സുബൈദ വധക്കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ കോടതിയില്‍ ആരംഭിക്കും; പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. വിചാരണക്ക് മുന്നോടിയായി ഇന്നലെ ഒരു പ്രതി ഒഴികെ മറ്റ് മൂന്നുപ്രതികളെ കോടതിയില്‍ ഹാജരാക്കി. മധൂര്‍ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരെയാണ് ഹാജരാക്കിയത്. ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പ്രതികളെ കൊണ്ടുവന്നത്. സുബൈദ വധക്കേസിലെ […]

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. വിചാരണക്ക് മുന്നോടിയായി ഇന്നലെ ഒരു പ്രതി ഒഴികെ മറ്റ് മൂന്നുപ്രതികളെ കോടതിയില്‍ ഹാജരാക്കി. മധൂര്‍ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരെയാണ് ഹാജരാക്കിയത്. ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പ്രതികളെ കൊണ്ടുവന്നത്. സുബൈദ വധക്കേസിലെ വിചാരണയുമായി ബന്ധപ്പെട്ട നടപടികള്‍ മാസങ്ങള്‍ക്കുമുമ്പെ ആരംഭിച്ചതാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ 2018 ജനുവരി 17നാണ് കൊലചെയ്യപ്പെട്ടത്. 19നാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തി. ഇതോടെ കൊലയ്ക്ക് പിന്നില്‍ കവര്‍ച്ചാ സംഘമാണെന്ന നിഗമനത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് സംഘം സുബൈദയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തുനിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ബേക്കല്‍ സി.ഐ. വി.കെ. വിശ്വംഭരനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ 1500 പേജുള്ള കുറ്റപത്രം നല്‍കിയത്. ഒമ്പത് സാക്ഷികളെയും ഉള്‍പ്പെടുത്തിയിരുന്നു. 60 തൊണ്ടിമുതലുകളും ഹാജരാക്കി. കവര്‍ച്ചാമുതലുകളും കടത്താന്‍ ഉപയോഗിച്ച രണ്ട് കാറുകളും പൊലീസ് കണ്ടെടുത്തു. കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതിക്ക് കൈമാറുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം പിടികൂടിയെങ്കിലും സുള്ള്യയിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കി തിരിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. 2018 സെപ്തംബര്‍ 14ന് ഉച്ചയോടെയാണ് അസീസ് രക്ഷപ്പെട്ടത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കൊടും കുറ്റവാളിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it