നാട്ടുകാരെ വാര്‍ത്ത കേള്‍പ്പിച്ച ബോവിക്കാനത്തെ റേഡിയോ പവലിയന്‍ അനാഥാവസ്ഥയില്‍

ബോവിക്കാനം: ഒരു കാലത്ത് നാട്ടുകാരെ രാജ്യകാര്യങ്ങളും ലോക കാര്യങ്ങളും കേള്‍പ്പിച്ച ബോവിക്കാനത്തെ റേഡിയോ പവലിയന്‍ അനാഥാവസ്ഥയില്‍. മുപ്പത് വര്‍ഷത്തിലേറെയായി ഇതൊരു കാഴ്ച വസ്തുവാണ്. സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി വര്‍ഷത്തില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച റേഡിയോ പവലിയന്‍ ആണിത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരാണ് ഇതിന് ഇട്ടിരിക്കുന്നത്. മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോകുന്ന വഴിയരികിലാണ് ഇതുള്ളത്. 1974ന്റെ പിറവി ദിനത്തില്‍ അന്നത്തെ പഞ്ചായത്ത് ഡയരക്ടര്‍ എം. സുബ്ബയ്യന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയും […]

ബോവിക്കാനം: ഒരു കാലത്ത് നാട്ടുകാരെ രാജ്യകാര്യങ്ങളും ലോക കാര്യങ്ങളും കേള്‍പ്പിച്ച ബോവിക്കാനത്തെ റേഡിയോ പവലിയന്‍ അനാഥാവസ്ഥയില്‍. മുപ്പത് വര്‍ഷത്തിലേറെയായി ഇതൊരു കാഴ്ച വസ്തുവാണ്. സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി വര്‍ഷത്തില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച റേഡിയോ പവലിയന്‍ ആണിത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരാണ് ഇതിന് ഇട്ടിരിക്കുന്നത്. മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോകുന്ന വഴിയരികിലാണ് ഇതുള്ളത്. 1974ന്റെ പിറവി ദിനത്തില്‍ അന്നത്തെ പഞ്ചായത്ത് ഡയരക്ടര്‍ എം. സുബ്ബയ്യന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും കൂടിയായിരുന്ന അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് മേലത്ത് നാരായണന്‍ നമ്പ്യാരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഈ പവലിയനില്‍ നിന്ന് റേഡിയോ പരിപാടികള്‍ ശ്രവിച്ച ആളുകള്‍ ഇപ്പോഴുമുണ്ട്. റേഡിയോ സാര്‍വത്രികമാകാതിരുന്ന കാലത്ത് ഇവിടുത്തെ പഞ്ചായത്ത് വക റേഡിയോയില്‍ നിന്നാണ് നാട്ടുകാര്‍ വാര്‍ത്തകളും മറ്റു പരിപാടികളും കേട്ടിരുന്നത്. ഒരു ഓപ്പറേറ്ററും പഞ്ചായത്ത് വക ഉണ്ടായിരുന്നു. നല്ല ഉച്ചത്തിലായിരുന്നു റേഡിയോ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതുകൊണ്ട് പരിസര പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും പരിപാടികള്‍ കേള്‍ക്കാമായിരുന്നു. ദൂരെ ദിക്കിലുള്ളവര്‍ വൈകുന്നേരങ്ങളില്‍ വാര്‍ത്ത കേള്‍ക്കാനായി ഇവിടേക്ക് നടന്നുവന്ന് പവലിയന്‍ പരിസരത്ത് സംഗമിക്കുമായിരുന്നു. തിരഞ്ഞെടുപ്പ്, നേതാക്കളുടെ മരണം, യുദ്ധം, ബന്ദ് തുടങ്ങിയ വാര്‍ത്തകളെല്ലാം നാട്ടുകാര്‍ ഈ പവലിയനില്‍ നിന്നാണ് കേട്ടത്. റേഡിയോ കേള്‍വിക്കാരുടെ കൂട്ടായ്മകളും ഉണ്ടായിരുന്നു. മുമ്പ് റേഡിയോക്കും ലൈസന്‍സ് വേണമായിരുന്നു. സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു അത്.
ചരിത്രത്തിന്റെ ഭാഗമായ ഈ പവലിയന്‍ സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഇതിനകത്ത് മാലിന്യവും കൊണ്ടിട്ടിരിക്കുന്നു. ചുറ്റുപാടും വൃത്തിഹീനമാണ്. പുതിയ തലമുറയ്ക്ക് വേണ്ടി അത് സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പെര്‍ളയിലും ഇതുപോലൊരു പവലിയന്‍ ഉണ്ടായിരുന്നു. അത് റോഡ് വികസനത്തിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് പൊളിച്ചു നീക്കി.

Related Articles
Next Story
Share it