കറുപ്പിലും വെളുപ്പിലും നിറക്കൂട്ടിലും ചിത്രങ്ങള്‍ വരച്ച് വിസ്മയം തീര്‍ത്ത വ്യക്തിത്വമാണ് ആര്‍ടിസ്റ്റ് ടി.രാഘവന് മാഷിന്റേത്. കുത്തുകളുടെ ഏറ്റകുറച്ചിലുകളില്‍ സമന്വയിപ്പിച്ചത് നിഴലും വെളിച്ചവും വരുന്ന ഒരു രചനാരീതിയാണ് രാഘവന് മാഷിന്റേത്. വേണ്ടുവോളം വരകളും വര്‍ണ്ണങ്ങളും കൊണ്ട് ചാലിച്ചെടുത്ത ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്ക്കുന്ന മുഖങ്ങളില്‍ ഭൂരിഭാഗവും അതിപ്രശസ്തരുടേതാണ്. ഒരാളെ അതേ പോലെ നോക്കി കടലാസില്‍ പകര്‍ത്താന്‍ അദ്ദേഹത്തിന് അപാരമായ കഴിവുണ്ട്. പോര്‍ട്രെയിറ്റാണ് മാഷിന്റെ കലയിലെ പ്രിയപ്പെട്ട ഇനം. മരിച്ചുപോയ പലരും മാഷിന്റെ വരകളിലൂടെ ഇന്നും ജീവിക്കുന്നു. ഇതിനു പുറമെ നിരവധി പ്രകൃതി ദൃശ്യങ്ങള്‍ക്ക് നിറം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പുഴകളും മലകളും ചെടികളും അതേപടി കാന്‍വാസിലാക്കിയ വരകളും നിരവധിയാണ്. ചിത്രകാരന് എന്നതിലുപരി മികച്ച അധ്യാപകന് കൂടിയാണ്. 1991ല്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയത് ഇതിനുദാഹരണമാണ്. ഉത്തരദേശത്തില്‍ പി.വി.കൃഷ്ണന് മാഷുടെ കാര്‍ട്ടൂണ്‍ തുടങ്ങുന്നതിന് മുമ്പ് പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത് രാഘവന് മാഷാണ്. അഹ്മദ് മാഷുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന മാഷ് ഉത്തരദേശവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും ആദ്യാവസാനം സന്നിഹിതനായിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ ഒരു ശില്പം വേണമെന്ന ആവശ്യത്തിനു മുമ്പില്‍ കാസര്‍കോട്ടെ സഹൃദയര്‍ക്കൊപ്പം രാഘവന് മാഷുണ്ടായിരുന്നു.
കാനായി കുഞ്ഞിരാമനുമായുണ്ടായ സൗഹൃദം ഇതിന് വഴിവെച്ചു. കാനായി കേരള ലളിത കലാ അക്കാദമി ചെയര്‍മാനായിരിക്കെ രാഘവന് മാഷും അക്കാദമി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് പൗരാവലി രാഘവന് മാഷെ ആദരിച്ചിരുന്നു. ജെ.ആര്.പ്രസാദ് എഡിറ്ററായി മാഷെ കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ ഒട്ടേറെ പ്രശസ്തരാണ് ഇതില്‍ രാഘവന് മാഷെ ഓര്‍ത്തെടുത്തത്. യുവജനോത്സവ വേദികളില്‍ രാഘവന് മാഷ് സ്ഥിരം സാന്നിധ്യമായിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ചിത്രരചനക്ക് അദ്ദേഹം വിധികര്‍ത്താവായിട്ടുണ്ട്. ആദ്യം നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ അദ്ദേഹം മത്സരാര്‍ത്ഥിയായിരുന്നു. അതിന്റെ ബാഡ്ജ് ഒരു നിധി പോലെ ജീവിതകാലമത്രയും അദ്ദേഹം കൊണ്ടു നടന്നിരുന്നു. മികച്ച ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിയരുന്നു അദ്ദേഹം. കാസര്‍കോടിന്റെ പല പ്രശ്നങ്ങളിലും മാഷ് തന്നെ ശബ്ദം കേള്‍പ്പിച്ചിരുന്നു. ചിത്രങ്ങളും കാര്‍ട്ടൂണുകളും മാഷിന് സാമൂഹ്യപ്രവര്‍ത്തനം തന്നെയായിരുന്നു. സമൂഹത്തിലെ കളങ്കങ്ങളെയും അനീതികളെയും നിശിതമായി വിമര്‍ശിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പോക്കറ്റ് കാര്ട്ടൂണുകള്.
നാടിന്റെ അഭിമാനമായ മാഷിന് എക്കാലത്തും ജനഹൃദയങ്ങളില്‍ ഇടമുണ്ടാവും.