ഹൊസങ്കടി: കൂലിത്തൊഴിലാളിയെ മുറിക്കകത്താക്കി ഷട്ടര്‍ താഴ്ത്തുകയും ഗ്ലാസ് തകര്‍ത്ത് പതിനഞ്ചായിരം രൂപ കവര്‍ന്ന ശേഷം കടക്ക് തീവെച്ചതായും പരാതി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഹൊസങ്കടിയിലാണ് സംഭവം. ഹൊസങ്കടി ആനക്കല്ല് റോഡില്‍ അബ്ദുല്‍ അസീസും പാര്‍ട്ട്ണര്‍മാരും ചേര്‍ന്ന് നടത്തുന്ന ഹോം സെന്റര്‍ കടയിലാണ് കവര്‍ച്ച. കര്‍ണ്ണാടക സ്വദേശിയായ കൂലിത്തൊഴിലാളി രവിയെയാണ് മുറിക്കകത്താക്കിയത്. കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏണി മുറിയില്‍ സ്ഥിരമായി താമസിച്ചു വരികയായിരുന്നു രവി. എന്നും ഷട്ടര്‍ ഉയര്‍ത്തിയായിരുന്നു ഇവിടെ കിടക്കാറ്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ ഷട്ടര്‍ ഉയര്‍ത്തി നോക്കിയപ്പോഴാണ് രവിയെ അകത്ത് കണ്ടെത്തിയത്.
കടയുടെ സമീപത്ത് ഉണ്ടായിരുന്ന ഇരുമ്പ് ഗ്രില്‍ കെട്ടിടത്തിലേക്ക് ചാരി വെച്ച് രണ്ടാ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ, ഒരാള്‍ക്ക് കടന്ന് പോകാന്‍ മാത്രം പാകത്തില്‍ ഗ്ലാസ് മുറിച്ച് മാറ്റിയതിന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. സംഘം അകത്ത് കയറി മേശ വലിപ്പില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നു. കടയില്‍ സൂക്ഷിച്ച ടി.വികളുടെ ഗ്ലാസുകള്‍ കല്ല് കൊണ്ട് വരഞ്ഞിട്ടുണ്ട്. കടയുടെ അകത്തെ സി.സി.ടി.വി ക്യാമറ മറച്ച് വെക്കുകയും വയറുകള്‍ മുറിച്ച് മാറ്റിയ നിലയിലുമാണ്. ഹാര്‍ഡ് ഡിസ്‌ക് കവര്‍ന്നിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശേഷമാണ് തീവെച്ചതെന്ന് കരുതുന്നത്. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം കടയുടെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറിയാണ് തീ അണച്ചത്.