കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിനോടുള്പ്പെടെ ജില്ലയുടെ ആരോഗ്യമേഖലയോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാട്ടി. യൂത്ത് ലീഗ് നേതാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൊഗ്രാല്‍പുത്തൂരില്‍ വെച്ചാണ് സംഭവം.
കാസര്‍കോട്ട് നിന്ന് മൊഗ്രാല്‍ യൂനാനി ഡിസ്പെന്‍സറിയുടെ ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി പോകുന്നതിനിടെയാണ് ദേശീയപാതയില്‍ കയറി യൂത്ത് ലീഗ് നേതാക്കള്‍ കരിങ്കൊടി കാട്ടിയത്.
സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍,ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ജലീല്‍ തുരുത്തി, റഹ്മാന് തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്കി.
നേതാക്കളെ കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.