മഴ പെയ്യുന്നു വിഷാദാര്‍ദ്രമായി

മഴ പോലെ മനസ്സിനെ മതിപ്പിക്കുന്നൊരു ഗൃഹാതുരത്വമുണ്ടാവില്ല. ആയിരം കാര്യങ്ങളില്‍ മനസ്സ് സങ്കടപ്പെടുന്ന കാലത്തും മഴമാത്രം മനസ്സിനെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു. മഴയെ നോക്കിയിരിക്കുമ്പോള്‍ മാത്രം തീര്‍ന്നുപോകുന്ന നൊമ്പരങ്ങളുണ്ട്. മഴ നോക്കിയിരിക്കാന്‍ മാത്രം മാറ്റിവെക്കപ്പെടുന്ന ചില സമയങ്ങളുണ്ട് നമുക്ക്. കണക്കുകൂട്ടലുകളില്‍ എവിടെയുമില്ലാതിരുന്ന കോവിഡു മഹാമാരിയില്‍ ലോക്ക് ചെയ്തു വീട്ടിലിരിക്കുമ്പോള്‍ മഴ നമ്മുടെ അടുത്ത കൂട്ടുകാരനായി മാറുന്നുണ്ട്. പുറത്തുപെയ്യുന്ന ഓരോ മഴതുള്ളിയും നഷ്ടപ്പെട്ടുപോയ ബാല്യത്തെ തിരികെ തരികയാണ്. തകര്‍ത്തുപെയ്യാനാണ് ഭാവമെങ്കില്‍ മൂടിപുതിച്ചുറങ്ങാനാണ് തീരുമാനമെന്ന സോഷ്യല്‍ മീഡിയക്കാരന്റെ വാചകം ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു. എവിടെയും പോകാനില്ല […]

മഴ പോലെ മനസ്സിനെ മതിപ്പിക്കുന്നൊരു ഗൃഹാതുരത്വമുണ്ടാവില്ല. ആയിരം കാര്യങ്ങളില്‍ മനസ്സ് സങ്കടപ്പെടുന്ന കാലത്തും മഴമാത്രം മനസ്സിനെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു. മഴയെ നോക്കിയിരിക്കുമ്പോള്‍ മാത്രം തീര്‍ന്നുപോകുന്ന നൊമ്പരങ്ങളുണ്ട്. മഴ നോക്കിയിരിക്കാന്‍ മാത്രം മാറ്റിവെക്കപ്പെടുന്ന ചില സമയങ്ങളുണ്ട് നമുക്ക്.
കണക്കുകൂട്ടലുകളില്‍ എവിടെയുമില്ലാതിരുന്ന കോവിഡു മഹാമാരിയില്‍ ലോക്ക് ചെയ്തു വീട്ടിലിരിക്കുമ്പോള്‍ മഴ നമ്മുടെ അടുത്ത കൂട്ടുകാരനായി മാറുന്നുണ്ട്. പുറത്തുപെയ്യുന്ന ഓരോ മഴതുള്ളിയും നഷ്ടപ്പെട്ടുപോയ ബാല്യത്തെ തിരികെ തരികയാണ്.
തകര്‍ത്തുപെയ്യാനാണ് ഭാവമെങ്കില്‍ മൂടിപുതിച്ചുറങ്ങാനാണ് തീരുമാനമെന്ന സോഷ്യല്‍ മീഡിയക്കാരന്റെ വാചകം ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു. എവിടെയും പോകാനില്ല പത്തുമണിവരെ മൂടിപുതച്ചുകിടക്കാം. വേണമെങ്കില്‍ ബ്രൈക്ക് ഫാസ്റ്റൊക്കെ കഴിച്ച് പിന്നെയും കിടക്കാം. പുറത്തുമഴ തകര്‍ത്തുപെയ്യുമ്പോള്‍ അകത്തിരുന്ന് മഴയുടെ പാട്ടുകേള്‍ക്കാന്‍ വല്ലാത്ത സുഖമാണ്. പലതും നമ്മെ മടുപ്പിച്ച കാലത്തും മഴമാത്രം മടുപ്പില്ലാത്ത ലഹരിയായി തുടരുകയാണ്. നട്ടുച്ചയ്ക്കുപോലും ഇരുട്ട് സമ്മാനിക്കുന്ന മഴചിത്രങ്ങള്‍ വല്ലാത്തൊരനുഭൂതിയാണ്. ബസുകളില്ലാത്ത റോഡും സ്‌കൂള്‍ കുട്ടികളില്ലാത്ത നിരത്തും നഷ്ടങ്ങളുടേതാണെങ്കിലും താറിട്ടറോഡില്‍ ചിത്രംവരച്ച് മഴ ചില നഷ്ടങ്ങളെയൊക്കെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നുണ്ട്.
കുട ചൂടിയ കുട്ടികളില്ല, കുട്ടിപ്പട്ടാളമായി ആയിരം കുടകളോടെ ബസ് കാത്തുനില്‍ക്കുന്ന കുട്ടികൂട്ടങ്ങളില്ല. സ്‌കൂളിന്റെ വരാന്തയില്‍ അക്ഷരങ്ങളുടെ കടലിളക്കമില്ല, മാഷും ടീച്ചേര്‍സുമൊക്കെ വീട്ടിലാണ്. പക്ഷെ മഴ മാത്രം സ്‌കൂള്‍ മുറ്റത്തിരുന്ന് കഥ പറയുകയാണ്.
നിങ്ങളും ഓര്‍ക്കുന്നില്ലേ....കുട ചൂടി സ്‌കൂളിലേക്ക് വന്ന ആ നിമിഷങ്ങള്‍. നമ്മുടെ കുട മാത്രം നിവര്‍ത്തിവയ്ക്കാന്‍ സ്ഥലമില്ലാതായപ്പോള്‍ സങ്കടപ്പെട്ടുപോയ ആ ഓര്‍മ്മ നിങ്ങളുടെ മനസ്സിലുമില്ലേ. ഓര്‍ക്കാന്‍ പോലും ഓര്‍മ്മകള്‍ സമ്മാനിക്കാനാവാതെ പുതിയ കുട്ടികള്‍ക്കുമുന്നില്‍ സ്‌ക്കൂളുകള്‍ സങ്കടപ്പെട്ട് തല താഴ്ത്തി നില്‍ക്കുന്നു.
സ്‌കൂളിലേക്ക് മക്കളെ കൈപിടിക്കേണ്ട മാതാപിതാക്കളൊക്കെ ഈ മഴക്കാലത്ത് വീട്ടിനുള്ളിലാണ്. മൊബൈല്‍ ഫോണ്‍ സ്‌കൂളുകളായി മാറിയ കാലത്ത് കുത്തിയൊലിക്കുന്ന മഴവെള്ളത്തിന്റെ സുഗന്ധമാസ്വദിക്കാനാവാതെ, കുടയുടെ മുകളിലിരുന്ന് പാടുന്ന മഴയുടെ പാട്ടാസ്വദിക്കാനാവാതെ അവര്‍ പുതിയ ലോകത്ത് പുതിയ മനുഷ്യരാവുന്നു.
ചെളി പുരണ്ട ഡ്രസ്സും നെഞ്ചോട് ചേര്‍ത്ത ബുക്കും അവരുടെ ഓര്‍മ്മയില്‍ ഇല്ലാതാവും ചിലപ്പോള്‍. കോവിഡ് നമ്മുടെ എത്ര മഴക്കാലത്തെയായിരിക്കും കൊണ്ടുപോവുക എന്ന് ആര്‍ക്കും പറയാനാവുന്നില്ല. ടൗണ്‍ നിശ്ചലമാണ്. മൂടി പുതച്ച ബസില്ല, മഴയെപേടിച്ച് ഇടയ്ക്കിടെ സാധനങ്ങള്‍ വാരികൂട്ടി ഓടിപോകുന്ന തെരുവ് കച്ചവടക്കാരുടെ ചിത്രങ്ങളുമില്ല. എന്തിനധികം മഴയെ തോല്‍പ്പിക്കാന്‍ വേണ്ടി മഴ നനഞ്ഞ് ബൈക്കോടിച്ചിരുന്ന ടീനേജുകാരന്‍ പോലും വീട്ടിനുള്ളില്‍ ഗെയിം കളിക്കുകയാണ്.
ഇതുപോലെ സങ്കടപ്പെട്ട് ഞാനൊരിക്കലും പെയ്തിട്ടില്ലെന്ന് മഴ പറയുന്നുണ്ട്.
***
ഒന്നിച്ച് മഴ നനഞ്ഞ കാമ്പസ് കാലം പറഞ്ഞറിയിക്കാനാവാത്ത സുഖമായിരുന്നുവെന്ന് അവള്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രണയത്തോടൊപ്പം പെയ്ത മഴക്കാലത്തിനത്രയും അവളുടെ കുസൃതിയായിരുന്നു. ഇന്ന് ഓരോ മഴതുള്ളിയും അവളെ ഓര്‍മ്മിപ്പിക്കുകയാണ്.
എന്റെ മഴക്കുറിപ്പുകളൊക്കെ അവള്‍ക്ക് പെരുത്തിഷ്ടമായിരുന്നു. ഇന്ന് ഞങ്ങള്‍ ഒന്നിച്ച് മഴ നനഞ്ഞ കാമ്പസും കാമ്പസ് മുറ്റത്തെ തണല്‍ മരവും അനാഥമാണ്. ഒറ്റയ്ക്ക് പെയ്യുന്ന മഴ ഓരോന്നും ഓര്‍മ്മിപ്പിക്കുമ്പോള്‍ പോയ കാലങ്ങളെ എന്നെ പോലും അവളും ഓര്‍ത്തെടുക്കുന്നുണ്ടാകുമോ എന്തോ. പ്രിയപ്പെട്ടവളെ... ഈ മഴയത്തെങ്കിലും നീ നമ്മുടെ ഇന്നലെയെ ഓര്‍ക്കുന്നുണ്ടാകുമെന്ന് വിശ്വസിച്ചോട്ടെ. എന്റെ മനസ്സിലെ എല്ലാ കവിതകളെയും നീ ഒറ്റയ്ക്കിരുന്ന് പാടുന്നുണ്ടാകുമെന്ന് ഞാന്‍ ആഗ്രഹിച്ചോട്ടെ.
എന്നെപോലെ നിനക്കും മഴ ഒരുപാട് ഇഷ്ടമായിരുന്നല്ലോ, നീ സമ്മാനിച്ച കുടയും കുടയിലെ തണലും ആ കടലാസു തോണിയും ഇപ്പോഴും എന്റെ കയ്യിലുണ്ട്.
***
പുഴ നിറയും കടല്‍ മറിയും വയലും വീടും വെള്ളം നിറഞ്ഞ് അഴക് പകരും. മഴയും പ്രകൃതിയുമൊന്നും മാറിയിട്ടില്ല. നമ്മള്‍ മാത്രമാണ് വീട്ടിനുള്ളിലായിപോയത്. ഒരു കോവിഡും മഴയെ ഉപദ്രവിച്ചിട്ടില്ല. ഒരു വൈറസും പുഴയെ കുത്തിനോവിച്ചിട്ടില്ല, ഒരു മഹാമാരിയും കടലിന് കത്തിവെച്ചിട്ടില്ല. രോഗങ്ങളൊന്നും മരങ്ങളെ കശാപ്പ് ചെയ്യാറില്ല. അതൊക്കെ മനുഷ്യന്റെ മാത്രം ക്രൂരതകളാണ്.
മഴേ...നീ പെയ്യുക...വെറുതെയിരിക്കുന്ന ഈ കാലത്ത് ഞങ്ങള്‍ നിന്നെ നോക്കി അങ്ങനെ ഇരുന്നോട്ടെ...

Related Articles
Next Story
Share it