നല്ല പാഠങ്ങളുടെ മുപ്പത് വര്‍ഷങ്ങള്‍

വിദ്യാഭ്യാസത്തിന്റെ നല്ല പാഠങ്ങള്‍ പകര്‍ന്ന് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മൂന്ന് പതിറ്റാണ്ടിന്റെ നിറവില്‍. മത-ഭൗതീക മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് എം.ഐ.സി നടത്തുന്നത്. 1993ല്‍ സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന പരേതനായ സി.എം അബ്ദുല്ല മുസ്ല്യാരാണ് ചില പൗരപ്രമുഖരുടെ സഹായത്തോടെ ഈ സ്ഥാപനത്തിന് തുടക്കമിടുന്നത്. ചട്ടഞ്ചാലില്‍ ടൗണില്‍ ആദ്യമായി ചെറിയൊരു സ്‌കൂള്‍ തുടങ്ങിയാണ് ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രാരംഭം കുറിച്ചത്. ചട്ടഞ്ചാലിലെ പൗരപ്രമുഖനായിരുന്ന തെക്കില്‍ മൂസ ഹാജി സൗജന്യമായി നല്‍കിയ ഭൂമിയില്‍ പിന്നീട് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. […]

വിദ്യാഭ്യാസത്തിന്റെ നല്ല പാഠങ്ങള്‍ പകര്‍ന്ന് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മൂന്ന് പതിറ്റാണ്ടിന്റെ നിറവില്‍. മത-ഭൗതീക മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് എം.ഐ.സി നടത്തുന്നത്. 1993ല്‍ സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന പരേതനായ സി.എം അബ്ദുല്ല മുസ്ല്യാരാണ് ചില പൗരപ്രമുഖരുടെ സഹായത്തോടെ ഈ സ്ഥാപനത്തിന് തുടക്കമിടുന്നത്. ചട്ടഞ്ചാലില്‍ ടൗണില്‍ ആദ്യമായി ചെറിയൊരു സ്‌കൂള്‍ തുടങ്ങിയാണ് ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രാരംഭം കുറിച്ചത്. ചട്ടഞ്ചാലിലെ പൗരപ്രമുഖനായിരുന്ന തെക്കില്‍ മൂസ ഹാജി സൗജന്യമായി നല്‍കിയ ഭൂമിയില്‍ പിന്നീട് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവിലെ സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവിയായിരുന്നു ഈ പ്രയത്‌നത്തിനൊക്കെ സി.എം അബ്ദുല്ല മൗലവിയുടെ സന്തത സഹചാരിയായി കൂടെയുണ്ടായിരുന്നത്. സി.എം. അബ്ദുല്ല മുസ്ല്യാരുടെ വിയോഗ ശേഷം യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവിയാണ് സ്ഥാപനം നിയന്ത്രിക്കുന്നത്. ഏറെ പ്രയാസങ്ങളോടെയായിരുന്നു തുടക്കവും വളര്‍ച്ചയും. പലരുടെയും കൈവിടാത്ത സഹായവും പിന്തുണയും തുടര്‍ന്നപ്പോള്‍ കേവലം പത്ത് വര്‍ഷങ്ങള്‍ കൊണ്ട് എം.ഐ.സി അഭൂത പൂര്‍വ്വമായ വളര്‍ച്ചയിലെത്തി. അഗതി-അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യതീംഖാന, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഉദുമയില്‍ ദാറുല്‍ ഇര്‍ശാദ് അക്കാദമി എന്ന പേരില്‍ മത-ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനം, മതമേഖലയില്‍ മാത്രം പ്രവര്‍ത്തനം തുടരുന്നതിനായി അര്‍ശദുല്‍ ഉലൂം ദഅ്‌വ കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രിയും പി.ജിയും അടക്കം വിവിധ കോഴ്‌സുകളുമായി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കെ.ജി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്‌കൂള്‍ വിദ്യാഭ്യാസം, വിദ്യാര്‍ത്ഥിനികള്‍ക്ക് മത-ഭൗതീക വിദ്യഭ്യാസം നേടുന്നതിനായി അഫ്‌ളലുല്‍ ഉലമ കോളേജ്, പുതുമയാര്‍ന്ന വിദ്യാഭ്യാസ രീതിയുമായി അര്‍ശദുല്‍ ഉലൂം കോളേജ്, ഖുര്‍ആന്‍ മന:പാഠമാക്കാനായി ചെറിയ വിദ്യാര്‍ത്ഥികള്‍ക്ക് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് തുടങ്ങിയ വൈവിധ്യങ്ങളായ സ്ഥാപനങ്ങള്‍ ഒരേ സമുച്ചയത്തിന് കീഴില്‍ പ്രവര്‍ത്തനം തുടരുന്നു. 2010 ഫെബ്രുവരിയില്‍ സി.എം അബ്ദുല്ല മൗലവി മരണപ്പെടുമ്പോഴേക്കും സ്ഥാപനം പല നേട്ടങ്ങളും കൈവരിച്ചിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മികച്ച കോളേജുകളിലൊന്നായി എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മാറി. യൂണിവേഴ്സിറ്റി തലത്തില്‍ വിദ്യാര്‍ത്ഥികള്‍ റാങ്കുകള്‍ വാരിക്കൂട്ടി. പല ജില്ലക്കാരും പഠനത്തിനായി ഇവിടെയെത്തി. ദാറുല്‍ ഇര്‍ശാദില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ത്ഥികളും ഉന്നത തലത്തില്‍ ചരിത്രം രചിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. തുര്‍ക്കിയിലെ വ്യത്യസ്ഥ യൂണിവേഴ്സിറ്റികളില്‍ നിന്നും ജെ.എന്‍.യു പോലെയുള്ള ഇന്ത്യയുടെ വ്യത്യസ്ഥ പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടി സ്ഥാപനത്തിന് അഭിമാന നേട്ടം നടത്തിയവരും ഉണ്ട്. ഇപ്പോഴും പല സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ കയറ്റിറക്കത്തിന്റെ കഥയാണ് എം.ഐ.സിക്ക് വിവരിക്കാനുള്ളത്. വീണ്ടുമൊരു കുതിപ്പിലാണ് ഈ സ്ഥാപനയാത്ര. ഇനിയും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും എം.ഐ.സിക്ക് കീഴില്‍ വരണമെന്ന് തന്നെയാണ് ഇതിന്റെ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അതിനുള്ള ഊര്‍ജ്ജം പകരലാവും ഇന്നലെ മുതല്‍ എം.ഐ.സി കാമ്പസില്‍ നടന്നുവരുന്ന ത്രിദിന സമ്മേളനം.


-സവാദ് ഹുദവി കട്ടക്കാല്‍

Related Articles
Next Story
Share it