വോളിബോളിന്റെ വിസില്‍ മുഴക്കം
വോളിബോള്‍ എന്നത് കാറ്റ് നിറച്ച ബോള്‍ നെറ്റിന് ഇരുവശത്തുമായി നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ തട്ടിക്കളിക്കുന്ന കളിയാണ്. വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് വോളിബോളിന്റെ ഉപജ്ഞാതാവ്. 1895ലാണത്. പിന്നീട് മദ്രാസ് വൈ.എം.സി.എ 1921 ല്‍ വോളീബോളിനെ ഇന്ത്യയിലെത്തിച്ചു. അക്കാലത്തു തന്നെ വോളിബോള്‍ കേരളത്തിലും എത്തിയിരുന്നുവെങ്കിലും 1956 ആയപ്പോഴേക്കാണ് ജനകീയമായത്. ഒരു കാലത്ത് കാസര്‍കോടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങളെയും ഈ കായിക വിനോദം ത്രസിപ്പിച്ചിരുന്നു. ക്രിക്കറ്റും മറ്റും അന്ന് ഇത്ര വ്യാപകമായിരുന്നില്ല. കോവിഡിന് ശേഷം […]
വോളിബോള്‍ എന്നത് കാറ്റ് നിറച്ച ബോള്‍ നെറ്റിന് ഇരുവശത്തുമായി നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ തട്ടിക്കളിക്കുന്ന കളിയാണ്. വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് വോളിബോളിന്റെ ഉപജ്ഞാതാവ്. 1895ലാണത്. പിന്നീട് മദ്രാസ് വൈ.എം.സി.എ 1921 ല്‍ വോളീബോളിനെ ഇന്ത്യയിലെത്തിച്ചു. അക്കാലത്തു തന്നെ വോളിബോള്‍ കേരളത്തിലും എത്തിയിരുന്നുവെങ്കിലും 1956 ആയപ്പോഴേക്കാണ് ജനകീയമായത്. ഒരു കാലത്ത് കാസര്‍കോടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങളെയും ഈ കായിക വിനോദം ത്രസിപ്പിച്ചിരുന്നു. ക്രിക്കറ്റും മറ്റും അന്ന് ഇത്ര വ്യാപകമായിരുന്നില്ല. കോവിഡിന് ശേഷം […]
വോളിബോള്‍ എന്നത് കാറ്റ് നിറച്ച ബോള്‍ നെറ്റിന് ഇരുവശത്തുമായി നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ തട്ടിക്കളിക്കുന്ന കളിയാണ്. വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് വോളിബോളിന്റെ ഉപജ്ഞാതാവ്. 1895ലാണത്. പിന്നീട് മദ്രാസ് വൈ.എം.സി.എ 1921 ല്‍ വോളീബോളിനെ ഇന്ത്യയിലെത്തിച്ചു. അക്കാലത്തു തന്നെ വോളിബോള്‍ കേരളത്തിലും എത്തിയിരുന്നുവെങ്കിലും 1956 ആയപ്പോഴേക്കാണ് ജനകീയമായത്.
ഒരു കാലത്ത് കാസര്‍കോടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങളെയും ഈ കായിക വിനോദം ത്രസിപ്പിച്ചിരുന്നു. ക്രിക്കറ്റും മറ്റും അന്ന് ഇത്ര വ്യാപകമായിരുന്നില്ല. കോവിഡിന് ശേഷം വീണ്ടും കാസര്‍കോട് ജില്ലയിലെ വോളിബോള്‍ കോര്‍ട്ടുകള്‍ക്ക് ജീവന്‍ വെച്ചു. ഏകദേശം ചെറുതും വലുതുമായ മുപ്പതോളം ടൂര്‍ണ്ണമെന്റുകളാണ് നടന്നത്. ഇതറിയുമ്പോള്‍ എന്റെ മനസ്സില്‍ നാല്‍പത് വര്‍ഷം മുമ്പുള്ള, നാഷണല്‍ ഹൈവെയുടെ സമീപത്തെ, സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയാലിന്റെ, വോളിബോള്‍ കോര്‍ട്ടില്‍ കളിയുടെ ആരവം ഉയരുന്നു....
ഇതിഹാസമെന്ന് വിളിക്കാന്‍ പറ്റുന്ന കളിക്കാരനായ ജിമ്മി ജോര്‍ജ് അടിച്ചു പറത്തിയ ബോള്‍ പെറുക്കാന്‍ നില്‍ക്കുന്ന തളങ്കര മുസ്ലിം ഹെസ്‌കൂളിലെ പതിമൂന്നുകാരന്‍ പതുക്കെ വോളിബോള്‍ കോര്‍ട്ടിനെ പ്രണയിച്ചുതുടങ്ങി. സന്തത സഹചാരിയായ, കളിയറിയാത്ത അഷ്‌റഫലി ചേരങ്കൈയും വോളിബോളിനെ നെഞ്ചോട് ചേര്‍ത്തു. എരിയാല്‍ സ്റ്റാറിന്റെ പ്രതാപകാലത്ത് സെക്രട്ടറിയായി വര്‍ഷങ്ങളോളം അഷ്‌റഫലി ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
പിന്നീടങ്ങോട്ട് വോളിബോള്‍ കോര്‍ട്ടുകള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നും ഓര്‍ത്തു വെക്കാന്‍ ഒരുപാട് ഓര്‍മ്മകളും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് നടന്ന നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, താല്‍ക്കാലിക ഫ്‌ളഡ്‌ലിറ്റ് മൈതാനിയില്‍ കളി കാണാന്‍ പോയി തിരിച്ചു വരാന്‍ പറ്റാതെ ബസ്സ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയിലെ ഉപ്പു സൂക്ഷിക്കുന്ന പെട്ടിയുടെ മുകളില്‍ പുലര്‍ച്ച വരെ കിടന്നുറങ്ങി. കാഞ്ഞങ്ങാട്ട് നിന്നുള്ള ബസ് പുലര്‍ച്ചെ 5.15നായിയിരുന്നു. ഉപ്പ് നാളുകള്‍ കഴിയുമ്പോള്‍ അലിഞ്ഞു പോകുന്നെങ്കില്‍ ഓര്‍മകള്‍ക്ക് കാലാന്തരേണ മാറ്റ് കൂടുന്നു. അന്ന് ആന്ധ്രപ്രദേശിന്റെ ദേശീയ ടീമംഗമായ അബ്ദുല്‍ ബാസിത്തായിരുന്നു എന്റെ ഹീറോ. കളിക്കളത്തില്‍ ഇന്ദ്രജാലം കാണിക്കുന്ന നീണ്ടു മെലിഞ്ഞ ബാസിത്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ പ്രതിഭയും ഓര്‍മ്മയില്‍ ഉണ്ട്.
സ്റ്റാര്‍ എരിയാലിന്റെ കളിക്കളം ഒരു കാലത്ത് കാസര്‍കോടിന്റെ പ്രസിദ്ധിയേറിയ കളിയരങ്ങായിരുന്നു. കൂടാതെ മംഗലാപുരവും പുത്തൂരും വിട്ടലയും അടങ്ങുന്ന സൗത്ത് കാനറ ജില്ലയിലെ പ്രഗത്ഭരായ കളിക്കാരും എരിയായിലെ കളിക്കളത്തില്‍ മാറ്റുരച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് വര്‍ഷംതോറും നടന്നിരുന്നു. അന്ന് പ്രദേശ വാസികള്‍ക്ക് ഉത്സവവും... എരിയാല്‍ അബ്ദുല്ലയുടെയും അബ്ബാസലി ചേരങ്കൈയുടെയും മുസ്ലിം ഹൈസ്‌കൂളിലെ പി.ടി മാസ്റ്ററായിരുന്ന ഹസ്സന്‍ മാസ്റ്ററുടെയും കമന്ററി എന്റെ മനസ്സിന്റെ കോണുകളിലൂടെ ഓര്‍മ്മകളുടെ തരംഗങ്ങളായി മാറുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട വസന്തന്‍ മാസ്റ്ററായിരുന്നു കളി പഠിപ്പിക്കുന്നതും ഔദ്യോഗിക റഫറിയും. മാസ്റ്ററുടെ അവസാന വിസിലിന്റെ മുഴക്കം കര്‍ണ്ണ പുടത്തെ പ്രകമ്പനം കൊള്ളിക്കുന്നു.
ഞാന്‍ സ്റ്റാര്‍ എരിയാല്‍ വോളിബോള്‍ ഗ്രൗണ്ടിന്റെ മുറ്റത്താണ്. അത്രയ്ക്ക് വൈകാരികതയുണ്ട് എരിയാല്‍, ചേരങ്കൈ പ്രദേശത്തുള്ളവര്‍ക്ക് വോളിബോള്‍ എന്ന കായിക വിനോദവുമായി. ജില്ലയിലെ ചെറുതും വലുതുമായ വോളിബോള്‍ ഗ്രൗണ്ടുകളില്‍ സ്റ്റാര്‍ എരിയാലിന്റെ കളിക്കാര്‍ ആ കാലങ്ങളില്‍ തകര്‍ത്തു മുന്നേറുകയായിരുന്നു. ഫൈനലില്‍ എത്തിയാല്‍ അങ്ങാടിയിലെ കടകള്‍ അടയും. അവരുടെ കളിക്കാര്‍ക്ക് കളിക്കുപുറത്തു നിന്നുമുള്ള പ്രോല്‍സാഹനം നല്‍കാന്‍ നടന്നും സൈക്കിള്‍ വഴിയും ഓട്ടോ പിടിച്ചും മിനി ടെമ്പോയിലും ഒറ്റയായും കൂട്ടമായും കളി കാണാനെത്തും. അതൊരാവേശമായിരുന്നു.
കാലക്രമേണ എനിക്കും ടീമില്‍ ഇടം കിട്ടി. വസന്തന്‍ മാസ്റ്ററുടെ വളരെ കാര്‍ക്കശ്യത്തോടെയുള്ള പരിശീലനം ജീവതം ചിട്ടപ്പെടുത്തുന്നതിന് പിന്നീട് ഏറെ പ്രയോജനപ്പെട്ടു. വസന്തന്‍ മാസ്റ്ററും ഇന്നില്ല. വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ ?
ആ പരിശീലനം പിന്നീട് കാസര്‍കോട് ഗവ. കോളേജിലെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് വോളിബോള്‍ ടീമിന്റെയും ക്യാപ്റ്റന്‍ പദവിയില്‍ ശോഭിക്കാന്‍ എനിക്ക് കരുത്ത് നല്‍കി. അതോടൊപ്പം മറ്റൊരോര്‍മയും മനസ്സിന്റെ ചെപ്പില്‍ കിലുങ്ങുന്നുണ്ട്. പോണ്ടിച്ചേരിയിലെ ജിപ്മര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന അഖിലേന്ത്യ ഇന്റര്‍ മെഡിക്കല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്. അതിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണ മെഡല്‍ ഇപ്പോഴും എന്റെ ഷോകേസിനെ അലങ്കരിക്കുന്നു.
കളിക്കളത്തിന് പുറത്തുള്ള, പക്ഷം ചേര്‍ന്നുള്ള അടിപിടി വളരെ കാലങ്ങള്‍ക്കു മുമ്പ് തന്നെ പരിചിതമാണ്. ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ തല്ലിനെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ കാലം തൊട്ടുതന്നെ കേട്ടുകേള്‍വിയുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും അത് തുടര്‍ന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇംഗ്ലണ്ടും ഇറ്റലിയും തമ്മില്‍ നടന്ന ഫുട്‌ബോള്‍ പോരില്‍ ഇംഗ്ലണ്ട് തോറ്റപ്പോള്‍ കാണികള്‍ തമ്മിലുള്ള കളി അരങ്ങേറിയത്. ഇതിന് സമാനമായ ഒരു തമ്മില്‍തല്ലിന്റെ കഥ സ്റ്റാര്‍ എരിയാലിനുമുണ്ട്.
അന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ സ്റ്റാര്‍ എരിയാലിനോട് ഫൈനലില്‍ ഏറ്റുമുട്ടുന്നത് അധികവും ചെമ്മനാട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബായിരുന്നു. പലപ്പോഴും അവര്‍ തന്നെയായിരുന്നു വിജയകളാവുക. ചെമ്മനാട് ചന്ദ്രഗിരി പുഴയുടെ തീരത്താണ്. അന്ന് ചന്ദ്രഗിരി പാലം വന്നിട്ടില്ല. കാസര്‍കോട് ടൗണില്‍ നിന്നും അഞ്ഞൂറുമീറ്ററകലെ പുലിക്കുന്ന് കടവാണ്. അത് കടന്നു വേണം ചെമ്മനാടെത്താന്‍. അല്ലെങ്കില്‍ കിലോ മീറ്ററുകളോളം ചുറ്റിസഞ്ചരിച്ചു വേണം അവിടെയെത്താന്‍. സാധാരണയായി കടത്തുതോണിയിലാണ് ചെമ്മനാട് നിവാസികള്‍ കാസര്‍കോടെത്തുക. ചെമ്മനാട് സ്‌പോര്‍ട്‌സ് ക്ലബ്ബ് മാഹിന്‍ ഷംനാട് റോളിംഗ് ട്രോഫിക്ക് വേണ്ടി വര്‍ഷാവര്‍ഷം വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്താറുണ്ടായിരുന്നു. വളരെ പ്രസിദ്ധമായ ഒരു ടൂര്‍ണ്ണമെന്റായിരുന്നു അത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ടീമുകള്‍ പങ്കെടുക്കും. പോരാത്തതിന് കോഴിക്കോട് യൂണിവേര്‍സിറ്റി ടീമംഗങ്ങള്‍ ആയിരുന്ന ഹബീബുറഹ്‌മാന്‍, എ.ബി. മുനീര്‍, സ്റ്റേറ്റ് ടീമംഗങ്ങളായിരുന്ന എ.ബി മാഹിന്‍, ഹാരിസ് ഷംനാട് തുങ്ങിയ പ്രഗല്‍ഭരായ ഒരുപാട് കളിക്കാരുടെ നാടും.
അപ്രാവശ്യത്തെ ട്രോഫി സ്റ്റാര്‍ എരിയാലിനാവണം എന്നുറപ്പിച്ചു വസന്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പരിശീലനവും തന്ത്രങ്ങളും ഞങ്ങള്‍ മെനഞ്ഞു തുടങ്ങി. സ്റ്റാര്‍ എരിയാല്‍ എ, സ്റ്റാര്‍ എരിയാല്‍ ബി രണ്ടു ടീമുകളായി പേര് റജിസ്റ്റര്‍ ചെയ്തു. സ്റ്റാര്‍ എ യുടെ ക്യാപ്റ്റന്‍ എന്റെ സുഹൃത്ത് പരേതനായ മാളിക ഇബ്രാഹിമും സ്റ്റാര്‍ ബിയുടെത് ഞാനും. സ്റ്റാര്‍ എരിയാലിന്റെ രണ്ടു ടീമുകളെ കിട്ടിയതില്‍ സംഘാടകര്‍ക്കും സന്തോഷം. ഇതറിഞ്ഞ് കളിക്കളത്തിലെ ഞങ്ങളുടെ ബദ്ധവൈരികളായ ചെമ്മനാട് സ്‌പോട്‌സ് ക്ലബ്ബും രണ്ട് പൂളുകളിലായി എയും ബിയുമായി റജിസ്റ്റര്‍ ചെയ്തു.
ടൂര്‍ണ്ണമെന്റ് തുടങ്ങി. കാണികള്‍ക്ക് ഹരവും. ആയിരക്കണക്കിന് വോളിബോള്‍ പ്രേമികളാണ് വൈകുന്നേരങ്ങളില്‍ കളി കാണാനെത്തുന്നത്. തോല്‍ക്കുന്ന ടീം പുറത്തു പോകുന്ന നോക്കൗട്ട് രീതിയിലുള്ളതായിരുന്നു കളിയുടെ ക്രമീകരണം. ഓരോ പൂളിലും ഓരോ സെമിഫൈനലും അതില്‍ വിജയികളാവുന്ന ടീമുകള്‍ ഫൈനലിലും മാറ്റുരക്കും.
അന്നും പ്രവചന മല്‍സരങ്ങളുണ്ടായിരുന്നു. കാണികളുടെ ആഗ്രഹവും ആ വര്‍ഷത്തെ മറ്റു കളികളിലെ പ്രകടനവും പോലെത്തന്നെ രണ്ടു പൂളിലുമായി ചെമ്മനാട് എയും ബിയും സ്റ്റാര്‍ എരിയാല്‍ എയും ബിയും സെമി ഫൈനലിലെത്തി. വാശിയും ഉദ്വേഗം ജനിപ്പിക്കുന്നതുമായ ആദ്യ സെമിയില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ നേടി സ്റ്റാര്‍ എരിയാല്‍ എ ഫൈനലിലെത്തി. ഇതോടെ ആതിഥേയ ക്ലബ്ബിന്റെ ഫൈനലില്‍ കളിക്കാനുള്ള മോഹം ഇല്ലാതായി. കാണികളില്‍ നല്ലൊരു വിഭാഗവും ചെമ്മനാട് ക്ലബ്ബിനൊപ്പമായിരുന്നു. പോരാത്തതിന് രണ്ടാമത്തെ സെമി ഫൈനലില്‍ ചെമ്മനാട് ബി ടീം പരാജയത്തിലേക്ക് അടുക്കുകയുമാണ്. രണ്ട് സെറ്റ് വീതം ജയിച്ചു ഇരു ടീമും ഇഞ്ചോടിഞ്ച് പോരാടുകയാണ്. കാണികള്‍ ശ്വാസമടക്കി കളി കാണുന്നു. ഒരു വെള്ളിയാഴ്ചയായിരുന്ന സെമിഫൈനലെന്ന് എനിക്ക് ഇപ്പോഴും നല്ലഓര്‍മ്മയുണ്ട്. അന്നും പതിവു പോലെ എരിയാലങ്ങാടിക്ക് അവധിയായിരുന്നു.
വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് കളി പ്രേമികള്‍ മുഴുവനും ഒരു ലോറിയില്‍ പുലിക്കുന്ന് കടവിലേക്കും കടത്ത് തോണിയില്‍ വള്ളം കളിയുടെ ആരവത്തോടെ പാട്ടും പാടി കളിക്കളത്തിനടുത്തേക്കും ഒഴുകി. സ്റ്റാര്‍ എരിയാലിന്റെ തന്നെ എയും ബിയും ഫൈനലിലേറ്റു മുട്ടുന്നതും സ്വപ്‌നം കണ്ട് കളത്തിനു പുറത്ത് ആര്‍പ്പു വിളി തുടങ്ങി. അവസാന സെറ്റ് ആരും വിട്ടു കൊടുക്കാതെ മുന്നേറുകയാണ്. അംപയറുടെ അപ്രതീക്ഷിതമായ വിസില്‍. കാണികള്‍ നിശ്ചലം, നിശബ്ദം. ആര്‍പ്പുവിളികള്‍ നിന്നു, ഒരു സെക്കന്റ് നേരത്തേക്ക്...
പിന്നീട് കേള്‍ക്കുന്നത് അട്ടഹാസവും ഉന്തും തള്ളും. ബോള്‍ വീണത് കോര്‍ട്ടിനകത്താണെന്നും അല്ലെന്നും. ഏതു തീരുമാനമെടുത്താലും കളിയില്‍ ഒരു ടീം ജയിക്കും. കാണികള്‍ കോര്‍ട്ടിനകത്തായി. ശരിക്കുമുള്ള മാമാങ്കത്തിന് തുടക്കമായി. റഫറി നിശ്ചലനായി ഒന്നും ഉരിയാടാനാവാതെ നോക്കി നിന്നു. കളി അലങ്കോലമായി. പിന്നീട് പക്ഷം ചേര്‍ന്ന് തമ്മില്‍തല്ല് തുടങ്ങി. കിട്ടിയവര്‍ക്ക് കിട്ടി. കൊടുത്തവര്‍ കൊടുത്തു. ഓടി രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. ചന്ദ്രഗിരി പുഴയില്‍ ചാടുക തന്നെ. അതേ നിവൃത്തിയുണ്ടായിരുന്നുള്ളു. അപ്പോഴേക്കും മൂന്നാം മുന്നണി രൂപം കൊണ്ടു. ഞാനും അഷ്‌റഫും തല്ലുകൊള്ളാതെ രക്ഷപ്പെട്ട മറ്റു ചിലരും ചേര്‍ന്ന് സമാധാന ശ്രമം തുടങ്ങി. പലരും ഉള്‍വലിഞ്ഞു. കളിക്കളം പൂരം കഴിഞ്ഞ പറമ്പ് പോലെയായി...
കാലം എല്ലാ മുറിവുകളും പാടുകളും മായിച്ചു കളയുമല്ലോ? ക്രമേണ ടൂര്‍ണ്ണമെന്റുകളില്‍ ഫൈനല്‍ കളിക്കാനും കാണികളെ ആഹ്ലാദിപ്പിക്കാനും ചെമനാട് സ്‌പോര്‍ട്‌സ് ക്ലബ്ബും സ്റ്റാര്‍ എരിയാലും എത്തിത്തുടങ്ങി.
വോളിബോള്‍ കളി എനിക്ക് എത്രയെത്ര സൗഹൃദങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. എവിടെ പോയാലും ഒരു പഴയ പരിചയം എന്നെ തേടിയെത്തും. അവര്‍ക്ക് പറയാന്‍ വോളിബോള്‍ കോര്‍ട്ടുകളിലെ പഴമ്പുരാണങ്ങള്‍ ഏറെയുണ്ടാകും. ഇന്ന് ഓര്‍മ്മകള്‍ കോര്‍ട്ടിലെ ആരവങ്ങളായും മൂളിപ്പറക്കുന്ന സ്മാഷുകളായും എന്റെ അരികിലൂടെ കടന്നു പോകുന്നു. അവ എന്നെ ഉന്മാദത്തിലാക്കുകയും ചെയ്യുന്നു.