കുമ്പള: മംഗല്പാടി, കുമ്പള, പൈവളിഗെ പഞ്ചായത്തുകളില്‍ മുസ്ലിംലീഗില്‍ പ്രശ്നം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടുപോലും മൂന്ന് പഞ്ചായത്തുകളിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
മംഗല്പാടി, കുമ്പള പഞ്ചായത്തുകളില്‍ യു.ഡി.എഫും പൈവളിഗെ പഞ്ചായത്ത് എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. കുമ്പള പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ കോയിപ്പാടി കടപ്പുറത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിംലീഗ് അംഗവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ എം. സബൂറ കഴിഞ്ഞ ദിവസം രാജിക്കൊരുങ്ങിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കുമ്പള ബസ് സ്റ്റാന്റിലെ ശൗചാലയവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ തരംതാഴ്ത്തി സംസാരിച്ചതാണ് സബൂറയെ ചൊടിപ്പിച്ചത്. ചില നേതാക്കള്‍ ഇടപെട്ട് സബൂറയെ രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചെങ്കിലും പ്രശ്നം അടങ്ങിയിട്ടില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പൈവളിഗെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ സിറന്തടുക്കയില്‍ നിന്നുള്ള അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ സിയാസുനിഫ രാജിവെച്ചത്. ഇവിടെയും പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കളുടെ ചില കാര്യങ്ങളിലുള്ള ഇടപെടല്‍ മൂലമുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്.
അതേ സമയം മംഗല്പാടി പഞ്ചായത്ത് പ്രസിഡണ്ട് അഴിമതി നടത്തിയെന്നാരോപിച്ച് നേരത്തെ ചില നേതാക്കള്‍ രംഗത്തുവന്നതോടെ ഒന്നരവര്‍ഷക്കാലം പഞ്ചായത്തില്‍ ഭരണം തന്നെ സ്തംഭനത്തിലായിരുന്നു. ഇതിന് പരിഹാരം കാണാന്‍ വേണ്ടി പലതവണ യോഗങ്ങള്‍ നടത്തിയെങ്കിലും പ്രശ്നം ഉന്തിലും തള്ളിലും കയ്യാങ്കളിയിലും വരെ എത്തിയിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിനെ രാജിവെപ്പിച്ച് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തു. എന്നിട്ടും ചില അംഗങ്ങള്‍ പുതിയപ്രസിഡണ്ടിനെ മാറ്റണമെന്ന് ആവശ്യമുയര്‍ത്തി. ഇതേ തുടര്‍ന്ന് ജില്ലാ നേതാക്കള്‍ ഇടപെട്ട് പ്രശ്നമുണ്ടാക്കുന്ന പഞ്ചായത്തംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും താക്കീത് നല്‍കുകയും ചെയ്തു. ഇതുസംബന്ധിച്ച പ്രശ്നവും ഇടക്കിടെ പുകയുന്നുണ്ട്. തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം മംഗല്പാടി, കുമ്പള പഞ്ചായത്തുകളിലെ ചില അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നതായുള്ള വിവരം ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ഒടുവില്‍ രാജി പിന്‍വലിക്കാന്‍ ശ്രമം; സമയം കഴിഞ്ഞതായി സെക്രട്ടറി
പൈവളിഗെ: പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജി പിന്‍വലിക്കാന്‍ പൈവളിഗെ പഞ്ചായത്ത് രണ്ടാം വാര്‍ഡംഗം സിയാസുന്നിസ ശ്രമം നടത്തിയെങ്കിലും അതിനുള്ള സമയം കഴിഞ്ഞതായി സെക്രട്ടറി അറിയിക്കുകയുണ്ടായി. സ്പീഡ് പോസ്റ്റ് വഴി ലഭിച്ച രാജിക്കത്ത് സ്വീകരിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായുമാണ് പഞ്ചായത്ത് സെക്രട്ടറി സിയാസുന്നിസയെ അറിയിച്ചത്. ചില ഉന്നത നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സിയാസുന്നിസ രാജി പിന്‍വലിക്കാന്‍ ശ്രമം നടത്തിയതെന്നറിയുന്നു.