സേവനത്തിന്റെ ഗ്രാമീണ മുഖം

സേവനം ജീവിതചര്യയാക്കിയ ഒരു വ്യക്തിയുടെ ജീവിത കഥയിലേക്ക് വെളിച്ചം വീശാനാണ് ഈ ലേഖനം. ഒരു പ്രദേശത്തിന്റെ ആശയുടെ കിരണമായി രണ്ടു പതിറ്റാണ്ട് കാലമായി ഒരു ഗ്രാമത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഫൈസല്‍ എന്ന 'പള്ളു' ചെമ്മനാട് ആണ് ഈ വ്യക്തിത്വം. ചെയ്ത സേവനങ്ങളും ചെയ്യുന്ന സേവനങ്ങളും ആരും അറിയാതെ ആരെയും അറിയിക്കാതെ പള്ളുവിന്റെ കഥ തുടരുകയാണ്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുന്‍ വശത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ ഒരു ശവസംസ്‌കാരം നടക്കുകയാണ്. മരിച്ചത് കോവിഡ് രോഗിയായത് കൊണ്ട് ആഞ്ചു പേരാണ് […]

സേവനം ജീവിതചര്യയാക്കിയ ഒരു വ്യക്തിയുടെ ജീവിത കഥയിലേക്ക് വെളിച്ചം വീശാനാണ് ഈ ലേഖനം. ഒരു പ്രദേശത്തിന്റെ ആശയുടെ കിരണമായി രണ്ടു പതിറ്റാണ്ട് കാലമായി ഒരു ഗ്രാമത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഫൈസല്‍ എന്ന 'പള്ളു' ചെമ്മനാട് ആണ് ഈ വ്യക്തിത്വം. ചെയ്ത സേവനങ്ങളും ചെയ്യുന്ന സേവനങ്ങളും ആരും അറിയാതെ ആരെയും അറിയിക്കാതെ പള്ളുവിന്റെ കഥ തുടരുകയാണ്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുന്‍ വശത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ ഒരു ശവസംസ്‌കാരം നടക്കുകയാണ്. മരിച്ചത് കോവിഡ് രോഗിയായത് കൊണ്ട് ആഞ്ചു പേരാണ് സംസ്‌കരണ ചടങ്ങുകള്‍ നടത്തുന്നത്. നാല് പെണ്‍മക്കള്‍ മാത്രമുള്ള കുടുംബത്തിലെ അമ്മയാണ് ആ മരിച്ച വ്യക്തി. പള്ളുവിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേവകരാണ് അവിടെയുണ്ടായിരുന്നത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ നിസ്സാരമായി പള്ളു പറഞ്ഞത് ഇതിനു മുമ്പും കോവിഡ് രോഗികളെ സംസ്‌കരിക്കുന്ന ജോലി ഞങ്ങള്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു. കോവിഡിന്റെ ആരംഭത്തോടെയാണ് പള്ളുവിന്റെ സേവനം ചെമ്മനാട് ഗ്രാമം പോലും അറിയുന്നത്. ആ ദിവസങ്ങളില്‍ മുപ്പതു-നാലപതുകളോളം വീടുകളിലെ ആവശ്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. മഞ്ചേശ്വരത്തെ ഉള്‍പ്രദേശങ്ങള്‍ തൊട്ട് നീലേശ്വരം വരെ മരുന്നുകള്‍ വിതരണം ചെയ്യാനും മറ്റു ആവിശ്യസാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും പള്ളുവിന് സാധിച്ചിരുന്നു.
ചെമ്മനാട് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഇലക്രീഷ്യനാണ് പള്ളു. ഇവിടുത്തെ പ്രസിദ്ധമായ മഫ്ജാക്കേര്‍സ് എന്നാ സാമൂഹ്യ സംഘടനയിലൂടെ ആദ്യകാല ജനസെക്രട്ടറിയായിയാണ് പൊതുജന സേവന രംഗത്ത് ഇറങ്ങുന്നത്. ഈ സംഘടനയിലൂടെ നിര്‍ധരരായ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തു വരികയും സാമ്പത്തിക പരിമിധി മൂലം പകുതിയില്‍ നിര്‍ത്തേണ്ടിവന്ന വീടുകളുടെ പണി പൂര്‍ത്തികരിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലപഴക്കം കൊണ്ട് അപകടപരമായ അവസ്ഥയിലുള്ള നിരവധി വീടുകള്‍ പുതുക്കി പണിയാന്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയും അത്തരം വീടുകള്‍ പുതുക്കി പണിയുകയും ചെയ്തു.
ബദിയടുക്ക പഞ്ചായത്തിലെ ബിര്‍മിനടുക്കയിലെ ഹരിജന്‍ കുടുബത്തിന് പള്ളു നല്‍കിയ സഹായങ്ങള്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ആ വീട്ടിലെ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കാനും പഴയ ആ വീടിനെ പുതുക്കി പണിയാനും പള്ളു നേതൃത്വം നല്‍കി.
കഴിഞ്ഞ പ്രളയകാലത്ത് പള്ളുവിന്റെ സേവനകരങ്ങള്‍ വയനാട്ടിലെക്കും എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും നീണ്ടിരുന്നു. മാഫ്ജാക്കേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രണ്ട് ട്രക്ക് ഭക്ഷ്യകിറ്റുകള്‍ വയനാട്ടില്‍ വിതരണം ചെയ്തു. ഇതിനു ജനമൈത്രി പൊലിസിന്റെ സഹായമുണ്ടായിരുന്നു. ഏറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പത്തു ദിവസം ഇവര്‍ സേവന രംഗത്തുണ്ടായിരുന്നു. നിരവധി വീടുകള്‍ ക്ലീനിംഗ് ചെയ്യാനും നൂറോളം വീടുകളിലെ തകര്‍ന്ന ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ ശരിയാക്കി കൊടുക്കാനും ഇവര്‍ക്ക് സാധിച്ചു. മികച്ച ഇലക്ട്രീഷ്യന്‍ എന്ന നിലയില്‍ തന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ച് കൊണ്ട് നിരവധി വീടുകളിലെ തടസ്സപെട്ട വൈദ്യുതിയുടെ ഉപയോഗം ശരിപ്പെടുത്തി കൊടുത്തു. 4വര്‍ഷം മുമ്പ് ചെന്നൈയിലെ പ്രളയകാലത്ത് മുപ്പതോളം കുടുംബങ്ങള്‍ക്ക് താല്‍കാലിക താമസ സൗകര്യം നിര്‍മിച്ചു നല്‍കിയത് തമിഴ് പത്രങ്ങളില്‍ വലിയ വാര്‍ത്ത പ്രാധാന്യം നല്‍കിയിരുന്നു. ജില്ലാ കലോത്സവത്തില്‍ ഫുഡ് കമ്മിറ്റിയിലെ സാന്നിധ്യവും പ്രവര്‍ത്തനവും എല്ലാവരാലും അംഗീകരിക്കപെട്ടു. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെസ്‌വ എന്നാ സംഘടന ബദിയടുക്കയില്‍ പാവപെട്ടവര്‍ക്ക് നല്‍കാനായി നിര്‍മ്മിക്കുന്ന പതിമൂന്നു വീടുകളുടെ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ജോലിയും ഫൈസല്‍ എന്നാ പള്ളുവില്‍ നിക്ഷിപ്തമായിരുന്നു. ഏകദേശം 75 ലക്ഷം കണക്കാക്കിയ ഈ പദ്ധതിയില്‍ നിര്‍മിച്ച ഒന്‍പത് വീടുകളുടെ വിതരണം നടന്നു കഴിഞ്ഞു.
ഇപ്പോള്‍ മഫ്ജാക്കേര്‍സ് സംഘടനയുടെ വെല്‍ഫയര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറായി നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് കാലത്തെ സേവനങ്ങളെ മാനിച്ചു കൊണ്ട് പള്ളുവിനെ നിരവധി സംഘടനകള്‍ ആദരിച്ചിരുന്നു. സമീപ കാലത്ത് ജില്ലയിലെ കോവിഡ് സേവന രംഗത്തെ ഏറ്റവും മികച്ച പ്രവര്‍ത്തകനുള്ള അവാര്‍ഡ് പള്ളുവിനാണ് ലഭിച്ചത്.
ചെമ്മനാട് മുണ്ടാങ്കുലത്തു താമസിക്കുന്ന ഫൈസല്‍ എം.എ. എന്ന പള്ളു പ്രദേശത്തെ നിരവധി വീടുകളിലെ ഒരംഗം പോലെയാണ്. ഏത് അവസ്ഥയിലും തന്നെ സമീപിക്കുന്നവരെ സഹായിക്കാന്‍ പള്ളുവും തയ്യാറാണ്. വലിയ സേവനങ്ങള്‍ ചെറിയൊരു പ്രദേശത്ത് ഒതുങ്ങി പോയത് കൊണ്ട് പുറം ലോകം ഏറെയൊന്നും അറിയപെടാത്ത പള്ളുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. സേവനത്തിലൂടെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തപ്പെടട്ടേ...

Related Articles
Next Story
Share it