തെയ്യക്കാലം
നടപ്പു വര്‍ഷത്തെ ക്ഷേത്രോത്സവങ്ങള്‍ മിക്കവാറും അവസാനിക്കാറായി. ജില്ലയില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകളുടെ ആഘോഷാരവങ്ങളിലാണ് ജനങ്ങള്‍ ഇപ്പോള്‍. തീയ്യ സമുദായ തറവാടുകളില്‍ അതാത് തറവാട്ടുകാരുടെ ഹിതമനുസരിച്ച്, അവരുടെ ചെലവില്‍ നടത്തുന്ന തെയ്യംകെട്ടുകള്‍ പക്ഷേ, നാടിന്റെ മൊത്തം ഉത്സവമാണ്. മൂന്ന് ദിവസം മാത്രം നീളുന്ന തെയ്യംകെട്ടിനായി ഏറെ വര്‍ഷത്തെ കാത്തിരിപ്പും ഒരു വര്‍ഷത്തെ തയ്യാറെടുപ്പും വേണ്ടിവരുന്നു. തെയ്യംകെട്ടിനായി ആഘോഷകമ്മിറ്റി രൂപീകരണം പൂര്‍ത്തിയായാല്‍ തുടര്‍ന്നുള്ള നടത്തിപ്പ് ആ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. ചെലവ് ചുരുക്കി തെയ്യംകെട്ടുകള്‍ നടത്തണമെന്ന് നിരന്തരം ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ 13 […]
നടപ്പു വര്‍ഷത്തെ ക്ഷേത്രോത്സവങ്ങള്‍ മിക്കവാറും അവസാനിക്കാറായി. ജില്ലയില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകളുടെ ആഘോഷാരവങ്ങളിലാണ് ജനങ്ങള്‍ ഇപ്പോള്‍. തീയ്യ സമുദായ തറവാടുകളില്‍ അതാത് തറവാട്ടുകാരുടെ ഹിതമനുസരിച്ച്, അവരുടെ ചെലവില്‍ നടത്തുന്ന തെയ്യംകെട്ടുകള്‍ പക്ഷേ, നാടിന്റെ മൊത്തം ഉത്സവമാണ്. മൂന്ന് ദിവസം മാത്രം നീളുന്ന തെയ്യംകെട്ടിനായി ഏറെ വര്‍ഷത്തെ കാത്തിരിപ്പും ഒരു വര്‍ഷത്തെ തയ്യാറെടുപ്പും വേണ്ടിവരുന്നു. തെയ്യംകെട്ടിനായി ആഘോഷകമ്മിറ്റി രൂപീകരണം പൂര്‍ത്തിയായാല്‍ തുടര്‍ന്നുള്ള നടത്തിപ്പ് ആ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. ചെലവ് ചുരുക്കി തെയ്യംകെട്ടുകള്‍ നടത്തണമെന്ന് നിരന്തരം ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ 13 […]
നടപ്പു വര്‍ഷത്തെ ക്ഷേത്രോത്സവങ്ങള്‍ മിക്കവാറും അവസാനിക്കാറായി. ജില്ലയില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകളുടെ ആഘോഷാരവങ്ങളിലാണ് ജനങ്ങള്‍ ഇപ്പോള്‍. തീയ്യ സമുദായ തറവാടുകളില്‍ അതാത് തറവാട്ടുകാരുടെ ഹിതമനുസരിച്ച്, അവരുടെ ചെലവില്‍ നടത്തുന്ന തെയ്യംകെട്ടുകള്‍ പക്ഷേ, നാടിന്റെ മൊത്തം ഉത്സവമാണ്. മൂന്ന് ദിവസം മാത്രം നീളുന്ന തെയ്യംകെട്ടിനായി ഏറെ വര്‍ഷത്തെ കാത്തിരിപ്പും ഒരു വര്‍ഷത്തെ തയ്യാറെടുപ്പും വേണ്ടിവരുന്നു. തെയ്യംകെട്ടിനായി ആഘോഷകമ്മിറ്റി രൂപീകരണം പൂര്‍ത്തിയായാല്‍ തുടര്‍ന്നുള്ള നടത്തിപ്പ് ആ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. ചെലവ് ചുരുക്കി തെയ്യംകെട്ടുകള്‍ നടത്തണമെന്ന് നിരന്തരം ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ 13 തറവാടുകളിലെ തെയ്യംകെട്ട് ഉത്സവങ്ങള്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനമായത്. അതില്‍ ഏഴ് ഇടങ്ങളില്‍ അവ നടന്നു കഴിഞ്ഞു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെ കൊളത്തൂര്‍ കണ്ണംവള്ളിയിലായിരുന്നു തുടക്കം. വിഷുവിന് തൊട്ടുമുന്‍പായി പാക്കം പള്ളിപ്പുഴയില്‍ (9 മുതല്‍ 11വരെ) തെയ്യംകെട്ട് നടന്നു. വിഷുവിന് ശേഷം 16 മുതല്‍ 18 വരെയാണ് ബട്ടത്തൂര്‍ ബംഗാട് തറവാട് ദേവസ്ഥാനത്ത് തെയ്യം കെട്ട്. തുടര്‍ന്ന് അഞ്ചിടങ്ങളില്‍ നടക്കാന്‍ ബാക്കിയുണ്ട്. മെയ് 18ന് കോരിച്ചാല് തറവാട്ടില്‍ ജില്ലയിലെ ഈ വര്‍ഷത്തെ അവസാന തെയ്യംകെട്ടിന് മറപിളര്ക്കും.
പത്താമുദയം തൊട്ട് കാവുകളും ക്ഷേത്രങ്ങളും തറവാടുകളും വെളിച്ചപ്പാടുകളുടെയും തെയ്യങ്ങളുടെയും അരുളിപ്പാടില് വിശ്വാസികള്‍ക്ക് അനുഗ്രഹം ചൊരിയുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷം വടക്കേ മലബാറിന്റെ മാത്രം ഹൈന്ദവ വിശ്വാസ സംസ്കാരത്തിന്റെ ഭാഗമാണ്. തെയ്യം കെട്ടിയാടിക്കുന്നതെല്ലാം 'തെയ്യംകെട്ടെ'ന്ന് പരാമര്ശിക്കുന്നതില് തെറ്റില്ലെങ്കിലും തീയ്യ സമുദായത്തിന്റെ തറവാടുകളില്‍ തെയ്യംകെട്ടെന്നാല് അത് വയനാട്ടുകുലവനെയും കണ്ടനാര്കേളനെയും കോരച്ചനെയും മറ്റു അനുബന്ധ ധര്മദൈവങ്ങളെയും കെട്ടിയാടിക്കുന്ന മൂന്നാല് ദിവസം നീളുന്ന നാടിന്റെ മഹോത്സവമാണ്. തറവാടുകളുടെയും ദേവസ്ഥാനങ്ങളുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആചരിക്കാന്‍ (ആഘോഷിക്കാന്‍ ) കിട്ടുന്ന അനുഷ്ഠാന സാക്ഷാല്‍ക്കാര പൂര്ണതയാണത്.
അത് നടത്താനുള്ള ഭീമമായ സാമ്പത്തിക ബാധ്യത അതാത് തറവാട് കമ്മിറ്റികളുടെതാണെങ്കിലും തെയ്യംകെട്ട് നടത്താനുള്ള ഉത്തരവാദിത്വം നാട്ടിലെ പ്രബലമായ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന ആഘോഷ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. തെയ്യംകെട്ടുകളില്‍ സജീവമായി പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ ആയിരിക്കും ആഘോഷകമ്മിറ്റികളുടെ അമരത്ത്.
തറവാടുകളുടെ സാമ്പത്തിക നിലവാരമനുസരിച്ച് ആഘോഷത്തിന്റെ പൊലിമയിലും പെരുമയിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകും.ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 30 നും 40 ലക്ഷത്തിനുമിടയില്‍ ഓരോ തെയ്യം കെട്ടുത്സവത്തിനും ചെലവിടുമ്പോള്‍ കിഴക്കോട്ടു പോകുംതോറും അത് ഗണ്യമായി കുറയുന്നതാണ് സാധാരണ ട്രെന്‍ഡ്.
വയനാട്ടുകുലവന്‍ തെയ്യംകെട്ടുകളിലെ അമിത ഘോഷങ്ങള്‍ ഒഴിവാക്കിയോ, പരിമിതപ്പെടുത്തിയോ മതി ഇനിയുള്ള തെയ്യംകെട്ടുകള്‍ എന്ന തീരുമാനം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് 2023 ലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ ഫെബ്രുവരി 28 മുതല്‍ ജില്ലയിലെ വിവിധ തറവാടുകളില്‍ ഇപ്പോള്‍ നടന്നു വരുന്നത്. ചെലവ് ചുരുക്കി ഇത് നടത്തുമ്പോള്‍ പതിവ് പകിട്ട് കുറഞ്ഞു പോകുമോ എന്ന ആശങ്ക ചിലയിടങ്ങളില്‍ നിന്ന് കേള്‍ക്കുന്നുമുണ്ട്. ഓരോ അംഗത്തിനും അവരുടെ തറവാട്ടില്‍ നടക്കുന്ന തെയ്യംകെട്ട് അവരുടെ അഭിമാനപ്രശ്നമായി സ്വയം കരുതുന്നുവെന്നതാണ് പ്രധാന കാരണം.
ഓരോ കൂട്ടായ്മയ്മക്കും വിഭിന്ന കലാ സാംസ്കാരിക പൈതൃകമാണുള്ളത്. ജന സംസ്കാരത്തിന്റെ വേറിട്ട അടയാളപ്പെടുത്തലുകളാണ് അവയെല്ലാം. കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെയ്യംകെട്ടടക്കം സര്‍വ ഉത്സവങ്ങളും ആരവത്തോടും ആളനക്കത്തോടും കൂടിയ വിസ്മയ കാഴ്ചയായി അനുഭവപ്പെടുന്നത് ഇത്തരം കൂട്ടായ്മകളുടെ കൈയ്യും മെയ്യും മറന്നുള്ള ഒത്തുചേരലുകളിലൂടെയാണ്.
വയനാട്ടുകുലവന്‍ തെയ്യംകെട്ടുകളുടെ മുഖ്യ സംഘാടകരും നടത്തിപ്പുകാരും തീയ്യ സമുദായത്തില്‍ പെടുന്ന നാട്ടുകൂട്ടങ്ങള്‍ ആയിരിക്കും. എങ്കിലും ഇതര സമുദായത്തില്‍ പെടുന്നവരും വല്ലപ്പോഴുമെത്തുന്ന ഈ ഉത്സവത്തിന്റെ വിജയത്തിനായി തങ്ങളുടെ സാനിധ്യവും പ്രത്യക്ഷമായി തന്നെ പ്രകടിപ്പിച്ച് കാണുന്നത് തെയ്യംകെട്ടുകള്‍ നാടിന്റെ മൊത്തത്തിലുള്ള ഉത്സവമായി അംഗീകരിക്കുന്നതിനാലാണ്.
വയനാട്ടുകുലവനും കേളനും
തീയ്യരുടെ പ്രധാന കുലദൈവമാണ് വയനാട്ടുകുലവന്‍. അതാണ് തൊണ്ടച്ചന്. വയനാട്ടുകുലവനോടൊപ്പം, വിഷ്ണുമൂര്‍ത്തി, കുഞ്ഞിക്കോരന്, കാര്‍ന്നോന്‍ തെയ്യങ്ങള്‍ക്കും പ്രാമുഖ്യമുണ്ട്. കണ്ടനാര്കേളന് പ്രതിഷ്ഠയില്ല. തീയ്യ സമുദായ തറവാടുകളില്‍ പ്രതിഷ്ഠകള്‍ ഇരുത്തുന്നതും അനുബന്ധ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതും തീയ്യ സമുദായത്തില്‍ പെടുന്ന വെളിച്ചപ്പാടന്മാരും ശില്‍പ്പികളുമാണ്.
കുലവന്റെ പ്രധാന ആയുധം കണക്കത്തിയാണ്. കുലത്തില്‍ പ്രമുഖനായ ആദിതീയനാണ് വയനാട്ടുകുലവന്‍. ശിവന് പൂജിച്ചു വെച്ച മധുകുടം കുടിക്കാനുള്ള ശ്രമം കാണാനിടയായ ശിവന്റെ ശാപമേറ്റ് കുലവന്റെ ഇരു കണ്ണുകളും കാണാതായെന്നാണ് കഥ.
വിഷ്ണുമൂര്‍ത്തി
മിക്ക ദേവാലയങ്ങളിലും വിഷ്ണുമൂര്ത്തിക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ആസ്ഥാനം കോട്ടപ്പുറമാണെങ്കിലും എല്ലാ തറവാടുകളിലും കാവുകളിലും പ്രധാന ദേവനാണ് വിഷ്ണുമൂര്‍ത്തി.
പ്രധാന ചടങ്ങുകള്‍
മാസങ്ങള്‍ക്ക് മുമ്പെ ആഘോഷ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഉത്സവത്തിന് മുന്‍പ് വിശാലമായ പന്തല്‍ ഒരുക്കും. കലവറ, അണിയറ, അടുക്കള, മറക്കളം തുടങ്ങിയവയുടെ നിര്‍മാണ ജോലികള്‍ കൂവം അളക്കലിന് മുന്‍പേ ആരംഭിക്കും.
കൂവം അളക്കല്‍
തെയ്യംകെട്ടിന് മുന്‍പായി സമീപ ക്ഷേത്രങ്ങളിലേക്കും ദേവസ്ഥാനങ്ങളിലേക്കും നെല്ല് അളന്ന് മാറ്റിവെക്കുന്നതാണ് കൂവം അളക്കല്‍ ചടങ്ങ്. പാലക്കുന്ന് കഴകത്തില്‍ സന്ധ്യയ്ക്ക് ശേഷമാണിത് നടക്കുക. മറ്റിടങ്ങളില്‍ പകലും.
ബോനം കൊടുക്കല്‍
കണ്ണിന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ പരമശിവന് മുളംചൂട്ടും പൊയ്കണ്ണും കുലവന് നല്കി. കണ്ണ് പുകഞ്ഞ് ചൂട്ടും ചൂട്ട് പുകഞ്ഞ് കണ്ണും കാണുന്നില്ലെന്നായപ്പോള് കുലവന് അവയെല്ലാം വലിച്ചെറിഞ്ഞു.
അതെല്ലാം വീണത് ആദിപറമ്പന്‍ കണ്ണന്റെ നടുമുറ്റത്ത്. സഞ്ചാരപ്രിയനായ കുലവന് വഴിമധ്യേ പരിചയപ്പെട്ട കുഞ്ഞാലിയോട് മധു ആവശ്യപ്പെട്ടുവത്രെ. തന്റെ വിശ്വാസമനുസരിച്ച് മദ്യം കൈകാര്യം ചെയ്യാന്‍ പാടില്ലെന്നതിനാല്‍ തലയില്‍ മുണ്ടിട്ട് ആരും കാണാതെ കുലവന് 'മധു' നല്കിയത്രെ. അതാണ് ബോനം കൊടുക്കലുമായി ബന്ധപ്പെട്ട ഐതീഹ്യം.
ബപ്പിടല്‍
വയനാട്ടില്‍ നിന്നുള്ള യാത്രയില്‍ മലനാട്ടിലെത്തിയ കുലവന് സ്വീകരണത്തിന്റെ ഭാഗമായി, കേളന് വേട്ടമൃഗങ്ങളുടെ മാംസവും കള്ളും നല്കിയത്രെ. അതിന്റെ ഓര്‍മയിലാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ടിലെ ഏറ്റവും പ്രധാനചടങ്ങായ ബപ്പിടല്‍ ചടങ്ങ് നടക്കുന്നത്. ഇത് കാണാനാണ് ഏറെ ജനങ്ങള്‍ക്കും പ്രിയം. കണ്ടനാര്കേളന് പ്രതിഷ്ഠയില്ല. കള്ളിലും മൊഴിയിലും മാംസത്തിലുമാണ് കേളന് തന്റെ സാമിപ്യം അറിയിക്കുക. തോറ്റം പട്ടുകളില്‍ നിന്ന് ഇതൊക്ക മനസിലാക്കാന്‍ കഴിയും.
കുലവന്റെ ആയുധം കണക്കത്തിയാണ്. ഇവ കുറുകിയും അര്‍ദ്ധ ചന്ദ്രാകൃതിയിലുമാണ്. പരമശിവന്റെ അംശാവതാരമായ ആദിതീയ്യനാണ് വയനാട്ടുകുലവനായി അവതരിച്ചത് എന്നാണ് സങ്കല്പം.
ചൂട്ടൊപ്പിക്കല്‍
തറവാട്ടുകാരണവരില് നിന്ന് ഏറ്റുവാങ്ങിയ ചൂട്ട് കത്തിത്തീരാറാകുമ്പോള് കെടുത്തി കാരണവരെ തിരിച്ചേല്പ്പിക്കുന്ന ചടങ്ങാണ് ചൂട്ടൊപ്പിക്കല്‍. ഈ കുറ്റിചൂട്ട് താനത്തിനകത്ത് സൂക്ഷിച്ചു വെക്കും. പാല്കുറ്റിയാണ് ചൂട്ട് കെട്ടാനായി ഉപയോഗിക്കുന്നത്.
മറപിളര്‍ക്കല്‍
തെയ്യം കെട്ടിനായി കൊട്ടിലിനകത്ത് നിന്ന് മറക്കളത്തിലെ പ്രത്യേക ഇരിപ്പിടത്തിലേക്ക് ആവാഹിച്ച ചൈതന്യത്തെ തിരിച്ച് അവിടെ തന്നെ കുടിയിരുത്തിയ ശേഷം മറ പൊളിച്ചുമാറ്റുന്ന ചടങ്ങാണ് മറ പിളര്‍ക്കല്‍. തുടര്‍ന്ന് വിളക്കിലരിയോടെ തെയ്യംകെട്ടുത്സവം സമാപിക്കുന്നു.
-പാലക്കുന്നില്‍ കുട്ടി