ചെര്‍ക്കള: ബഹ്‌റൈനിലേക്ക് പോകുന്ന മകനെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച് യാത്രയാക്കി മടങ്ങാനൊരുങ്ങവെ ചെര്‍ക്കളയിലെ വ്യാപാരിയായ പിതാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെര്‍ക്കള ടൗണില്‍ പഴയ ബസ് സ്റ്റാന്റിന് സമീപം സ്റ്റാര്‍ വാച്ച് വര്‍ക്‌സ് നടത്തിവരികയായിരുന്ന ബാലടുക്കം സ്വദേശി ബി. മുഹമ്മദ് (60) ആണ് മരിച്ചത്. മകന്‍ നസീര്‍ ബഹ്‌റൈനിലേക്ക് പോകുന്നതിനാല്‍ മറ്റൊരു മകന്‍ അര്‍ഷാദിനൊപ്പം എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു. നസീര്‍ ഉപ്പയോട് യാത്രപറഞ്ഞ് വിമാനത്താവളത്തില്‍ കയറി. മടങ്ങാനൊരുങ്ങുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായി മുഹമ്മദ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന അര്‍ഷാദ് നസീറിനെ വിളിച്ച് വിവരം പറഞ്ഞു. നസീര്‍ ഓടിയെത്തിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു.
ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെര്‍ക്കള യൂണിറ്റ് കമ്മിറ്റി മെമ്പറുമായിരുന്നു. ബാലടുക്കം രിഫായിയ്യ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു. ബീഫാത്തിമയാണ് ഭാര്യ. നസീറിനെയും അര്‍ഷാദിനേയും കൂടാതെ മജീദ്, തസ്‌ലീം, റസീന, റംഷീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റഊഫ് ചൂരി, ഫാത്തിമത്ത്‌സഫൂറ, സഫൂറ ബേവിഞ്ച.
മയ്യത്ത് ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.