ഷാര്‍ജ: പൊതുമാപ്പില്‍ നാട്ടില്‍ പോകുന്നവര്‍ക്ക് നിയമവിധേയമായി തിരിച്ചുവരാമെന്ന് യു.എ.ഇ ഐ.സി.പി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ടും കാസര്‍കോട് സ്വദേശിയുമായ നിസാര്‍ തളങ്കരയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ ഐ.സി.പി ഉദ്യോഗസ്ഥരായ ഡോ. ഒമര്‍ അല്‍ ഒവൈസ്, മേജര്‍ ജനറല്‍ അസീം സുവൈദി എന്നിവരാണ് നിസാര്‍ തളങ്കരയുമായി കൂടിക്കാഴ്ച നടത്തിയത്. കാലഹരണപ്പെട്ട സന്ദര്‍ശന വിസയോ താമസവിസയോ ഉപയോഗിച്ച് യു.എ.ഇയില്‍ അനധികൃതമായി താമസിക്കുന്ന ആളുകള്‍ക്ക് പിഴയില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി നിസാര്‍ പറഞ്ഞു. മാതൃരാജ്യത്തേക്ക് മടങ്ങുന്ന എല്ലാവര്ക്കും നിയമപരമായ വഴിയിലൂടെ തിരികെ വരാന്‍ വഴിയൊരുക്കും. എപ്പോള്‍ വേണമെങ്കിലും നിയമപരമായി യു.എ.ഇയിലേക്ക് മടങ്ങാന്‍ അവരെ അനുവദിക്കും. സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ഇമിഗ്രേഷന്‍ അംഗീകൃത ടൈപ്പിംഗ് സെന്ററുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അപേക്ഷാ ഫോം ശേഖരിച്ച് സമര്‍പ്പിക്കാന്‍ പറ്റും. സിവില്‍, തൊഴില്‍, വാണിജ്യം തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള കോടതി കേസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ തീര്‍പ്പാക്കാനും അവസരമുണ്ട്.
അധികൃതര്‍ നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇന്ത്യക്കാരെ സഹായിക്കുന്നതിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് യു.എ.ഇ ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി യോഗം ഏകോപിപ്പിക്കും. ആവശ്യമാണെങ്കില്‍ സെപ്റ്റംബര്‍ ആദ്യവാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സേവനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ലഭ്യമാക്കുമെന്നും നിസാര്‍ തളങ്കര കൂട്ടിച്ചേര്‍ത്തു.