കാഞ്ഞങ്ങാട്ടു നിന്നൊരു നാടക സംഘം...

1983-ല്‍ കാസര്‍കോട് വിട്ടതിന് ശേഷം അന്തരിച്ച ഹമീദ് കോട്ടിക്കുളത്തിന്റെ അതിഥിയായി കുറച്ചുനാള്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ പാര്‍ത്തു. പലേ കുസൃതിത്തരങ്ങളും കയ്യിലുണ്ടെങ്കിലും എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഹമീദിന്റെ കൈ പൊന്നായിരുന്നു. സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനാകുന്ന മനുഷ്യസ്‌നേഹി. കോട്ടച്ചേരി വാസക്കാലത്ത് അഡ്വ. ടി.കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പരിചയപ്പെടുന്നു. സുധാകരന്‍ പണ്ടേ എന്നെ നാടകക്കാരന്‍ എന്ന നിലയില്‍ കേട്ടിട്ടുമുണ്ട്. സുധാകരന് ഒരാഗ്രഹം. അദ്ദേഹം എഴുതിയ ഒരു നാടകം; അതിനൊരു രംഗഭാഷ ഉണ്ടാവണം. വടക്കേ മണ്ണില്‍ സ്ഥിരതാമസം എനിക്ക് […]

1983-ല്‍ കാസര്‍കോട് വിട്ടതിന് ശേഷം അന്തരിച്ച ഹമീദ് കോട്ടിക്കുളത്തിന്റെ അതിഥിയായി കുറച്ചുനാള്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ പാര്‍ത്തു. പലേ കുസൃതിത്തരങ്ങളും കയ്യിലുണ്ടെങ്കിലും എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഹമീദിന്റെ കൈ പൊന്നായിരുന്നു. സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനാകുന്ന മനുഷ്യസ്‌നേഹി.
കോട്ടച്ചേരി വാസക്കാലത്ത് അഡ്വ. ടി.കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പരിചയപ്പെടുന്നു. സുധാകരന്‍ പണ്ടേ എന്നെ നാടകക്കാരന്‍ എന്ന നിലയില്‍ കേട്ടിട്ടുമുണ്ട്. സുധാകരന് ഒരാഗ്രഹം. അദ്ദേഹം എഴുതിയ ഒരു നാടകം; അതിനൊരു രംഗഭാഷ ഉണ്ടാവണം. വടക്കേ മണ്ണില്‍ സ്ഥിരതാമസം എനിക്ക് ഹരമായിരുന്നു. പ്രത്യേകിച്ചും മഹാകവി പി.യുടെ നാട്ടില്‍. ഏറെ ദിവസം ഞാനും സുധാകരനും സംസാരിച്ചു. അന്ന് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നാടക സംഘങ്ങള്‍ ഇല്ല. ഞാന്‍ നാടകം വായിച്ചു. നല്ല കച്ചവട സാധ്യതയുള്ള തീം. ഹാസ്യത്തിന്റെ കുറവുണ്ട്. മാറ്റി എഴുതി ആ കുറവ് ഞാന്‍ പരിഹരിച്ചു. തേജസ്വിനി തിയേറ്റേര്‍സ് എന്നൊരു സംഘം രൂപീകരിച്ചു. ഒഡീഷന്‍ ടെസ്റ്റിലൂടെ നടീ-നടന്മാരെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. പുതിയ കോട്ടയിലുള്ള ഫോര്‍ട്ട് വിഹാര്‍ ആയിരുന്നു. എന്റെ സങ്കേതം. സുധാകരനെ എനിക്കിഷ്ടമായി. 'പുനര്‍ജനി' എന്നു പേരിട്ട നാടകം അവതരിപ്പിച്ചു കാണാന്‍ അദ്ദേഹം എന്തുവിട്ടു വീഴ്ചക്കും തയ്യാറായിരുന്നു. എന്റെ സഹധര്‍മ്മിണി എലിസബത്ത് രചിച്ച ഒരു ഗാനം നാടകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊള്ളാം എന്നൊരാഗ്രഹം സുധാകരന്‍ വെളിപ്പെടുത്തി. ഞാനതു വായിച്ചു. പാട്ടെഴുത്തില്‍ കേമനായ സുഹൃത്ത് മുല്ലനേഴിയെ ആ രചന കാണിച്ചു. മുല്ലനും നല്ല രചനയെന്ന് 'യേസ്' മൂളി. മൂന്നു പാട്ടുകള്‍ മുല്ലനും എഴുതി. കാഞ്ഞങ്ങാട് രാമചന്ദ്രനെയാണ് സംഗീത ചുമതല ഏല്‍പ്പിച്ചത്. ഒരു റിഹേഴ്‌സല്‍ കണ്ടു എന്നതൊഴിച്ചാല്‍ രാമചന്ദ്രന്‍ വലിയ താല്‍പര്യം കാണിച്ചില്ല. പടന്ന എത്തും മുമ്പുള്ള കൊവ്വല്‍ പള്ളി എന്ന സ്ഥലത്ത് സുധാകരന്റെ സ്വാധീനത്തില്‍ നല്ലൊരു വീട് റിഹേഴ്‌സലിനായി ലഭിച്ചു. തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരി യാദൃശ്ചികമായി കൈതപ്രം വിശ്വനാഥന്റെ പേര് സംഗീത സംവിധാനത്തിന് നിര്‍ദ്ദേശിച്ചു. നല്ല നിര്‍ദ്ദേശമായിരുന്നു. നാടക സംവിധാനത്തിന് പുറമെ, ഞാന്‍ 'പുനര്‍ജ്ജനി' യില്‍ വേഷവും ചെയ്തു. ഇന്ന് ചലച്ചിത്ര ലോകത്തു വരെ സുസമ്മതനായ കൈതപ്രം വിശ്വനാഥന്റെ ആദ്യ പ്രൊഫഷണല്‍ സംരംഭമായിരുന്നു പുനര്‍ജ്ജനി. ആര്‍ട്ടിസ്റ്റ് സുജാതന്‍ നേരിട്ടുവന്നു. മനോഹരമായ നാലു സീനുകള്‍ക്ക് രംഗപടം നിര്‍വ്വഹിച്ചു. ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങവേ സുധാകരന്‍ തന്റെ പ്രഥമ പുത്രനെ സുജാതന്റെ കാല്‍തൊട്ട് വന്ദിപ്പിച്ചത് എന്നെ പുളകം കൊള്ളിച്ച സംഭവമായിരുന്നു. കോഴിക്കോട് 'പല്ലവി' സ്റ്റുഡിയോയില്‍ റിക്കാര്‍ഡിങ്ങില്‍ ഇന്നത്തെ ചലച്ചിത്ര പിന്നണി ഗായകര്‍ തന്നെ പാടി. ദേശാഭിമാനിയില്‍ പാക്കിംഗ് വിഭാഗത്തില്‍ സേവനം ചെയ്തിരുന്ന പപ്പന്‍ എന്ന ചെറുപ്പക്കാരന്‍ 'പുനര്‍ജ്ജനി' യുടെ വീണ്ടെടുപ്പിന് ഏറെ സഹകരിച്ചു. കോറസില്‍പാടുകയും ചെയ്തു. പപ്പന്‍ നല്ലൊരു ഗായകനായിരുന്നു. മുല്ലനേഴിയുടെ ചില പാട്ടുകള്‍ പപ്പന്‍ ആലപിച്ചത് മുല്ലനേഴിയെ ആഹ്ലാദിപ്പിച്ചു. ഒരു നാള്‍ ഫോര്‍ട്ട് വിഹാര്‍ ക്യാമ്പില്‍ എം.വി ദേവനും വന്നു. കേരള കവിതയുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എന്നെ തേടിയാണ് മാഷ് വന്നത്. സുധാകരനും എം.വി ദേവനും കണ്ടു. തേജസ്വിനി തിയേറ്റേഴ്‌സിന് എല്ലാ ഭാവുകങ്ങളും ദേവന്‍ നേര്‍ന്നു. നടന്മാരുടെ പരിമിതികള്‍ എന്നെ വല്ലാതെ ഉലച്ചു. നാടകത്തിന്റെ അവതരണ നാള്‍ എത്തും പിടിയുമില്ലാതെ നീണ്ടു. മദ്യപാനത്തിന്റെ കെടുതികളും അല്ലറ ചില്ലറ ഉണ്ടായി. ചന്തേരയില്‍ നിന്ന് സി.കെ എന്നൊരു സുഹൃത്ത് ആത്മാര്‍ത്ഥമായി ഇടപെട്ടതിന്‍ ഫലമായി കരിവെള്ളൂരിനടുത്ത് കുറഞ്ഞ തുകയ്ക്ക് ഉദ്ഘാടന നാടകം ഉറപ്പാക്കി. നല്ലൊരു നൃത്ത രംഗമുണ്ടതില്‍. സുധാകരന്റെ തന്നെ ശ്രമഫലമായി വക്കീല്‍ഭാഗം പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയെ താല്‍ക്കാലികമായി ആ നൃത്ത രംഗത്തിന് ഘടകമാക്കി. നീലേശ്വരത്തു നിന്നായിരുന്നു ആ കുട്ടി. നാടക ഏജന്‍സികള്‍ നാടക ലോകം ഭരിക്കുന്ന നാളുകള്‍. ഏജന്‍സികള്‍ക്ക് കള്ളും കാശും നല്‍കിയാലേ അവര്‍ ബുക്കിംഗ് തരികയുള്ളു. സുധാകരന് ഒരു ലക്ഷത്തിനടുത്ത് ചെലവായി എന്നാണെന്റെ അനുമാനം. നാടകം അവതരിപ്പിച്ചിടത്തെല്ലാം നല്ല അഭിപ്രായമായിരുന്നു. സംഗീത കാസറ്റുകള്‍ പൂജയ്ക്ക് വെക്കണമെന്ന് ഒരു നിര്‍ദ്ദേശം വന്നു. പ്രശസ്ത സംവിധായകന്‍ പി. ബാലനും ഞാനും സുധാകരനുമടങ്ങുന്ന ടീം മുകാംബികയിലെത്തി ആ ചടങ്ങും നിര്‍വ്വഹിച്ചിരുന്നു. നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്ന അഡ്വ. ടി.കെ സുധാകരന്‍ നല്ലൊരു വിശ്വാസിയായും എനിക്കനുഭവപ്പെട്ടു. കുറച്ചു സ്റ്റേജുകള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് കോഴിക്കോട് ആകാശവാണിയില്‍ ഒരു പരമ്പര സംബന്ധിച്ച് വരേണ്ടിവന്നു. 'ഓഹരി' എന്ന കെ.എല്‍ മോഹനവര്‍മ്മയുടെ നോവല്‍ പരമ്പരയിലാണ് സംഭവം. 'പുനര്‍ജ്ജനി' യില്‍ ഞാന്‍ ചെയ്ത വേഷങ്ങള്‍ക്ക് പകരം ആളെ നിശ്ചയിച്ചാണ് ഞാന്‍ കോഴിക്കോട്ട് വന്നത്. ഞാന്‍ മടങ്ങി കോട്ടച്ചേരി എത്തുമ്പോള്‍ 'ചിത്രം' ആകെ മാറി. നാടകാന്ത്യം പൊളിച്ചെഴുതി. ഞാന്‍ സംവിധാനം ചെയ്ത നാടകം എന്റെ അനുവാദമില്ലാതെ മാറ്റിപ്പണിതത് എനിക്ക് ഇഷ്ടമായില്ല. തേജസ്വിനി തിയേറ്റേഴ്‌സും ഞാനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്റെ കോഴിക്കോട് യാത്രയോടും മറ്റുമുള്ള അസംതൃപ്തി സുധാകരന്‍ പ്രകടിപ്പിക്കുകയും ചെയ്തു. നല്ലൊരു തുക സുധാകരന് നഷ്ടമായി എന്നതു തന്നെ മിച്ചം.
സുധാകരന്റെ മാതാ-പിതാക്കള്‍, സഹധര്‍മ്മിണി, മറ്റു ബന്ധുക്കളൊക്കെ തേജസ്വിനിയുടെ പുരോഗതിക്ക് അവരാല്‍ കഴിയുന്ന എല്ലാ സഹായവും നല്‍കി ഫോര്‍ട്ട് വിഹാര്‍ ലോഡ്ജില്‍ യക്ഷഗാന ആചാര്യന്മാരിലൊരാളായ ചന്ദ്രഗിരി അമ്പു വിളക്കുതെളിയിച്ച ആ മഹാസംരംഭം ഒരു കൊച്ചു കാറ്റിനാല്‍ അണഞ്ഞുപോയി. തകര്‍ച്ചയുടെ ഉത്തരവാദിത്വം എനിക്കുതന്നെയെന്ന് വിശ്വസിക്കാനാണ് ഇന്നും എനിക്ക് താല്‍പര്യം. കാരണം പതിമൂന്ന് വര്‍ഷത്തെ കാസര്‍കോടന്‍ ജീവിതം ഒന്നും; ബാങ്ക് ബാലന്‍സ് പോലും ഉണ്ടാക്കാന്‍ എനിക്ക് സമയം അനുവദിച്ചില്ല. കണ്‍മുന്നിലൂടെ 80കളിലെ പതിനായിരങ്ങള്‍ അടക്കുകളായി ചലിക്കുന്നത് കണ്ടെങ്കിലും ഒന്നിലേക്കും എന്റെ കൈകള്‍ നീണ്ടിട്ടില്ല. നഷ്ടമായ ഒന്നിനെകുറിച്ചും എനിക്ക് വേവലാതി ഇല്ല. തേജസ്വിനി തിയേറ്റേഴ്‌സ് വടക്കന്‍ മണ്ണില്‍ നല്ലൊരു നാടക സംഘം എന്ന എന്റെ മോഹം അത്യാഗ്രഹമായിരുന്നു എന്ന് ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ അനുഭവപ്പെടുന്നു. അന്തരിച്ച ചന്ദ്രാലയം നാരായണന്‍ എന്ന നാടകബന്ധു കോഴിക്കോട്ട് എന്റെ അരികില്‍ വന്നിരുന്നു. തേജസ്വിനി തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചതിന്റെ പിന്നാമ്പുറക്കഥകള്‍ നാരായണന് അന്നേ അറിയാമായിരുന്നു. മുഴുവന്‍ കേട്ട ഞാന്‍ ചിരിച്ചതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. നാടക രംഗത്തും പത്രപ്രവര്‍ത്തന മേഖലകളിലും എന്റെ ലാഭം കൊതിക്കാത്ത വിട്ടുവീഴ്ചകള്‍ കൊണ്ട് സന്നദ്ധരാവര്‍, എന്റെ ഇനീഷ്യല്‍ പി.എ.എം എന്നത് ദുര്‍വിനിയോഗം ചെയ്തവര്‍ ആരും എന്റെ ശത്രുക്കളല്ല; മിത്രങ്ങള്‍ മാത്രം. അഭിനയ മോഹവുമായി വന്ന് തേജസിനിയില്‍ ഞാന്‍ ചാന്‍സുകൊടുത്ത് ആദ്യമായി അരങ്ങ് കണ്ടവര്‍ പോലും നിഷ്‌കരുണം പുറം കാല്‍കൊണ്ട് തൊഴിച്ചത് ഓര്‍ത്തും മനസ്സിലാക്കിയും ഞാന്‍ കഠിനമായി ചിരിക്കുന്നു. ഒരു കടം മാത്രം ബാക്കിയുണ്ട്. തേജസ്വിനിയുടെ സംഗീത റിക്കാര്‍ഡിങ്ങ് വേളയില്‍ കാശൊക്കെ തീര്‍ന്ന് ഞാന്‍ തികഞ്ഞ നിസ്വനായി ഇടിവെട്ടേറ്റ് നിന്നപ്പോള്‍ നൂറിന്റെ നിരവധി നോട്ടുകള്‍ ഉള്ളംകൈയില്‍ -ഏകദേശം ആയിരം രൂപ- തിരുകിയ ആ വലിയ ഹൃദയം. കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ആ മനുഷ്യനോട് ഞാന്‍ അന്നും ഇന്നും എന്നും കടപ്പെട്ടിരിക്കുന്നു.

Related Articles
Next Story
Share it