പ്രവാസികളുടെ കണ്ണീരൊപ്പണം

കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നത് പ്രവാസി സമൂഹമാണ്. കാസര്‍കോട് പോലുള്ള ജില്ലകളില്‍ രോഗവ്യാപനം കൂടുതലായി ഉണ്ടായത് അവരില്‍ നിന്നെന്നതു തന്നെയാണ് കാരണം. ദുബായില്‍ നിന്ന് പ്രത്യേകിച്ച് നൈഫില്‍ നിന്ന് വന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും വൈറസ് ബാധിച്ചിരുന്നു. മലയാളികള്‍ പ്രത്യേകിച്ച് കാസര്‍കോട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് നൈഫ്. ഗള്‍ഫില്‍ നിന്ന് വരുന്ന മലയാളികളെ നാട്ടിലെത്തുമ്പോള്‍ തന്നെ വീടുകളിലേക്ക് പറഞ്ഞയക്കാതെ ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്തരമൊരു രോഗവ്യാപനം നടക്കുമായിരുന്നില്ല. കാസര്‍കോട്ട് ഇപ്പോഴും ഓരോ ദിവസവും അഞ്ചും ആറും പേര്‍ക്ക് […]

കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നത് പ്രവാസി സമൂഹമാണ്. കാസര്‍കോട് പോലുള്ള ജില്ലകളില്‍ രോഗവ്യാപനം കൂടുതലായി ഉണ്ടായത് അവരില്‍ നിന്നെന്നതു തന്നെയാണ് കാരണം. ദുബായില്‍ നിന്ന് പ്രത്യേകിച്ച് നൈഫില്‍ നിന്ന് വന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും വൈറസ് ബാധിച്ചിരുന്നു. മലയാളികള്‍ പ്രത്യേകിച്ച് കാസര്‍കോട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് നൈഫ്. ഗള്‍ഫില്‍ നിന്ന് വരുന്ന മലയാളികളെ നാട്ടിലെത്തുമ്പോള്‍ തന്നെ വീടുകളിലേക്ക് പറഞ്ഞയക്കാതെ ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്തരമൊരു രോഗവ്യാപനം നടക്കുമായിരുന്നില്ല. കാസര്‍കോട്ട് ഇപ്പോഴും ഓരോ ദിവസവും അഞ്ചും ആറും പേര്‍ക്ക് പോസറ്റീവ് ആവുന്നത് നിരീക്ഷണത്തിലുള്ള ഗള്‍ഫുകാര്‍ക്കാണ്. ഇത് ഇവിടെയുള്ള ഗള്‍ഫുകാരുടെ സ്ഥിതി. എന്നാല്‍ അവിടെ കഴിയുന്നവരുടെ സ്ഥിതിയും ആശങ്കാജനകമാണ്. പലരും നിരീക്ഷണത്തിലും ആസ്പത്രി ഐസൊലേഷനിലും കഴിയുകയാണ്. അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിവരാനും ആവുന്നില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ഗള്‍ഫിലും വിദേശരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി മരണപ്പെടുന്നവരില്‍ ഒട്ടേറെ മലയാളികളുമുണ്ട്. നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും നിലനില്‍പിന്റെയും നട്ടെല്ലാണ് അവരുടെ വരുമാനമെന്നതില്‍ തര്‍ക്കമില്ല. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചതിനാല്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുന്നില്ല. നാട്ടിലേക്ക് ഇവരൊക്കെ കൂട്ടത്തോടെ മടങ്ങിയാല്‍ അവരൊക്കെ സുരക്ഷിതമായി രണ്ടാഴ്ചയോളം നിരീക്ഷിക്കുവാനുള്ള സംവിധാനവും ഉണ്ടാവണം. പലരും കൊച്ചു കുട്ടികളുമൊക്കെയായി അവിടെ കഴിയുകയാണ്. പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും വേണ്ടതെല്ലാം ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. 22 രാജ്യങ്ങളിലെ പ്രധാനപ്പെട്ട പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യാത്രാവിലക്ക് നിരോധനമാണ് അവരെ ഏറെ പ്രതിസന്ധിയിലാക്കിയത്. പലരുടെയും വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ കഴിയുന്നവരും നാട്ടില്‍ വന്ന് തിരിച്ചുപോകാന്‍ പറ്റാത്തവരുമുണ്ട്. വിസയുടെ കാലാവധി നീട്ടി നല്‍കാന്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും തയ്യാറായിട്ടുണ്ടെങ്കിലും അതിന്റെ കുരുക്കഴിക്കാന്‍ ഏറെ പണിപ്പെടേണ്ടതുണ്ട്. സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും ഗള്‍ഫിലെ ചില സ്‌കൂളുകള്‍ ഫീസ് അടച്ചിരിക്കണമെന്ന് വാശിപിടിക്കുന്നുണ്ട്. അത്തരം മാനേജ്‌മെന്റുകള്‍ ഫീസ് ഒഴിവാക്കാന്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ നടപടി വേണം. പ്രവാസി മലയാളി സംഘടനകള്‍ക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാനാവും. ഗള്‍ഫില്‍ നിന്ന് മാത്രമല്ല അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ മലയാളികളുടെ മരണവാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള മലയാളി നേഴ്‌സുമാരാണ് ഭൂരിഭാഗവും ആസ്പത്രികളിലുള്ളത്. ഇവരുടെയൊക്കെ സുരക്ഷ ഉറപ്പുവരുത്താനാവണം. വേണ്ടത്ര സുരക്ഷാവസ്ത്രങ്ങള്‍ ഇല്ലാതെയാണത്രെ പലയിടങ്ങളിലും ഇവര്‍ ജോലി ചെയ്യുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. രോഗവ്യാപനത്തിന് തടയിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷമേ അവരെ ഇങ്ങോട്ട് എത്തിക്കാനാവു. എന്തായാലും പ്രവാസികള്‍ നമ്മുടെ ജീവിതത്തിന് പച്ചപ്പ് ഉണ്ടാക്കിത്തരുന്നവരാണ്. അവരുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയണം.

Related Articles
Next Story
Share it