പരിഭാഷയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

'ചെമ്പുകണ്ടത്തില്‍ ദാവീദ്'-ഒരു ഇംഗ്ലീഷ് കൃതിയുടെ പരിഭാഷയാണ് വിക്‌ടോറിയന്‍ യുഗത്തിലെ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ചാള്‍സ് ഡിക്കല്‍സിന്റെ രചന. 'ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ്' എന്ന് മുഴുവന്‍ പേര്.പരിഭാഷയാകുമ്പോള്‍ മൂലകൃതിയോട് തികച്ചും നീതി പുലര്‍ത്തണം. അപ്പോള്‍, കഥാപാത്രങ്ങളുടെ പേരുകളും ഭാഷാന്തരീകരിക്കണമല്ലോ. ഈ ന്യായപ്രകാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ മലയാളീകരിച്ചു. 'ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്', 'ചെമ്പുകണ്ടത്തില്‍ ദാവീദാ'യി. 'ഉദാല ചരിതം' പോലുള്ള മാതൃകയുണ്ടല്ലോ. 'ഉദ്ദാലചരിതം' ഒരു ആംഗല നാടകത്തിന്റെ നോവല്‍ രൂപമാണ്. നായകന്റെ പേര്: 'ഉദ്ദാലന്‍;', നായിക 'ദോഷദമന'; വില്ലന്‍ 'ഇയാഗന്‍'. […]

'ചെമ്പുകണ്ടത്തില്‍ ദാവീദ്'-ഒരു ഇംഗ്ലീഷ് കൃതിയുടെ പരിഭാഷയാണ് വിക്‌ടോറിയന്‍ യുഗത്തിലെ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ചാള്‍സ് ഡിക്കല്‍സിന്റെ രചന. 'ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ്' എന്ന് മുഴുവന്‍ പേര്.
പരിഭാഷയാകുമ്പോള്‍ മൂലകൃതിയോട് തികച്ചും നീതി പുലര്‍ത്തണം. അപ്പോള്‍, കഥാപാത്രങ്ങളുടെ പേരുകളും ഭാഷാന്തരീകരിക്കണമല്ലോ. ഈ ന്യായപ്രകാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ മലയാളീകരിച്ചു. 'ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്', 'ചെമ്പുകണ്ടത്തില്‍ ദാവീദാ'യി. 'ഉദാല ചരിതം' പോലുള്ള മാതൃകയുണ്ടല്ലോ. 'ഉദ്ദാലചരിതം' ഒരു ആംഗല നാടകത്തിന്റെ നോവല്‍ രൂപമാണ്. നായകന്റെ പേര്: 'ഉദ്ദാലന്‍;', നായിക 'ദോഷദമന'; വില്ലന്‍ 'ഇയാഗന്‍'. മൂല നാടകകൃത്തിന്റെ പേര് 'കുന്തം കുലുക്കി' (ഉദ്ദാലചരിതത്തിന്റെ രചയിതാവ് 'കുന്തം കുലുക്കി' എന്നാക്കിയിട്ടില്ല;'ക്ഷമാപണപൂര്‍വ്വം ഈ കുറിപ്പുകാരന്‍ ഒരു ദുസ്വാതന്ത്ര്യം കാണിച്ചു) വ്യക്തമായോ കൃതി ഏതാണെന്ന്? ഷേക്‌സ്പിയറുടെ 'ഒഥേല്ലാ. ഡസ്ഡിമോണയാണ് 'ദോഷദമന'. 'ഒഥല്ലോ'- 'ഉദ്ദാലന്‍' 'ഇയാഗോ'- 'ഇയാഗന്‍'
പുരാതനകൃതിയായ 'ഭവിഷ്യപുരാണം' ഈ മാതിരി പേരുമാറ്റത്തിന് മാതൃക നല്‍കുന്നു. 'വികടേശ്വരി' എന്ന് പേരായ 'ശ്വേതരാജ്ഞി' ഭാവിയില്‍ ഭാരതം ഭരിക്കുമെന്ന് പുരാണകര്‍ത്താവായ ഋഷി ദീര്‍ഘദര്‍ശനം നടത്തിയിട്ടുണ്ടല്ലോ. 'നാ ഋഷി കവി' ഋഷിയല്ലാതെ കവിയില്ല- എന്നല്ലേ പ്രമാണം. വിക്‌ടോറിയാരാജ്ഞിയാണ് 'വികടേശ്വരി.'
ശ്വേതരാഞ്ജി-വെള്ള-ക്കാരിയായ രാജ്ഞി തന്നെ. 'തിംസാ' നദിക്കരയിലെ 'ലണ്ടന' നാമധേയത്തോട് കൂടിയ 'പത്തന'ത്തിലിരുന്ന് ഭാരതം ഭരിച്ചവരെക്കുറിച്ച് എ.ആര്‍ രാജരാജവര്‍മ്മ എഴുതിയിട്ടുണ്ട്- 'വിശാഖ വിജയം' മഹാകാവ്യത്തില്‍.
പരിഭാഷ 'പരമഭാഷ'യില്‍ രചിക്കപ്പെട്ട കൃതിയുടെ ഭാഷാന്തരമാണല്ലോ. അത് എല്ലാ രീതിയിലും 'മൂലാനുസാരി'യാകേണ്ടതുണ്ട്. അതുകൊണ്ട് ഉദ്ദേശിക്കുന്നത്, മൂലകൃതിയിലെ കഥാപാത്രങ്ങളുടെ പേരുകളും അതേ രീതിയില്‍ ഉപയോഗിക്കണം എന്നാണോ? 'സംജ്ഞാനാമം' വിവര്‍ത്തനം ചെയ്യാവുന്നതാണോ? ലക്ഷ്യഭാഷയുടെ രീതിയിലേക്ക് മാറ്റാവുന്നതാണ്. എങ്ങനെ എന്ന് പറയാം: രാമായണത്തിലെ കഥാപാത്രങ്ങള്‍-ദശരഥ, രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന, രാവണ...ഇത്യാദിനാമങ്ങള്‍ അവസാനം ചില്ലക്ഷരം ചേര്‍ത്ത് മലയാളീകരിക്കുക-ദശരഥന്‍, രാമന്‍, ഭരതന്‍...എന്നിങ്ങനെ
വിമല്‍മിത്രയുടെ 'ദീപാങ്കുര്‍' 'ദീപാങ്കുരനായി' കന്നടമൂലത്തില്‍ 'ചോമ' തുടികൊട്ടുമ്പോള്‍ മലയാളത്തില്‍ 'ചോമന്‍' തുടികൊട്ടുന്നു (ചോമന്റെ തുടി).
സുക്രാതു, അറസ്തു, എപ്പിക്കുരു, പിത്തക്കുരു എല്ലാം പ്രാചീന ഗ്രീക്ക് തത്വചിന്തകരുടെ പേരുകള്‍. കേട്ടിട്ടില്ലല്ലോ ഈ വിചിത്ര നാമങ്ങള്‍ എന്ന് തലചൊറിയുന്നവരുടെ അറിവിലേക്കായി പറയാം: സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, എപ്പിക്യുറസ്, പൈഥഗോറസ്. മഹാപണ്ഡിത രാഹുല്‍ സാം കൃത്യായന്റെ വിശ്വരേഖ, ദര്‍ശനരേഖ തുടങ്ങിയ ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷയില്‍. ഹിന്ദിയില്‍ നിന്നും വിവര്‍ത്തനം ചെയ്തത് കെ.വി മണലിക്കര.
വിക്ടര്‍ ഹ്യുഗോയുടെ ബൃഹത്‌നോവലിന്റെ പേര് 'ലെ മിറാബ്‌ളെ' നാലപ്പാട് നാരായണ മേനോന്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി- 'പാവങ്ങള്‍' എന്ന പേരില്‍ നായകന്‍ 'ഴാങ്ങ് വാല്‍ ഴാങ്ങ്' 'ജീന്‍ വാല്‍ ജീന്‍' എന്നും പരിഭാഷയുണ്ട്.
'ഗുഡ് ഫ്രൈഡെ'-നല്ല വെള്ളിയാഴ്ചയാണ് ഭാഷാ പണ്ഡിതന്മാര്‍ക്ക്. എന്നാല്‍, സത്യവിശ്വാസികളായ ക്രൈസ്തവര്‍ക്ക് 'ദുഃഖവെള്ളിയാഴ്ച'. 'ഗുഡ്' എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം 'നല്ലത്' എന്നല്ല. അതൊരു വിശ്വാസപരമായ മാറ്റമാകുന്നു. ഒരു കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ അത് ആരുടെ, ഏത് ദേശക്കാരുടെ കഥയാണ് പറയുന്നത് എന്നറിഞ്ഞിരിക്കണം; അവരുടെ വിശ്വാസാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍-ഇത്യാദി-കളും അറിയണം. 'ക്ലോക്‌വൈസ്'-പ്രദക്ഷിണം ആണ്; 'ഘടികാരത്തിന്റെ സൂചി പോകുന്ന ക്രമത്തില്‍' എന്ന് വലിച്ചുനീട്ടരുത്; അത് വിശ്വാസ സംബന്ധമായ അനുഷ്ഠാനമാണ്. വിശുദ്ധ സ്ഥാനങ്ങളില്‍ ആരാധ്യ വസ്തുക്കളെ പ്രദക്ഷിണം വെക്കുക, അല്ലെങ്കില്‍ വലം വെക്കുക എന്ന ആചാരമുള്ളത് മനസ്സിലാക്കണം വിവര്‍ത്തകന്‍. 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്'-
'സ്വാതന്ത്രം അര്‍ധരാത്രിയില്‍' എന്ന് പരിഭാഷപ്പെടുത്തിയത് ശരി. എന്നാല്‍, ചിതാഭസ്മം നിറച്ച കുടത്തിന് ചുറ്റും ക്ലോക്കിന്റെ സൂചി പോകുന്ന ക്രമത്തില്‍ നടക്കുക- അതുവേണ്ട നല്ല പരിഭാഷയല്ല.
'പരഭാഷാ'കൃതിയുടെ ഭാഷാന്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്.

-നാരായണന്‍ പേരിയ

Related Articles
Next Story
Share it