ഉദുമ: വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന തെയ്യംകലാകാരന്‍ മരിച്ച നിലയില്‍. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം നാലാംവാതുക്കല് കോളനിയിലെ സത്യനെ(42)യാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സത്യന് തെയ്യംകെട്ട് കഴിഞ്ഞ് തലേദിവസം രാത്രി 11 മണിയോടെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ രാവിലെ ഉണരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ സത്യനെ രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. രക്തം കണ്ടതിനാല്‍ സത്യന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയും മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതമാണ് സത്യന്റെ മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ സൂചന ലഭിച്ചതെന്നും മറ്റ് സംശയങ്ങളില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പത്മാവതിയുടെയും പരേതനായ കൊറഗന്റെയും മകനാണ്. ഭാര്യ: യശോദ. സഹോദരങ്ങള്‍: ഉഷ, വിനോദ. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു.