കാസർകോട്: വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ഒരു സ്ഥലത്തും ബന്ധം ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ എ യുമായ പി.എം.എ സലാം പറഞ്ഞു. എന്നാൽ ചില സ്വതന്ത്രൻമാർ മൽസരിച്ചിരുന്നു. അവർക്ക് വിജയിക്കാനായിട്ടില്ല. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അവലോകന യോഗത്തിൽ സംബന്ധിക്കാൻ കാസർകോട് എത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസിൽ ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു.
മലബാറിൽ ലീഗ് വിജയം കൊയ്തിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പാർട്ടികൾ യു.ഡി.എഫിലേക്ക് വരാൻ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണം മാറുമെന്ന് എല്ലാവർക്കും അറിയാം. മൂന്ന് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ടിക്കറ്റ് നൽകേണ്ടതില്ലെന്ന ലീഗിൻ്റെ തീരുമാനം പാർട്ടിക്കും മുന്നണിക്കും നേട്ടമായിരുന്നു. യുവാക്കൾക്ക് അവസരം സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് മുന്നണിക്കും പാർട്ടിക്കും കൂടുതൽ കരുത്ത് പകരും. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കമ്മിറ്റികൾ ജൂണിൽ നിലവിൽ വരും.എസ്.ഡി.പി ഐയുമായി ലീഗ് സഖ്യമുണ്ടാക്കിയിട്ടില്ല. സി.പി.എമ്മാണ് സഖ്യമുണ്ടാക്കിയത്.ചില സ്വതന്ത്രർ ജയിച്ച് കയറിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടർന്ന് പഞ്ചായത്തുകളിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിലും സി.പി.എം-ബി.ജെ.പി സഖ്യം തുടരുന്നത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷൃം വെച്ചാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, എൻ.എ.അബുബക്കർ, കെ.എം.ബഷീർ, മജീദ് തെരുവത്ത്, അബ്ദുല്ല ബേവിഞ്ച എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.