കാസര്‍കോട്: പ്രതിദിനം രണ്ടായിരത്തോളം രോഗികള്‍ എത്തുന്ന ജില്ലയിലെ പ്രധാന ആസ്പത്രിയായ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 15ഓളം ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ജനറല്‍ ഒ.പിയില്‍ ഇന്ന് കേവലം രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. സാധാരണ നാല് ഡോക്ടര്‍മാര്‍ ഒ.പിയിലുണ്ടാവാറുണ്ട്. ഇന്ന് രാവിലെ രോഗികളുടെ വലിയ തിരക്കാണ് ജനറല്‍ ആസ്പത്രിയില്‍ അനുഭവപ്പെട്ടത്. എന്നാല്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് കാരണം രോഗികള്‍ വലയുകയാണ്. കഴിഞ്ഞ ദിവസം ആസ്പത്രി സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് മുന്നില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമദ് അടക്കമുള്ളവര്‍ ആസ്പത്രിയിലെ ദുരിതാവസ്ഥ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ജനറല്‍ ആസ്പത്രിയില്‍ എത്തുന്ന രോഗികള്‍ വലിയ പ്രയാസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അധികസമയം സേവനം ചെയ്യേണ്ടിയും വരുന്നു. അടിയന്തിരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.