ഈ ദുരിതയാത്രക്ക് അവസാനമുണ്ടാവണം

കോവിഡ് മഹാമാരിക്ക് ശേഷം തീവണ്ടി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ലോക്ഡൗണിന് മുമ്പ് ഓടിക്കൊണ്ടിരുന്ന പല തീവണ്ടികളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളാവട്ടെ സ്‌പെഷ്യല്‍ വണ്ടികളായി ഓടുകയുമാണ്. സാദാ ടിക്കറ്റുകള്‍ക്ക് പകരം റിസര്‍വേഷന്‍ ടിക്കറ്റുകള്‍ യാത്രക്ക് നിര്‍ബന്ധമാക്കിയതോടെയാണ് യാത്ര പ്രശ്‌നമായി മാറിയത്. ദൂരദിക്കുകളിലേക്കുള്ള യാത്രക്കാര്‍ അധികമില്ലെങ്കിലും ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. യാത്രാ സമയത്തിലെ കുറവും ബസ് യാത്രയിലെ ഗതാഗതക്കുരുക്കും മടുപ്പുമാണ് ആളുകളെ തീവണ്ടി യാത്രക്ക് പ്രേരിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ടിക്കറ്റ് വിതരണത്തിലെ കാതലായ […]

കോവിഡ് മഹാമാരിക്ക് ശേഷം തീവണ്ടി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ലോക്ഡൗണിന് മുമ്പ് ഓടിക്കൊണ്ടിരുന്ന പല തീവണ്ടികളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളാവട്ടെ സ്‌പെഷ്യല്‍ വണ്ടികളായി ഓടുകയുമാണ്. സാദാ ടിക്കറ്റുകള്‍ക്ക് പകരം റിസര്‍വേഷന്‍ ടിക്കറ്റുകള്‍ യാത്രക്ക് നിര്‍ബന്ധമാക്കിയതോടെയാണ് യാത്ര പ്രശ്‌നമായി മാറിയത്. ദൂരദിക്കുകളിലേക്കുള്ള യാത്രക്കാര്‍ അധികമില്ലെങ്കിലും ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. യാത്രാ സമയത്തിലെ കുറവും ബസ് യാത്രയിലെ ഗതാഗതക്കുരുക്കും മടുപ്പുമാണ് ആളുകളെ തീവണ്ടി യാത്രക്ക് പ്രേരിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ടിക്കറ്റ് വിതരണത്തിലെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റെയില്‍വെ തയ്യാറായിട്ടില്ല. ചില പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ടിക്കറ്റ് വിതരണം നടക്കുന്നത് ഒറ്റ കൗണ്ടറിലൂടെയാണ്. അതും രാവിലെ മുതല്‍ ഉച്ചക്ക് 2 മണി വരെ മാത്രം. ഇഴഞ്ഞു നീങ്ങുന്ന നിരയില്‍ നിന്ന് ടിക്കറ്റ് കിട്ടുന്ന സാഹസം പറഞ്ഞറിയാക്കാന്‍ പറ്റാത്തതാണ്. ഒരു റിസര്‍വേഷന്‍ ടിക്കറ്റ് അപേക്ഷ നോക്കി അതിലെ വിവരങ്ങള്‍ കൃത്യമായി കമ്പ്യൂട്ടറില്‍ ചേര്‍ക്കുന്നതിന് മൂന്ന് മിനിട്ടിലധികം വേണം. കൃത്യമായി പൂരിപ്പിക്കാത്തതും വ്യക്തമല്ലാത്തതുമായ അപേക്ഷയാണ് കിട്ടുന്നതെങ്കില്‍ സമയം വീണ്ടും കൂടും. അപേക്ഷയിലെ അവ്യക്തമായ അക്കങ്ങളും അക്ഷരങ്ങളും ചോദിച്ചു മനസ്സിലാക്കണമെങ്കില്‍ സമയം ഒരുപാടെടുക്കും. യാത്രക്കാരന്‍ യാത്ര ചെയ്ത് എത്തിച്ചേരുന്ന സ്ഥലത്തെ ജില്ലയും പിന്‍കോഡും അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് മിക്ക യാത്രക്കാര്‍ക്കും അറിയാത്ത കാര്യമാണ്. ചില സ്റ്റേഷനുകളില്‍ നിന്ന് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് മാത്രമേ കിട്ടുന്നുള്ളു. മടക്കയാത്ര ടിക്കറ്റ് കിട്ടുന്നില്ല. അതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സീസണ്‍ ടിക്കറ്റുകാര്‍ക്കും ദുരിതം തന്നെ. ഒരാഴ്ചക്കാലത്തേക്ക് വേവ്വേറെ ടിക്കറ്റ് റിസര്‍വ് ചെയ്താണ് യാത്ര ചെയ്യുന്നത്. സാദാ ടിക്കറ്റ് നിലവില്‍ വരുന്നത് വരെ കൗണ്ടറുകളുടെ എണ്ണം കൂട്ടിയും സമയം ദീര്‍ഘിപ്പിച്ചും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കും യാത്രാദുരിതം ചെറുതല്ല. തീവണ്ടികളെ ആശ്രയിച്ച് മംഗളൂരുവില്‍ പഠനം തുടരുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളുണ്ട്. വേണ്ടത്ര തീവണ്ടികള്‍ ഇല്ലാത്തതിന് പുറമെ ഓരോ ദിവസവും ക്യൂ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതും വലിയ ദുരിതമുണ്ടാക്കുന്നുണ്ട്.
അങ്ങോട്ടുമിങ്ങോട്ടുമുള്ള തീവണ്ടി ടിക്കറ്റെടുക്കാന്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു. സീസണ്‍ ടിക്കറ്റുകള്‍ നല്‍കി തുടങ്ങിയാല്‍ ഇവരുടെ പ്രശ്‌നത്തിന് പരിഹാരമാവും. കോവിഡ് കുറഞ്ഞുവന്നതോടെ ജനജീവിതം സാധാരണ നിലയിലെത്തിയിട്ടും റെയില്‍വെ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. ബസ് ഗതാഗതം ഏതാണ്ട് പഴയ പടി തന്നെയായിട്ടും റെയില്‍വെ എല്ലാ വണ്ടികളും ഓടിക്കാനും പഴയപടിയുള്ള ടിക്കറ്റ് സംവിധാനം പുനഃസ്ഥാപിക്കാനും തയ്യാറായിട്ടില്ല. സാധാരണ ടിക്കറ്റും സീസണ്‍ ടിക്കറ്റും പുനഃസ്ഥാപിക്കും വരെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണമെങ്കിലും വര്‍ധിപ്പിക്കാന്‍ സംവിധാനമുണ്ടാവണം. പാസഞ്ചര്‍ തീവണ്ടികള്‍ എക്‌സ്പ്രസുകളാക്കാനുള്ള നീക്കവും നടന്നുവരികയാണ്. ഇതിന് പകരമായി മെമു വണ്ടികള്‍ അനുവദിക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവികൊള്ളുന്നില്ല.
കേരളത്തില്‍ മറ്റ് സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പാസഞ്ചര്‍ വണ്ടികള്‍ മെമുവായി മാറ്റിക്കഴിഞ്ഞു. അതിന് പുറമെ പുതിയ മെമു വണ്ടികള്‍ അനുവദിക്കുകയും ചെയ്തു. എന്നിട്ടും മലബാറിനോടുള്ള അവഗണന തുടരുകയാണ്. നിലവില്‍ നിത്യ യാത്രക്കാര്‍ ഉപയോഗിക്കുന്ന എക്‌സ്പ്രസ്, പാസഞ്ചര്‍ വണ്ടികളില്‍ പലതും ഓടുന്നില്ല. കോവിഡാനന്തരം എല്ലാ മേഖലകളും തിരിച്ചു വരുമ്പോള്‍ റെയില്‍വേ മാത്രം മുഖം തിരിച്ചുനില്‍ക്കുന്നത് ശരിയല്ല.

Related Articles
Next Story
Share it