ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹരജിയാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്. നിലവിലെ പ്രതികള്‍ നല്‍കിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും ഉള്‍പ്പെടെ ആകെ അഞ്ചു ഹരജികളാണ് സുപ്രീം കോടതി പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്ലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചീഫ് […]

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹരജിയാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്. നിലവിലെ പ്രതികള്‍ നല്‍കിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും ഉള്‍പ്പെടെ ആകെ അഞ്ചു ഹരജികളാണ് സുപ്രീം കോടതി പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്ലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ മറ്റു കേസുകള്‍ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹരജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.
പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ നോട്ടീസ് അയച്ചിരുന്നു.

Related Articles
Next Story
Share it