യുവാക്കളുടെ നൈപുണ്യം നാടിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: നമ്മുടെ നാട്ടിലെ യുവാക്കളുടെ നൈപുണ്യം പൂര്‍ണമായും നാടിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ലീപ് സെന്റര്‍ നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു എം.പി. വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങള്‍ ഒരുക്കുന്നതിനും ബുദ്ധിമുട്ടുകളില്ലാതെ അതിജീവനം സാധ്യമാക്കാനും സാധിക്കണം. തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ സംരംഭക മേഖലയിലേക്ക് ആകര്‍ഷിച്ച് വളരാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കുന്ന പ്രവൃത്തിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബീച്ച് റോഡിലെ ആരംഭിക്കാനിരിക്കുന്ന മാതൃകാ വ്യവസായ സമുച്ചയം സ്റ്റാര്‍ട്ട്അപ് മിഷന് ഉപയോഗിക്കാമെന്ന് എന്‍.എ. നെല്ലിക്കുന്ന് […]

കാസര്‍കോട്: നമ്മുടെ നാട്ടിലെ യുവാക്കളുടെ നൈപുണ്യം പൂര്‍ണമായും നാടിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ലീപ് സെന്റര്‍ നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു എം.പി. വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങള്‍ ഒരുക്കുന്നതിനും ബുദ്ധിമുട്ടുകളില്ലാതെ അതിജീവനം സാധ്യമാക്കാനും സാധിക്കണം. തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ സംരംഭക മേഖലയിലേക്ക് ആകര്‍ഷിച്ച് വളരാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കുന്ന പ്രവൃത്തിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബീച്ച് റോഡിലെ ആരംഭിക്കാനിരിക്കുന്ന മാതൃകാ വ്യവസായ സമുച്ചയം സ്റ്റാര്‍ട്ട്അപ് മിഷന് ഉപയോഗിക്കാമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ലീപ് സെന്റര്‍ നാടിന് സമര്‍പ്പിക്കുന്ന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബീച്ച് റോഡിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ആരംഭിക്കാനിരിക്കുന്ന മാതൃകാ വ്യവസായ സമുച്ചയം സ്റ്റാര്‍ട്ട് അപ് മിഷന് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വ്യവസായ വകുപ്പ് രണ്ട്‌കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 40 കോടി മുതല്‍ മുടക്കുള്ള മികവാര്‍ന്ന കെട്ടിടമാണ് കാസര്‍കോടിന് ലഭിക്കാന്‍ പോകുന്നതെന്ന് എം.എല്‍.എ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ വിദേശികള്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ ദാതാക്കളായി ജില്ലയിലെ യുവാക്കള്‍ മാറിക്കഴിഞ്ഞു. വലിയ ആശയങ്ങളും കഴിവുകളുമുള്ള യുവാക്കള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. യുവാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഇത്തരം പരിപാടികള്‍ക്ക് തുടര്‍ച്ച ആവശ്യമുണ്ടെന്നും ജില്ലയിലെ യുവാക്കള്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയാകാന്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ ലീപ് പദ്ധതിക്ക് സാധിക്കട്ടെ എന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂവെന്നും വിദ്യാര്‍ത്ഥികളിലെ നൈപുണ്യ വികസനം ആവശ്യത്തിന് ഇല്ലെന്നതുമായ പഠനത്തെ തുടര്‍ന്ന് വിവിധങ്ങളായ നൈപുണ്യങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അസാപ്പിലൂടെ നല്‍കുന്നതെന്ന് അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കോര്‍പ്പറേറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ഡിഗ്രികളല്ല മറിച്ച് നൈപുണ്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുവാനും പ്രശ്ന പരിഹാരം കണ്ടെത്താനും ആശയ വിനിമയം നടത്താനുമുള്ള വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. കാസര്‍കോട് ജില്ലയിലെ അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ ആദ്യ ലീപ് സെന്റര്‍ ആരംഭിക്കുന്നതിലൂടെ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ വളര്‍ത്താന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ രണ്ട് ഏക്കര്‍ ഭൂമി സ്‌കില്‍ പാര്‍ക്കിന് അനുവദിക്കാന്‍ ജില്ലാ പഞ്ചായത്തിന് സാധിക്കുമെന്നും അതിലേക്ക് നിക്ഷേപകരെ ക്ഷണിക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു കോടി രൂപയോളം ജില്ലാ പഞ്ചായത്ത് നിക്ഷേപിക്കും. ബാക്കി ആവശ്യമുള്ള തുക സമാഹരിക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുകയാണ്. സെപ്തംബര്‍ 11ന് നിക്ഷേപക സംഗമം നടത്തുന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അനുമതി നല്‍കിയിട്ടുണ്ടെന്നും അതിലേക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ലീപ് പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജില്ലയില്‍ നിന്ന് 10 യുവ സംരംഭകരാണ് സെന്ററിലേക്ക് കടന്നു വന്നത്. സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക ലീപ് കിറ്റ് വിതരണം ചെയ്തു. സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്ങില്‍ അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 16 പേര്‍ക്ക് അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 10 വര്‍ഷം 25 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ഡ്രോണുകള്‍ പറത്താനുള്ള ഡി.ജി.സി.എ അനുമതിയാണ് ഇതിലൂടെ അവര്‍ക്ക് ലഭിച്ചത്. 16 ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ ഡ്രോണ്‍ പറത്താനും ത്രീഡി മാപ്പിംഗ്, സര്‍വ്വേ ,ഏരിയല്‍ സിനിമാട്ടോഗ്രാഫി, ഡ്രോണ്‍ അസംബ്ലി ആന്‍ഡ് പ്രോഗ്രാമിംഗ് എന്നിവയിലാണ് ഇവര്‍ നൈപുണ്യം നേടിയത്.
ഡിജിറ്റല്‍ പോട്രെയ്റ്റുകള്‍, ഹാന്‍ഡ് പോര്‍ട്രെയ്റ്റുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ വിപണനം നടത്തി ചിത്രകാരന്മാര്‍ക്ക് ആഗോളതലത്തില്‍ വാണിജ്യ സാധ്യത തുറന്നു കൊടുക്കുന്ന ജില്ലയില്‍ നിന്നുള്ള സംരംഭം ഫാബസ് ഫ്രെയിംസിന്റെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബികയും ഫാബസ് ഫ്രെയിംസ് സ്ഥാപകന്‍ ശ്രീരാഗും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സി.ഇ.ഒ അനൂപ് അംബിക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ലൈവ് ലോ സ്ഥാപകന്‍ അഡ്വ. പി.വി. ദിനേശ്, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ്, ടെക്‌ജെനിഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍, എഫ്.സി റോവറിലെ ഫിറോസ്, എന്‍ട്രി ആപ്പ് സ്ഥാപകന്‍ മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ വിവിധ സെഷനുകളിലായി പങ്കെടുത്തു. ഡ്രോണ്‍ എക്‌സ്‌പോ, വര്‍ക്ക്‌ഷോപ്പുകള്‍, ചാറ്റ് ജി.ടി.പി വര്‍ക്ക്‌ഷോപ്പ്, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കുള്ള കരിയര്‍ ക്ലിനിക്ക്, സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ തുടങ്ങി വിവിധ പരിപാടികളാണ്് ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഒരുക്കിയത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ മലബാര്‍ റീജിയണ്‍ കോര്‍ഡിനേറ്റര്‍ സയ്യിദ് സവാദ് സ്വാഗതവും ലീപ് കോര്‍ഡിനേറ്റര്‍ അരുണ്‍ ഗിരീഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it