ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും; ഫയലുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കൈമാറി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും. ഇതിന്റെ മുന്നോടിയായി കേസിന്റെ മുഴുവന്‍ ഫയലുകളും ഈ കോടതിക്ക് കൈമാറി. ഫാഷന്‍ ഗോള്‍ഡ് നിക്ഷപതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 17 ഡയറക്ടര്‍മാരെ കൂടി പ്രതി ചേര്‍ത്ത് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജര്‍ സൈനുല്‍ ആബിദിനെയുമാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും. ഇതിന്റെ മുന്നോടിയായി കേസിന്റെ മുഴുവന്‍ ഫയലുകളും ഈ കോടതിക്ക് കൈമാറി. ഫാഷന്‍ ഗോള്‍ഡ് നിക്ഷപതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 17 ഡയറക്ടര്‍മാരെ കൂടി പ്രതി ചേര്‍ത്ത് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജര്‍ സൈനുല്‍ ആബിദിനെയുമാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഇതിന് പുറമെയാണ് 17 ഡയറക്ടര്‍മാരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് ശേഷമാണ് തുടര്‍ നടപടികള്‍ക്കായി കേസിന്റെ ഫയലുകള്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ബഡ്സ് ആക്ട് പ്രകാരം ഇനി വിചാരണ അടക്കമുള്ള നടപടികള്‍ നടക്കുക ഈ കോടതിയിലാണ്. ഫാഷന്‍ നിക്ഷേപ തട്ടിപ്പ് കേസ് മാത്രമല്ല കുണ്ടംകുഴി ജി.ബി.ജി നിക്ഷേപ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും ഇതേ കോടതിയുടെ പരിഗണനയിലാണുള്ളത്. ഫാഷന്‍ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണുള്ളത്.
ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് എം.സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ പൂക്കോയ തങ്ങള്‍ മാനേജിംഗ് ഡയറക്ടറുമായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് പണം നിക്ഷേപമായി സ്വീകരിച്ചത്. അഞ്ചുലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലിലും കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലിലും നിക്ഷേപിച്ചിരുന്നത്. നിക്ഷേപതുക തിരികെ ലഭിക്കാതിരുന്നതോടെ 2019 മുതലാണ് ഇതുസംബന്ധിച്ച് ചന്തേര പൊലീസില്‍ പരാതി നല്‍കി തുടങ്ങിയത്. പരാതികളുടെ എണ്ണം കൂടിയതോടെ കേസിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2019 നവംബറിലാണ് മഞ്ചേശ്വരം എം.എല്‍.എ കൂടിയായിരുന്ന എം.സി ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഖമറുദ്ദീനെ ചോദ്യം ചെയ്യാനായി കാസര്‍കോട്ടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും അവിടെ വെച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേ സമയം ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെ ഒളിവില്‍ പോയ ടി.കെ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2021 ആഗസ്ത് 11നാണ് രണ്ടാംപ്രതിയായ പൂക്കോയ തങ്ങള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് പൂക്കോയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. റിമാണ്ടില്‍ കഴിഞ്ഞ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് സംബന്ധിച്ച പരാതികളില്‍ ചന്തേര, ഹൊസ്ദുര്‍ഗ്, കാസര്‍കോട്, പയ്യന്നൂര്‍, തലശേരി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഫാഷന്‍ ഗോള്‍ഡിന്റെ മറവില്‍ 26 കോടിയില്‍പരം രൂപയുടെ നിക്ഷേപതട്ടിപ്പ് നടന്നുവെന്നാണ് കേസ്.

Related Articles
Next Story
Share it