പ്രവാസി നോമ്പിന്റെ മധുരം

യു.എ.ഇയില്‍ ഈ വര്‍ഷത്തെ നോമ്പിന് ഒരു പ്രത്യേകതയുണ്ട്; മഴപെയ്തു തണുപ്പിച്ചായിരുന്നു നോമ്പിന്റെ ആരംഭം. ഈ വര്‍ഷത്തെ റമദാന്‍ മുഴുവനും പ്രവാസത്തിലെ മണലാരണ്യം കുളിര്‍ത്തു തന്നെ നില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. രണ്ടുദിവസമായി തിമിര്‍ത്ത് പെയ്ത മഴയില്‍ ഷാര്‍ജയിലെയും മറ്റ് എമിറേറ്റ്‌സിലെയും ഒട്ടുമിക്ക റോഡുകളും വെള്ളത്തിലായിരുന്നു.നോമ്പിന്റെ വരവോടു കൂടി അറബികളോടൊപ്പം പ്രവാസി മലയാളികളുടെയും ജീവിതക്രമങ്ങള്‍ പാടെ മാറും. രാത്രികള്‍ കുറെക്കൂടി സജീവമാകും. മിക്കവരുടെയും ജോലിസമയങ്ങളിലും ജീവിതശൈലിയിലും ഏറെ മാറ്റമുണ്ടാവുന്നു. അതില്‍ കൂടുതലും പ്രവാസി മലയാളികളിലാണ്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം […]

യു.എ.ഇയില്‍ ഈ വര്‍ഷത്തെ നോമ്പിന് ഒരു പ്രത്യേകതയുണ്ട്; മഴപെയ്തു തണുപ്പിച്ചായിരുന്നു നോമ്പിന്റെ ആരംഭം. ഈ വര്‍ഷത്തെ റമദാന്‍ മുഴുവനും പ്രവാസത്തിലെ മണലാരണ്യം കുളിര്‍ത്തു തന്നെ നില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. രണ്ടുദിവസമായി തിമിര്‍ത്ത് പെയ്ത മഴയില്‍ ഷാര്‍ജയിലെയും മറ്റ് എമിറേറ്റ്‌സിലെയും ഒട്ടുമിക്ക റോഡുകളും വെള്ളത്തിലായിരുന്നു.
നോമ്പിന്റെ വരവോടു കൂടി അറബികളോടൊപ്പം പ്രവാസി മലയാളികളുടെയും ജീവിതക്രമങ്ങള്‍ പാടെ മാറും. രാത്രികള്‍ കുറെക്കൂടി സജീവമാകും. മിക്കവരുടെയും ജോലിസമയങ്ങളിലും ജീവിതശൈലിയിലും ഏറെ മാറ്റമുണ്ടാവുന്നു. അതില്‍ കൂടുതലും പ്രവാസി മലയാളികളിലാണ്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, താഴെക്കിടയിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍. നോമ്പുകാലമാകുന്നതോടെ ഗൃഹാതുരത്വം അതിന്റെ പരമകോടിയില്‍ അവരുടെ ഹൃദയത്തില്‍ അലയടിപ്പിക്കും.
നോമ്പുകാലമായാല്‍ പ്രവാസി മലയാളിയെ കൂടുതല്‍ ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അവനനുഭവിച്ച പഴയകാല കഷ്ടപ്പാടിന്റെ ഓര്‍മ്മകള്‍ കൊണ്ടു തന്നെയാണ്. മറ്റ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികള്‍ നല്‍കുന്ന ദാനത്തിന്റെ പതിമടങ്ങാണ് കുറഞ്ഞ ശമ്പളം വാങ്ങുന്ന യു.എ.ഇയിലെ പ്രവാസി മലയാളികള്‍ നല്‍കി വരുന്നത്. നാട്ടിലെ പള്ളിയിലെ നോമ്പുതുറയും പാവങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് മറ്റു ദാനധര്‍മ്മങ്ങളുമായി ഈ പ്രവാസികള്‍ അവര്‍ക്ക് ഒരു മാസത്തില്‍ കിട്ടുന്ന ശമ്പളത്തില്‍ വലിയൊരു തുക തന്നെ നാട്ടിലേക്ക് എത്തിക്കുന്നു.
നോമ്പുകാലങ്ങളില്‍ ബാച്ചിലര്‍ റൂമില്‍ കിട്ടുന്ന ഒരു അനുഭവം അത് വേറെ തന്നെയാണ്. ബാച്ചിലര്‍ റൂമില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ ജോലിയില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മാറ്റുന്നത് റൂമിലേക്ക് എത്തുമ്പോഴാണ്. ഡ്യൂട്ടി കഴിഞ്ഞ് എല്ലാവരും എത്തിക്കഴിഞ്ഞാല്‍ റൂമില്‍ ഒന്നിച്ചിരുന്ന് ലോക സംസാരങ്ങളും നാട്ടിലെ വര്‍ത്തമാനങ്ങളും പങ്കുവെച്ച് ഒന്നിച്ച് ഭക്ഷണമുണ്ടാക്കി സന്തോഷത്തോടെ കഴിയുന്ന കാഴ്ച കുളിര്‍മ്മ പകരുന്നതാണ്.
യു.എ.ഇയില്‍ റമദാന്‍ മാസമായി കഴിഞ്ഞാല്‍ ആറോ ഏഴോ മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. രാവിലെ ജോലിക്ക് പോകുന്നവര്‍ ഒന്നോ രണ്ടോ മണിക്ക് റൂമിലേക്ക് തിരിച്ചെത്തും. അവര്‍ റൂമില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങി എഴുന്നേല്‍ക്കും. പിന്നെ ആലോചന നോമ്പ് തുറക്കുള്ള വിഭവങ്ങളെ പറ്റിയായിരിക്കും.
കൂട്ടമായി കിച്ചനില്‍ കയറി എണ്ണക്കടികള്‍ ഉണ്ടാക്കും. പഴംപൊരി, ഉള്ളിവട, സമൂസ തുടങ്ങി ഒരുപാട് പലഹാരങ്ങള്‍ ഉണ്ടാകും. അതോടൊപ്പം ഒന്നോ രണ്ടോ ജ്യൂസുകളും. മലയാളി പ്രവാസികള്‍ കൂടുതല്‍ ഫ്രൂട്ട്‌സ് കഴിക്കുന്ന ഒരു മാസമാണ് റമദാന്‍.
പല പ്രവാസി സംഘടനകളും നല്ല നിലയില്‍ തന്നെ റമദാന്‍ മാസത്തിലെ എല്ലാ ദിവസവും നോമ്പ് തുറ സംഘടിപ്പിക്കാറുണ്ട്. അതിനുവേണ്ടി അവര്‍ വലിയ തുക കണ്ടെത്തുന്നു. നോമ്പുകാലമായാല്‍ പള്ളിക്ക് സമീപം ടെന്റുകള്‍ ഉയരും. സൗഹൃദ നോമ്പുതുറ പതിവുദൃശ്യമാണ്. വിവിധ ഇന്ത്യന്‍ സമൂഹത്തിലെയും ബംഗാളി, പാകിസ്ഥാന്‍ തൊഴിലാളികളുടെയും കൂട്ടമായ നോമ്പുതുറ കാണാന്‍ ഒരു ഭംഗി തന്നെയാണ്. മന്തി, മസ്ബി, ബിരിയാണികള്‍ വലിയ ഒരു തളികയില്‍ അഞ്ചോ ആറോ പേര് ഇരുന്ന് ഒന്നിച്ച് കഴിക്കും. അതില്‍ തന്നെ പലരും പല രാജ്യക്കാരായിരിക്കും. രാത്രികാലങ്ങളില്‍ മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് പ്രത്യേക കാഴ്ചയാണ്. കുടുംബാംഗങ്ങളുമായി പുറത്തിറങ്ങുന്ന അറബികളെയും കൂടുതലായി കാണാം. നോമ്പുതുറക്കുള്ള സമയത്തിന് മുമ്പായി കഫ്റ്റീരിയകളിലും റസ്റ്റോറന്റുകളിലും പുറത്ത് ഭക്ഷണക്കടികള്‍ നിറച്ചുവെച്ച് കാണുമ്പോള്‍ തന്നെ അത് വാങ്ങാനുള്ള കൊതിയാവും. അത്രയും മനോഹരമായാണ് അവ നിരത്തിവെക്കുക.
നോമ്പ് വഴി ശരീരത്തിനും മനസ്സിനും പുത്തനുണര്‍വ് നേടാനാവും.
സമ്പന്നതയുടെ വിശാലതയില്‍ ജീവിക്കുന്നവര്‍ക്ക് പട്ടിണി കേട്ടുകേള്‍വി മാത്രമായിരിക്കും. അതനുഭവിച്ചറിയാന്‍ ലഭിക്കുന്ന ഒരവസരമാണ് റമദാന്‍.


-ഷംസുദ്ദീന്‍ കോളിയടുക്കം

Related Articles
Next Story
Share it