയും ഉദാരതയുടേയും അത്യാഡംബരങ്ങളുടേയും […]

സത്യസന്ധമായും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടും തൊഴിലെടുക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നവര്‍ ദൈനംദിന കാര്യങ്ങള്‍ തന്നെ യഥാവിധി നടത്താന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കേ മാലോകരുടെ മുന്നില്‍ വിശേഷിച്ചെന്തെങ്കിലും തൊഴിലോ ബിസിനസോ വ്യവസായങ്ങളോ ഇല്ലാത്ത, ഇടക്കിടെ വിരുന്നുകാരെപ്പോലെ ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനം നടത്തി വരികയും ചെയ്യുന്ന ഒരു വിഭാഗമാളുകള്‍ ഇവിടെ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കുബേരന്‍മാരായി മാറിക്കൊണ്ടിരിക്കുന്നത് ആശ്ചര്യകരമാണ്!
അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രം സാമ്പത്തിക പരാധീനതയുടേയോ ദാരിദ്ര്യത്തിന്റെയോ പിടിയിലായിരുന്നവര്‍ ഇന്ന് സമൂഹത്തിനു മുന്നില്‍ കൊട്ടാരവാസികളായി മാറുമ്പോള്‍, നാട്ടില്‍ മാന്യതയുടേയും ഉദാരതയുടേയും അത്യാഡംബരങ്ങളുടേയും വക്താക്കളായി മാറുമ്പോള്‍ അവക്ക് പിന്നിലൊന്നും പുറത്തു പറയാന്‍ പറ്റുന്ന നല്ല കഥകളല്ലെന്ന് ഏവര്‍ക്കുമറിയാം. ചോദ്യം ചെയ്യാന്‍ പറ്റാത്ത പ്രതാപികളാണെന്നും.
കുഗ്രാമങ്ങളില്‍ ഒരു സെന്റ് ഭൂമി സ്വപ്‌നം കാണാന്‍ പറ്റാതിരുന്നവര്‍, സ്വന്തമായൊരു കൂര വിദൂര സ്വപ്‌നമായിരുന്നവര്‍ ഇന്ന് പൊന്നും വിലയുള്ള നഗരപ്രാന്തങ്ങളില്‍ പോലും ഏക്കര്‍ കണക്കിന് സ്വത്തുകള്‍ വാങ്ങിക്കൂട്ടുകയാണ്. കോടികള്‍ വിലമതിക്കുന്ന രമ്യഹര്‍മ്മ്യങ്ങള്‍ തീര്‍ത്തു കൊണ്ടിരിക്കുകയാണ്.
നമ്മുടെ നാടിന്റെ, നാട്ടുകാരുടെ വിസ്മയകരമായ വളര്‍ച്ചയില്‍ നമുക്ക് അഭിമാനിക്കാമായിരുന്നു; അതില്‍ കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകളുടെയും സ്വര്‍ണ്ണ/കറന്‍സികളുടേയും മറ്റും കള്ളക്കടത്തുകളുടെയും അതിനായി അവലംബിക്കുന്ന നിയമലംഘനങ്ങളുടേയും അക്രമങ്ങളുടേയും കിഡ്‌നാപ്പുകളുടേയും മര്‍ദ്ദനങ്ങളുടേയും കൊലപാതകങ്ങളുടേയും ചതിയുടേയും വഞ്ചനയുടേയും പാപപങ്കിലമായ കളങ്കങ്ങള്‍ ചാര്‍ത്തപ്പെടുന്നില്ലായിരുന്നുവെങ്കില്‍. അതെ, ഇന്നീ നാട്ടില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അഭിമാനസ്തംഭങ്ങളില്‍ ബഹുദൂരിഭാഗവും അധാര്‍മ്മികതയുടെയും ഹിംസയുടേയും പലരുടേയും കണ്ണീരിന്റെയും ശാപങ്ങളുടേയും മേല്‍ പടുത്തുയര്‍ത്തപ്പെട്ടവയുമാണ്!
ഒരു തുള്ളി വിയര്‍പ്പു പൊടിയാതെയും കൈ നനയാതെയും എങ്ങനെ വളരെ വേഗം പണം സമ്പാദിക്കാം എന്ന ചിലരുടെ ആര്‍ത്തിയും അത്യാഗ്രഹവും ഈ നാടിനെ മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റേയും കേന്ദ്രബിന്ദുവുമാക്കി മാറ്റിയിരിക്കുകയാണ്. അനധികൃതമായ മാര്‍ഗ്ഗങ്ങളിലൂടെ ഇവിടെ വരികയും ഇവിടെ നിന്നും കയറിപ്പോവുകയും ചെയ്യുന്ന സാധനങ്ങളില്‍ 99 എണ്ണം നിഷ്പ്രയാസം കടന്നുപോകവേ പിടിക്കപ്പെടുന്ന ഒന്നിന്റെ വാര്‍ത്ത വലിയ ശീര്‍ഷകങ്ങളോടെ നമുക്കു മുന്നില്‍ വാര്‍ത്തകളായി എത്തുന്നു. ആ പിടിക്കപ്പെടുന്നവരില്‍ ഏതാണ്ടെല്ലാവരും വെറും കണ്ണികള്‍ അഥവാ, കാരിയര്‍മാര്‍ മാത്രമാണെന്ന കാര്യവും മാലോകര്‍ക്കും നിയമപാലകര്‍ക്കും എല്ലാം അറിയാം. പക്ഷേ, എല്ലാ അന്വേഷണങ്ങളും നിയമനടപടികളും അവിടെ അവസാനിക്കുന്നു. ഒരൊറ്റ കേസും അതിന്റെ ആഴങ്ങളിേലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല(സംസ്ഥാനത്തെയാകെ രാഷ്ട്രീയമായി ഉലച്ചു കൊണ്ടിരിക്കുന്ന ഒരു കേസില്‍ പോലും നാം അത് കണ്ടു കൊണ്ടിരിക്കുകയാണ്).
കാരിയര്‍മാര്‍ക്കു തന്നെ തങ്ങളെ ഏല്‍പ്പിക്കുന്ന 'ഉരുപ്പടി'കളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് നിര്‍ദ്ദിഷ്ട കരങ്ങളില്‍ ഏല്‍പ്പിച്ചാല്‍ നല്ല 'പ്രതിഫലം' കിട്ടുന്നുണ്ടാവാം. അല്ലെങ്കില്‍ സ്വശരീരങ്ങളിലെ അതീവ രഹസ്യമായ അവയവങ്ങളില്‍ പോലും ഒളിപ്പിച്ച് അവയൊന്നും കടത്താന്‍ ആരും തയ്യാറാവില്ല.എന്നാല്‍, ചില കാരിയര്‍മാരിലെങ്കിലും വിശ്വാസ വഞ്ചനയും പെട്ടെന്ന് ധനം സമ്പാദിക്കാനുള്ള ത്വരയും ഉണ്ടാകുന്നു. അനധികൃതവു ദേശദ്രോഹകരവുമായ ഏര്‍പ്പാടായതിനാല്‍ യഥാര്‍ത്ഥ അവകാശികള്‍ ഒന്നും ചെയ്യില്ല എന്ന ധാരണയാല്‍ ഏല്‍പ്പിക്കപ്പെടുന്ന 'മുതല്‍' യഥാര്‍ത്ഥ അവകാശികള്‍ക്കു നല്‍കാതെ മുക്കുന്നു. ലക്ഷങ്ങളുടെയും കോടികളുടേയും മുതലുകള്‍ നഷ്ടമായവര്‍ അടങ്ങിയിരിക്കുമോ? അവര്‍ അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നിടത്തു വച്ച് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ആരംഭിക്കുന്നു. ക്വട്ടേഷന്‍, കിഡ്‌നാപ്പിംഗ്, ടോര്‍ച്ചറിംഗ്...!
എത്രയെത്ര ചെറുപ്പക്കാരാണ് ഇന്നാട്ടില്‍ ഇപ്രകാരം കൊടിയ പീഡനങ്ങള്‍ക്കു വിധേയരായിട്ടുള്ളത്! എത്രയെത്ര കൊലപാതകങ്ങള്‍! പക്ഷേ, ഒരു പീഡനപര്‍വ്വത്തിലും കൊലയിലും കഥ അവസാനിക്കുന്നില്ല. അത് അനവരതം തുടരുകയാണ്. കുറേപ്പേരുടെ വന്‍ ലാഭക്കച്ചവടത്തിനിടയ്ക്ക് ഇതു പോലെ ചിലരുടെ നഷ്ടക്കച്ചവടങ്ങളും!
ധനത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും അത് വളരെയെളുപ്പത്തില്‍ വേണമെന്ന ചിലരുടെ വ്യഗ്രതയുമാണ് നാട്ടിലെ എല്ലാ കുഴപ്പങ്ങളുടേയും പ്രധാന നിദാനം. ആര്‍ത്തിയിലും ത്വരയിലും കാലിടറി വീണുപോകാത്തവര്‍ ഇവിടെ ഭൂമിയുടെ അധിപരും താല്‍ക്കാലിക പറുദീസയുടെ അവകാശികളുമായിത്തീരുന്നു. വീണുപോകുന്നവര്‍ ആറടി മണ്ണിന്റെ അവകാശികള്‍ മാത്രമായി ഒടുങ്ങുന്നു.
അത്യാഡംബര ബംഗ്ലാവുകള്‍, ലക്ഷ്വറി വാഹനങ്ങള്‍. മേത്തരം ഭക്ഷണങ്ങളോടും ലൈംഗികതയോടും ഉള്ള അമിത ആകര്‍ഷണം, സമൂഹത്തില്‍ മേനി നടിക്കാനുള്ള താല്‍പര്യം മുതലായവ ഒക്കെയാണ് വര്‍ത്തമാന മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്നത്. ഏതു മേന്മയും പണം കൊടുത്തു വാങ്ങാം എന്ന സങ്കുചിത ചിന്തയിലേക്ക് അവര്‍ വീണുപോയിരിക്കുന്നു! പണത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണ നേതൃത്വങ്ങളുടെ ഒത്താശകളും മൗന പിന്തുണയും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു.
കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ അതിദുരൂഹമായി പണക്കാരായിത്തീര്‍ന്നവരെ പിന്തുടരുകയാണെങ്കില്‍ നിയമത്തിന് കുറേ ക്രിമിനലുകളെ പിടികൂടാന്‍ പറ്റും. പക്ഷേ, ആര്‍ക്കാണതില്‍ താല്‍പര്യം? കുറ്റകൃത്യം നടന്നതിനു ശേഷം മാത്രമേ നിയമത്തിന് നടപടിയെടുക്കാന്‍ കഴിയൂ. നാട്ടില്‍ കുറ്റകൃത്യം നടക്കാതിരിക്കണമെങ്കില്‍ ഓരോ വ്യക്തിയുമാണ് ശ്രദ്ധിക്കേണ്ടതും തീരുമാനിക്കേണ്ടതും. പക്ഷേ, ഏതു ഹീന മാര്‍ഗ്ഗേണയും പണം സമ്പാദിക്കുക, അടിച്ചു പൊളിച്ച് ജീവിക്കുക എന്നതു മാത്രം ജന്മലക്ഷ്യമായി കരുതുന്ന ഒരു സാമൂഹിക ചുറ്റുപാടില്‍ ആരെയാണ് ബോധവത്കരിക്കുക, ഗുണദോഷിക്കുക?
എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ മനുഷ്യനില്‍ നിന്നും ധര്‍മ്മാധര്‍മ്മ ചിന്തകളും ആര്‍ദ്രതയുമെല്ലാം എന്നേ എവിടെയോ ചോര്‍ന്നുപോയിരിക്കുന്നു!
പരിതപിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല. അനുനിമിഷം നൃശംസമാം വിധം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ നിഗൂഢമായ ചിന്താപദ്ധതികളെ മാറ്റിമറിക്കാന്‍ നമുക്കാവില്ല. എന്നാല്‍, നമ്മുടെ ചിന്താപദ്ധതികളെ മെരുക്കാന്‍ നമുക്കു കഴിയും; കഴിയണം.
-റഹ്മാന്‍ മുട്ടത്തോടി